|

എന്തുകൊണ്ട് എന്നെ ധനുഷിനൊപ്പം കാസ്റ്റ് ചെയ്തുവെന്ന് ചോദിച്ചു; മറുപടിയില്‍ ഞാന്‍ ഇന്നും കണ്‍വിന്‍സ്ഡല്ല: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാരി സെല്‍വരാജ് സംവിധാനം ചെയ്ത് കലൈപുലി എസ്. താണു നിര്‍മിച്ച ചിത്രമായിരുന്നു കര്‍ണന്‍. 2021ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ധനുഷായിരുന്നു നായകന്‍. രജിഷ വിജയന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു കര്‍ണന്‍.

സിനിമയില്‍ മലയാള നടനും സംവിധായകനുമായ ലാലും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. യമരാജ എന്ന ശക്തമായ കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. താന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ യമരാജയെ പോലെ ശക്തമായ കഥാപാത്രത്തിലേക്ക് ഒരിക്കലും മറ്റൊരു ഭാഷയില്‍ നിന്നുള്ള നടനെ കൊണ്ടുവരില്ലെന്ന് പറയുകയാണ് ലാല്‍.

എന്തുകൊണ്ടാണ് തന്നെ ഈ സിനിമയില്‍ കാസ്റ്റ് ചെയ്തത് സംവിധായകനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അതിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ താന്‍ ഇപ്പോഴും കണ്‍വിന്‍സ്ഡല്ലെന്നും ലാല്‍ പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ ഒരിക്കലും അതിലെ പവര്‍ഫുള്ളായ കഥാപാത്രത്തിലേക്ക് മറ്റൊരു ഭാഷയില്‍ നിന്നുള്ള നടനെ കൊണ്ടുവന്നിട്ട് അഭിനയിപ്പിക്കില്ല. ആ പടത്തിലെ നായകന്‍ വേണമെങ്കില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രമാണെന്ന് പറയാം. ധനുഷാണ് കൂടെയുള്ളതെങ്കില്‍ പോലും അങ്ങനെ തന്നെ പറയാം. അന്ന് ഞാന്‍ സംവിധായകനോട് ഒരു കാര്യം ചോദിച്ചിരുന്നു.

എന്തുകൊണ്ടാണ് എന്നെ നിങ്ങള്‍ ഈ സിനിമയില്‍ കാസ്റ്റ് ചെയ്തത് എന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്. ‘അയാളെ അവിടുത്തെ ഒരു സാധാരണ ആളായി തോന്നണം. പക്ഷെ അവിടെയുള്ള ആരെ കൊണ്ടുവന്നിട്ടും അങ്ങനെ തോന്നുന്നില്ല. ലാല്‍ സാറിനെ കൊണ്ടുവന്നാല്‍ അത് കറക്ടാകുമെന്ന് തോന്നി’ എന്നുള്ള ഒരു ഒഴുക്കന്‍ മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. എന്നാല്‍ ഞാന്‍ ഇപ്പോഴും അതില്‍ കണ്‍വിന്‍സ്ഡല്ല,’ ലാല്‍ പറയുന്നു.

കര്‍ണന്‍:

ലാലിനും ധനുഷിനും രജിഷ വിജയനും പുറമെ യോഗി ബാബു, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, നാട്ടി സുബ്രഹ്‌മണ്യം എന്നിവരും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

1995ല്‍ തമിഴ്‌നാട്ടിലെ കൊടിയന്‍കുളം എന്ന സ്ഥലത്ത് നടന്ന ജാതി അക്രമങ്ങളുടെ സ്വാധീനത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും വലിയ വിജയം നേടാന്‍ കര്‍ണന് സാധിച്ചിരുന്നു. 2021ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കര്‍ണന്‍.

Content Highlight: Lal Talks About Dhanush’s Karnan Movie And Mari Selvaraj

Latest Stories