മണിരത്‌നം ചിത്രം പരാജയപ്പെട്ടപ്പോള്‍ വിഷമം തോന്നി, നേരില്‍ കണ്ടപ്പോള്‍ അതിനെ പറ്റി ചോദിച്ചു: ലാല്‍
Film News
മണിരത്‌നം ചിത്രം പരാജയപ്പെട്ടപ്പോള്‍ വിഷമം തോന്നി, നേരില്‍ കണ്ടപ്പോള്‍ അതിനെ പറ്റി ചോദിച്ചു: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th June 2023, 11:51 pm

മണിരത്നത്തിന്റെ വലിയ ആരാധകനാണ് താനെന്ന് പറയുകയാണ് നടന്‍ ലാല്‍. അദ്ദേഹത്തിന്റെ കണ്ണത്തില്‍ മുത്തമിട്ടാള്‍ എന്ന ചിത്രം പരാജയപ്പെട്ടത് തന്നിക്ക് വിഷമമുണ്ടാക്കി എന്നും അദ്ദേഹത്തോട് തന്നെ അതിനെ പറ്റി ചോദിച്ചുവെന്നും ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.

‘ഞാന്‍ മണിരത്നത്തിന്റെ വലിയ ആരാധകനാണ്. അഗ്നിനക്ഷത്രം എന്ന ചിത്രം ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ആ ചിത്രത്തേക്കാള്‍ കൂടുതല്‍ ഞാന്‍ കണ്ടത് യവനികയാകാനേ സാധ്യതയുള്ളൂ. യവനിക ഞാന്‍ ഒരു 80 തവണ കണ്ടിട്ടുണ്ടാകും. ഏകദേശം അത്രയും തവണ തന്നെ ഞാന്‍ അഗ്നി നക്ഷത്രം കണ്ടിട്ടുണ്ട്.

അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ എന്റെ ആഗ്രഹമാണ് മണിരത്നം സിനിമകളില്‍ അഭിനയിക്കുക എന്നുള്ളത്. കണ്ണത്തില്‍ മുത്തമിട്ടാള്‍ എന്ന ചിത്രം എനിക്ക് വളരെ ഇഷ്ട്ടമാണ്. ആ ചിത്രം തമിഴ് നാട്ടില്‍ പരാജയം ആയിരുന്നെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അതെനിക്ക് വളരെ വിഷമം ഉണ്ടാക്കി. ഇത്രയും നല്ലൊരു സിനിമ എന്തുകൊണ്ട് പരാജയം ആയെന്ന് എനിക്കറിയില്ല. അപ്പോള്‍ എനിക്ക് അദ്ദേഹത്തോട് അതിനെപ്പറ്റി ചോദിക്കണം എന്നുണ്ടായിരുന്നു.

ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ മുതല്‍ എനിക്ക് സുഹാസിനിയെ പരിചയമുണ്ട്. എനിക്ക് മണിരത്നം സാറിനോട് സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്ന് സുഹാസിനിയോട് പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് ചിത്രം ഇഷ്ട്ടമായെന്ന് പറഞ്ഞു. അതിനൊപ്പം എന്തുകൊണ്ടാണ് ‘കണ്ണത്തില്‍ മുത്തമിട്ടാള്‍’ വിജയിക്കാതെ പോയതെന്ന് അദ്ദേഹത്തോട് ചോദിച്ചു. അതെ തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് തന്നെയാണ് അദ്ദേഹവും പറഞ്ഞത്.

സംസാരത്തിനിടയില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയും ചെയ്തു. പുതിയ പ്രൊജക്റ്റ് വരുമ്പോള്‍ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു,’ ലാല്‍ പറഞ്ഞു.

പൊന്നിയിന്‍ സെല്‍വന്‍ സെറ്റില്‍ നിന്നും പ്രഷര്‍ താങ്ങാനാവാതെ ഇറങ്ങി പോയതിനെ പറ്റിയും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഷൂട്ടിങ് സെറ്റില്‍ ചെന്ന ആദ്യത്തെ ദിവസം തന്നെ ഞാന്‍ വിരണ്ട് പോയി. ഒരു രാജാങ്കണത്തില്‍ പടയാളികളും, രാജാക്കന്മാരും ഒക്കെയുള്ള സെറ്റ് ആയിരുന്നു അത്. അന്ന് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. കുറച്ച് നേരം നിന്നിട്ട് എനിക്ക് പ്രഷര്‍ താങ്ങാന്‍ കഴിഞ്ഞില്ല. എനിക്ക് പറ്റുന്നില്ല ഞാന്‍ ഇറങ്ങുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരണം എല്ലാവരും വലിയ ആര്‍ട്ടിസ്റ്റുകളാണ്.

കമല്‍ ഹാസനും രജനീകാന്തും ഒഴികെയുള്ള എല്ലാ ആര്‍ട്ടിസ്റ്റുകളും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം വളരെ നിസ്സാരമായിട്ടാണ് അതൊക്കെ കൈകാര്യം ചെയ്തത്. ഒരു ചെറുപ്പക്കാരനെപോലെ അദ്ദേഹം അതുവഴി ഓടി നടക്കുകയായിരുന്നു. അതൊക്കെ വളരെ വലിയൊരു കാര്യമാണ്,’ ലാല്‍ പറഞ്ഞു.

Content Highlight: lal talks about manirathnam’s kannathil muthamittal movie