la liga
കുതിപ്പ് തുടര്‍ന്ന് ബാഴ്‌സ, കിതച്ചുവീണ് റയല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 May 10, 03:15 am
Thursday, 10th May 2018, 8:45 am

നൗകാമ്പ്: ലാലിഗയില്‍ കറ്റാലന്‍ കരുത്തരായ ബാഴ്‌സലോണയുടെ കുതിപ്പ് തുടരുന്നു. വിയ്യാറയലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സ ലീഗില്‍ ഒരു ജയം കൂടി അക്കൗണ്ടിലാക്കി. അതേസമയം റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ റയല്‍ സെവിയ്യയോട് തോറ്റു.

ബാഴ്‌സയ്ക്കായി ഡിംബാലെ ഇരട്ടഗോള്‍ നേടിയപ്പോള്‍ മെസി,കുടീഞ്ഞോ, പൗളിഞ്ഞോ എന്നിവര്‍ ശേഷിച്ച ഗോളുകള്‍ സ്വന്തമാക്കി. നിക്കോള സന്‍സെനയുടെ വകയായിരുന്നു വിയ്യാറയലിന്റെ മറുപടി.

കളി തുടങ്ങി 10 മിനിറ്റില്‍ തന്നെ ബാഴ്‌സ കുടീഞ്ഞോയിലൂടെ ആദ്യ ഗോള്‍ നേടി. 16 ാം മിനിറ്റില്‍ മറ്റൊരു ബ്രസീല്‍ താരം പൗളിഞ്ഞോയിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. 45ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍.

 

രണ്ടാം പകുതിയില്‍ സന്‍സെനയുടെ ഗോളില്‍ വിയ്യാറയലിന്റെ മറുപടി ഒതുങ്ങി. കളി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ഡിംബാല നേടിയ രണ്ട് ഗോളുകള്‍ വിയ്യാറയലിന്റെ പെട്ടിയിലെ അവസാനത്തെ ആണിയും തറച്ചു.

ALSO READ:   പ്ലേ ഓഫ് സാധ്യത നിലനിറുത്തി മുംബൈ; കൊല്‍ക്കത്തയ്ക്കെതിരെ 102 റണ്‍സിന്റെ വമ്പന്‍ ജയം

ലാലിഗ ഈ സീസണില്‍ പരാജയമറിയാതയാണ് ബാഴ്‌സയുടെ കുതിപ്പ്. സീസണില്‍ ഇനി അവശേഷിക്കുന്ന രണ്ട് മത്സരം കൂടി തോല്‍ക്കാതിരുന്നാല്‍ അപരാജിതരായി ഒരു ലാലിഗ സീസണ്‍ അവസാനിപ്പിക്കുന്ന ആദ്യ ടീമാകും ബാഴ്‌സ.

 

അതേസമയം മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് സെവിയ്യയോട് പരാജയപ്പെട്ടു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ അപ്രതീക്ഷിത തോല്‍വി. തോല്‍വിയോടെ റയല്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.

പരിക്കേറ്റ റൊണാള്‍ഡോയില്ലാതെ കളിക്കാനിറങ്ങിയ റയല്‍ അവസാനമിനിറ്റുകളിലാണ് രണ്ട് ഗോള്‍ തിരിച്ചടിച്ചത്. മയോരാളും റാമോസുമായിരുന്നു റയലിന്റെ സ്‌കോറര്‍മാര്‍. സെവിയ്യക്കായി യെഡെര്‍, ലായൂന്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ റാമോസിന്റെ സെല്‍ഫ് ഗോളിലായിരുന്നു റയലിനെ ചതിച്ചത്.

WATCH THIS VIDEO: