| Wednesday, 5th June 2024, 1:37 pm

അവന്‍ മത്സരങ്ങള്‍ നന്നായി വിലയിരുത്തുന്നു; ഗംഭീറിന് പിന്തുണയുമായി ലാല്‍ചന്ദ് രാജ്പുത്

സ്പോര്‍ട്സ് ഡെസ്‌ക്

ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുന്നതോടെ ജൂലൈ മുതല്‍ 2027 ഡിസംബര്‍ വരെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആരാണ് എത്തുക എന്ന് ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നിരവധി പേര്‍ പരിശീലക സ്ഥാനത്തേക്ക് ആപ്ലിക്കേഷന്‍ അയച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സജീവമാണ്. ഐ.പി.എല്ലില്‍ 2024ലില്‍ കൊല്‍ക്കത്തയുടെ മെന്‍ഡറായി ഗംഭീര്‍ തിരിച്ചെത്തിയതോടെ ഫ്രാഞ്ചൈസി മൂന്നാം കിരീടം നേടിയിരുന്നു.

2007ല്‍ ഇന്ത്യയെ ടി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മുന്‍ ഇന്ത്യന്‍ കോച്ച് ലാല്‍ചന്ദ് രാജ്പുത് പുതിയ ഇന്ത്യന്‍ ഹെഡ് കോച്ചിനെ തെരഞ്ഞടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ഇതോടെ ലാല്‍ചന്ദ് ഗൗതം ഗംഭീറിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.

‘ഗംഭീര്‍ പരിചയസമ്പന്നനാണ്, കായികരംഗത്ത് കഠിനമായ രീതിയില്‍ കളിച്ചിട്ടുണ്ട്. അവന്‍ ഗെയിം നന്നായി വിലയിരുത്തുന്നു, ഒരു വിഡ്ഢിത്തവുമില്ലാത്ത ആളാണ്. കൗശലക്കാരനായ തന്ത്രശാലി കൂടിയാണ് അദ്ദേഹം. ഒരു കളിക്കാരനെന്ന നിലയില്‍ രണ്ട് ലോകകപ്പ് കിരീടങ്ങള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ വിപുലമായ അനുഭവം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം മൂല്യമുണ്ട്.

അദ്ദേഹം ഹെഡ് കോച്ച് സ്ഥാനത്തേക്ക് യോഗ്യനാണ്. പക്ഷെ അന്തിമ തീരുമാനം എടുക്കേണ്ടത് ബി.സി.സി.ഐയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനുള്ള ശരിയായ വ്യക്തിയാണ് അദ്ദേഹം എന്ന് തോന്നുന്നു,’ രാജ്പുത് തുടര്‍ന്നു.

അതേസമയം ഇന്ത്യ ഇന്ന് ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്നത്.

Content Highlight: Lalchand Rajput Talking About Gautham Gambhir

We use cookies to give you the best possible experience. Learn more