സിദ്ദിഖ് – ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1991ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഗോഡ്ഫാദര്‍. സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിച്ചത്. എന്‍.എന്‍. പിള്ള, മുകേഷ്, തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, ഫിലോമിന, കനക, ജഗദീഷ്, സിദ്ദിഖ്, കെ.പി.എ.സി. ലളിത തുടങ്ങിയ മികച്ച താരനിര ഒന്നിച്ച സിനിമയായിരുന്നു ഗോഡ്ഫാദര്‍.
1991ല്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ഒരേ തിയേറ്ററില്‍ 400ല്‍ അധികം ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നിട്ടും ആളുകള്‍ അതിനെ കുറിച്ച് പറയാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലാല്‍. ഹ്യൂമറുണ്ടെങ്കില്‍ അതിന് വാല്യു കുറവായിരിക്കുമെന്നും മിമിക്രി പടമെന്ന് പറഞ്ഞ് എപ്പോഴും ഒരു ഡീഗ്രേഡിങ്ങ് ഉണ്ടാകുമെന്നുമാണ് ലാല്‍ പറയുന്നത്. അന്തിമഴൈ ടി.വി എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആളുകള്‍ ഈ കാര്യത്തെ കുറിച്ച് അധികം സംസാരിക്കാത്തത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍, എപ്പോഴും ഹ്യൂമറുണ്ടെങ്കില്‍ അതിന് വാല്യു കുറച്ച് കുറവായിരിക്കും. ഹ്യൂമര്‍ പടമാണോ, അത് മിമിക്രി പടം അല്ലെങ്കില്‍ കോമഡി പടം എന്നാണ് ആളുകള്‍ പറയുക. അങ്ങനെ പറഞ്ഞ് എപ്പോഴും ഒരു ഡീഗ്രേഡിങ്ങ് ഉണ്ടാകും. നല്ല സീരിയസായ ഒരു സിനിമ എടുത്ത് അത് അത്ര നന്നായി ഓടിയില്ലെങ്കില്‍ പോലും അതിനെ കുറിച്ച് ആളുകള്‍ പിന്നെയും സംസാരിക്കും. അതാണ് കാര്യം,’ ലാല്‍ പറഞ്ഞു.
തങ്ങളുടെ ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിങ്ങിനെ കുറിച്ചും സംവിധായകന്‍ അഭിമുഖത്തില്‍ സംസാരിച്ചു. കഥ എഴുതുമ്പോള്‍ ആ സിനിമയിലേക്ക് മോഹന്‍ലാലിനെ ആയിരുന്നു മനസില്‍ കണ്ടതെന്നും എന്നാല്‍ തങ്ങളുടെ ഗുരുവായ സംവിധായകന്‍ ഫാസില്‍ വലിയ ആര്‍ട്ടിസ്റ്റുകളുടെ പിന്നാലെ പോകരുതെന്ന് പറയുകയായിരുന്നു എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ ആ കഥ എഴുതുമ്പോള്‍ മോഹന്‍ലാലിനെ മനസില്‍ കണ്ടായിരുന്നു. പക്ഷെ അന്ന് ഫാസില്‍ സാര്‍ പറഞ്ഞത് ‘വലിയ ആര്‍ട്ടിസ്റ്റുകളുടെ പിന്നാലെ പോകരുത്’ എന്നായിരുന്നു. ഫാസില്‍ സാര്‍ ആദ്യം ചെയ്ത സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ്. അതില്‍ എല്ലാവരും പുതിയ ആളുകളായിരുന്നു. ആ സിനിമ ഹിറ്റായ ശേഷം ആരെ കാസ്റ്റ് ചെയ്തും സിനിമയെടുക്കാമായിരുന്നു. വഴിയില്‍ കൂടെ പോകുന്ന ആളുകളെ വെച്ച് പോലും അദ്ദേഹത്തിന് സിനിമ ചെയ്യാമായിരുന്നു. അതിന് പ്രൊഡ്യൂസേഴ്സ് തയ്യാറാകുമായിരുന്നു,’ ലാല്‍ പറഞ്ഞു.
Content Highlight: Lal Talks About Godfather Movie