| Thursday, 20th April 2023, 8:20 pm

പൊറോട്ട ആണുങ്ങള്‍ക്ക് മാത്രം കൊടുക്കുന്നതിന്റെ നീതികേടിനെക്കുറിച്ചാണ് അനാര്‍ക്കലി പറഞ്ഞത്, അതുതന്നെയാണ് റിമയും പറയാന്‍ ശ്രമിച്ചത്: ലാലി പി.എം.

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനാര്‍ക്കാലി മരിക്കാറിനെതിരെ സോഷ്യല്‍ മീഡിയയിലുയരുന്ന വിദ്വേഷ കമന്റുകള്‍ക്ക് മറുപടിയുമായി നടിയും ആക്ടിവിസ്റ്റുമായ ലാലി പി.എം. ആഘോഷങ്ങള്‍ക്ക് വേണ്ടി വീട്ടില്‍ ഒത്തുകൂടുമ്പോള്‍ കുറച്ച് മാത്രം ഉണ്ടാക്കുന്ന പൊറോട്ട പുരുഷ അംഗങ്ങള്‍ക്ക് കൊടുക്കാനും സ്ത്രീകള്‍ക്ക് ചോറ് കൊടുക്കാനും തീരുമാനിക്കുന്നതിലെ നീതികേടിനെ കുറിച്ചാണ് അനാര്‍ക്കലി പറയാന്‍ ശ്രമിച്ചതെന്നും അത് തന്നെയാണ് കുറച്ച് നാള്‍മുമ്പ് റിമ കല്ലിങ്കല്‍ പറയാന്‍ ശ്രമിച്ചതെന്നും അനാര്‍ക്കലിയുടെ അമ്മ കൂടിയായ ലാലി പി.എം. പറഞ്ഞു.

അനാര്‍ക്കലിയെയോ റിമയെയോ കളിയാക്കാന്‍ അല്ല താന്‍ ആ ലിങ്ക് ഷെയര്‍ ചെയ്തതെന്നും തന്റെ കുട്ടിയെ അത്രയും സ്വാതന്ത്ര്യ ബോധത്തോടെ തന്നെ വളര്‍ത്തിയതാണെന്നും ലാലി പി.എം. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

ഒരു പ്രൊമോഷന്‍ അഭിമുഖത്തിനിടയിലായിരുന്നു അനാര്‍ക്കലിയുടെ പരാമര്‍ശങ്ങള്‍. ‘എന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകള്‍ക്ക് ശേഷമാണ് പൊറോട്ട ഒക്കെ കഴിക്കുന്നത്. പൊറോട്ടയും ചോറും ഉണ്ടാകും. പൊറോട്ട ആണുങ്ങള്‍ക്ക് കൊടുക്കും. അത് ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് കഴിക്കാം. അതൊക്കെ എന്റെ ഫ്രണ്ട്സ് പറയുന്നത് കേട്ടിട്ടുണ്ട്’ എന്നാണ് ഒരു അഭിമുഖത്തില്‍ അനാര്‍ക്കലി പറഞ്ഞത്.

‘പൊരിച്ച മീനിന് ഇനി കുറച്ച് വിശ്രമിക്കാം എന്ന് തോന്നുന്നു. വരുന്നത് പൊറോട്ടയുടെ നാളുകൾ,’ എന്ന ക്യാപ്ഷനോടെ ലാലി പി.എമ്മും ഈ അഭിമുഖം പങ്കുവെച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വളരെ ചെറിയ മനോവ്യാപാരങ്ങളും പ്രവര്‍ത്തനമണ്ഡലങ്ങളും ഉള്ള ഒരു കുഞ്ഞു കുട്ടിക്ക് അവന്റെ പൊട്ടിയ ബലൂണും കിട്ടാതെ പോയ കോഴിക്കാലും രുചിയുടെ ത്രാസില്‍ തൂക്കി നോക്കിയപ്പോള്‍ ചോറിനേക്കാള്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്ന പൊറോട്ടയും ഒക്കെ സങ്കടങ്ങള്‍ തന്നെയാണ്. നിങ്ങളുടെ ഇപ്പോഴത്തെ സാമൂഹ്യ ചിന്തകന്റെയൊ ആക്ടിവിസ്റ്റിന്റെയോ കണ്ണില്‍ക്കൂടി നോക്കിയാല്‍ ‘ഓ അതാണോ ഇപ്പോള്‍ വലിയ വിഷയം? ലോകത്ത് എത്രയോ മനുഷ്യര്‍ പട്ടിണി കിടക്കുന്നു. ചോറെങ്കിലും കിട്ടിയില്ലേ എന്ന് സമാധാനിക്കൂ’ എന്നൊക്കെ പറയാന്‍ തോന്നും.

