ന്യൂദല്‍ഹി: സ്വീഡനിലെ ഭീകരാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. സമയം കിട്ടുമെങ്കില്‍ സ്വന്തം രാജ്യത്തെ കാര്യം കൂടി നോക്കണമെന്നായിരുന്നു മോദിയുടെ ട്വീറ്റിന് മറുപടി ട്വീറ്റുമായി ലാലുപ്രസാദ് എത്തിയത്.
വെള്ളിയാഴ്ച സ്വീഡനില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ഗോരക്ഷാ സേനയുടെ ആക്രമണത്തിനിരയായി ക്ഷീര കര്‍ഷകന്‍ മരിച്ചപ്പോഴും അതിന് മുമ്പ് രാജ്യത്ത് സമാന ആക്രമണങ്ങളുണ്ടായപ്പോഴും മൗനം പാലിച്ച മോദിയുടെ നടപടിക്കുള്ള മറുപടിയായിരുന്നു ലാലുവിന്റെ ട്വീറ്റ്.
“സ്റ്റോക്ഹോമില്‍ നടന്ന് ആക്രമണത്തില്‍ അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു” എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
We condemn the attack in Stockholm. My thoughts are with the families of the deceased & prayers with those injured. @SwedishPM
— Narendra Modi (@narendramodi) April 7, 2017
മോദിയുടെ ട്വീറ്റിന് ട്വിറ്ററിലൂടെ തന്നെയാണ് ലാലു മറുപടി നല്‍കിയത്. “ഇത്തരം ആക്രമണങ്ങളില്‍ അപലപിക്കുന്നതിനേക്കാള്‍ സമയം ലഭിക്കുകയാണെങ്കില്‍ താങ്കളുടെ മൂക്കിനു താഴെ ഭാരതാംബയുടെ മക്കള്‍ക്ക് നേരെ വലതു തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ കൂടി അപലപിക്കൂ” എന്നായിരുന്നു ലാലുവിന്റെ മറുപടി.
If ever get free time than consider to condemn such attacks also on innocent sons of “Mother India” by rightist goons right under ur nose https://t.co/Wp15NJAQi7
— Lalu Prasad Yadav (@laluprasadrjd) April 8, 2017
സ്വീഡനിലെ ആക്രമണത്തെ അപലപിച്ച രംഗത്തെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധരരാജ് സിന്ധ്യക്കും ട്വീറ്ററില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. സ്വന്തം സംസ്ഥാനത്ത് നടന്ന അക്രമത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിക്കെതിരെ സച്ചിന്‍ പൈലറ്റും മറ്റു നിരവധിയാളുകളുമാണ് വിമര്‍ശനവുമായെത്തിയത്.