| Monday, 15th July 2024, 5:19 pm

മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ചിത്രം; വലിയ ആര്‍ട്ടിസ്റ്റുകളുടെ പിന്നാലെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കൂട്ടുക്കെട്ടാണ് സിദ്ദീഖ് – ലാല്‍ കൂട്ടുക്കെട്ട്. ഇരുവരും ചേര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിച്ച സിനിമകളൊക്കെ വലിയ ഹിറ്റായിരുന്നു. സിദ്ദീഖ് – ലാല്‍ കൂട്ടുക്കെട്ടില്‍ ആദ്യമായി എത്തിയ ചിത്രമായിരുന്നു റാംജി റാവു സ്പീക്കിങ്ങ്. ഈ സിനിമയെ കുറിച്ച് പറയുകയാണ് ലാല്‍. അന്തിമഴൈ ടി.വി എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ റാംജി റാവു സ്പീക്കിങ്ങായിരുന്നു. അത് സൂപ്പര്‍ ഹിറ്റായിരുന്നു. ഞങ്ങളുടെ ഗുരുവായ ഫാസില്‍ സാറായിരുന്നു ആ സിനിമ പ്രൊഡ്യൂസ് ചെയ്തത്. ഞാനും സിദ്ദീഖും ഫാസില്‍ സാറിന്റെ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തവരായിരുന്നു. ‘അടുത്ത ഓണത്തിന് നിങ്ങളുടെ സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്യാം. നിങ്ങള്‍ എഴുതൂ’ എന്ന് അദ്ദേഹം ഒരു ദിവസം ഞങ്ങളോട് പറഞ്ഞു.

പക്ഷെ ഞങ്ങള്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് ആ സിനിമ ചെയ്തത്. കാരണം ഞങ്ങള്‍ക്ക് അത്ര കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമ ഓക്കെയാണെങ്കില്‍ അത് വെച്ച് അടുത്ത നാല് സിനിമകള്‍ ഫ്‌ളോപ്പാണെങ്കില്‍ പോലും വീണ്ടും അടുത്ത പ്രൊജക്റ്റ് കിട്ടും. ആദ്യത്തെ ആ സിനിമ ചെയ്ത ആളെന്ന പേര് ഉണ്ടാകും. എന്നാല്‍ ആദ്യ സിനിമ ഫ്‌ളോപ്പാണെങ്കില്‍ രണ്ടാമത്തെ സിനിമ ലഭിക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. അതുകൊണ്ടായിരുന്നു ഞങ്ങള്‍ കുറച്ച് സമയമെടുത്തത്.

ഞങ്ങള്‍ ആ കഥ എഴുതുമ്പോള്‍ മോഹന്‍ലാലിനെ മനസില്‍ കണ്ടായിരുന്നു. പക്ഷെ അന്ന് ഫാസില്‍ സാര്‍ പറഞ്ഞത് ‘വലിയ ആര്‍ട്ടിസ്റ്റുകളുടെ പിന്നാലെ പോകരുത്’ എന്നായിരുന്നു. ഫാസില്‍ സാര്‍ ആദ്യം ചെയ്ത സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ്. അതില്‍ എല്ലാവരും പുതിയ ആളുകളായിരുന്നു. ആ സിനിമ ഹിറ്റായ ശേഷം ആരെ കാസ്റ്റ് ചെയ്തും സിനിമയെടുക്കാമായിരുന്നു. വഴിയില്‍ കൂടെ പോകുന്ന ആളുകളെ വെച്ച് പോലും അദ്ദേഹത്തിന് സിനിമ ചെയ്യാമായിരുന്നു. അതിന് പ്രൊഡ്യൂസേഴ്‌സ് തയ്യാറാകുമായിരുന്നു.

അന്ന് ഫാസില്‍ സാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ‘നിങ്ങള്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്ത് ആദ്യ സിനിമ ചെയ്താല്‍ അത് ഹിറ്റാകുമെന്ന് ഉറപ്പാണ്. എന്നാല്‍ പിന്നെയൊരു സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ പോലെയുള്ള ആര്‍ട്ടിസ്റ്റുകളുടെ പിന്നാലെ പോവേണ്ടി വരും. ഈ സിനിമയില്‍ പുതിയ ആളെ വെച്ച് സിനിമ ചെയ്യുകയെന്ന റിസ്‌ക്ക് ഞാനല്ലേ എടുക്കുന്നത്. ഞാനല്ലേ ഈ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. ധൈര്യമായി പുതിയ ആളുകളെ കൊണ്ട് വന്നോളൂ’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് റാംജി റാവു സ്പീക്കിങ്ങ് എന്ന സിനിമ ഉണ്ടാകുന്നത്.


Content Highlight: Lal Talks About Director Faasil

We use cookies to give you the best possible experience. Learn more