ഏതെങ്കിലും ആഘോഷങ്ങള്‍ക്ക് ഒന്നിച്ചുകൂടിയ ഒരു കൂട്ടുകുടുംബത്തിലെ ആണ്‍മക്കളുടെയും പെണ്‍മക്കളുടെയും ഒരേ പ്രായത്തിലുള്ള കുട്ടികളെ സങ്കല്‍പ്പിക്കുക. അതില്‍ ആണും പെണ്ണും ഉണ്ടാകാം. നമ്മുടെയൊക്കെ കുടുംബത്തില്‍ ശീലിച്ചിട്ടുള്ളത് പോലെ ഭക്ഷണം വിളമ്പുമ്പോള്‍ ആദ്യം വീട്ടിലെ പുരുഷ അംഗങ്ങള്‍ക്ക് വിളമ്പുക അവര്‍ക്കൊപ്പം ആണ്‍കുട്ടികളെയും ഇരുത്തുക.

കുറച്ച് മാത്രം ഉണ്ടാക്കിയ പൊറോട്ടയും കറിയും ഒക്കെ അവര്‍ക്കും വിളമ്പി വീട്ടിലെ സ്ത്രീ അംഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചോറും മതിയല്ലോ എന്നൊരു തീരുമാനത്തില്‍ വീട്ടിലെ മുതിര്‍ന്നവര്‍ എത്തി എന്ന് വിചാരിക്കുക ഈ തീരുമാനം മിക്കവാറും വീട്ടിലെ മുതിര്‍ന്ന സ്ത്രീകളുടേത് തന്നെയാകും അതും ഉറപ്പാണ്. പുരുഷന്മാര്‍ക്ക് ഇതില്‍ ഒരു പങ്കും ഉണ്ടാവില്ല അതും ശരിയാണ്. കാരണം സമൂഹത്തിലെ രണ്ടാം തരം പൗരന്മാരായി സ്ത്രീകളെ പ്രതിഷ്ഠിക്കാന്‍ എല്ലാവിധ പരിശീലനവും കൊടുത്താണ് പുരുഷാധിപത്യം ഓരോ സ്ത്രീയെയും വളര്‍ത്തിയെടുക്കുന്നത്.

ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിലെ അവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായ ദേഷ്യത്തെക്കുറിച്ചും വിഷമത്തെക്കുറിച്ചും പരാതിയെക്കുറിച്ചും ആണ് അനാര്‍ക്കലി ഒരു ഇന്റര്‍വ്യൂവില്‍ പറയാന്‍ ശ്രമിച്ചത്. അത് ചിലപ്പോള്‍ അവള്‍ പൊറോട്ട കഴിക്കാത്തത് കൊണ്ടോ കാണാത്തതുകൊണ്ടോ അല്ല. കുറച്ചു മാത്രം ഉള്ള പൊറോട്ട ആണ്‍കുട്ടികള്‍ക്ക് കൊടുക്കാം എന്ന് തീരുമാനിക്കുന്നതിന്റെ നീതികേടിനെ കുറിച്ചാണ് അവള്‍ പറയുന്നത്. അതുതന്നെയായിരുന്നു കുറെ നാള്‍ മുമ്പ് റിമ കല്ലിങ്കലും പറയാന്‍ ശ്രമിച്ചത്. അത് അവര്‍ക്ക് സാഹചര്യത്തില്‍ ഉണ്ടായ വിഷമമാണ് ഇങ്ങനെയുള്ള അനേകം വിവേചനങ്ങള്‍ കണ്ടതില്‍ ഒന്ന് പറഞ്ഞതാണ്.

അതിനെ നിങ്ങള്‍ തിന്നിട്ട് എല്ലിന് ഇടയില്‍ കയറിയതെന്നോ, ഒരു പൊറോട്ടയോ പൊരിച്ച മീനോ ഒരു വലിയ വിഷയമാണോ എന്നോ, ലോകത്ത് അനേകം പട്ടിണിപ്പാവങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ ഇവളുമാരുടെ കുത്തല്‍ എന്നോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ അനുഭവിച്ച ഒരു വിവേചനത്തെ പറ്റി ഓര്‍മ്മയുണ്ടെങ്കില്‍ അന്നത്തെ മാനസികാവസ്ഥയിലേക്ക് തിരിച്ചു പോയാലേ പറ്റൂ.

അനാര്‍ക്കലിയെയോ റിമയെയോ കളിയാക്കാന്‍ അല്ല ഞാന്‍ ആ ലിങ്ക് ഷെയര്‍ ചെയ്തത്. എന്റെ കുട്ടിയെ ഞാന്‍ അത്രയും സ്വാതന്ത്ര്യ ബോധത്തോടെ തന്നെ വളര്‍ത്തിയതാണ്. അങ്ങനെ ഒരു വിവേചനം അനുഭവിച്ചാല്‍ അപ്പോള്‍ തന്നെ അതിനു സമാധാനം ചോദിക്കാന്‍ അവള്‍ പ്രാപ്തയുമാണ്.

Content Highlight: Lali PM responds to hateful comments on social media against Anarkali Marikar

We use cookies to give you the best possible experience. Learn more