പണ്ട് സിദ്ദീഖുമായുണ്ടായിരുന്ന കെമിസ്ട്രി സംവിധാനത്തില്‍ മകനുമായി പോലും കിട്ടുന്നില്ലെന്ന് ലാല്‍. താനും ജീന്‍ പോളും ഒന്നിച്ചൊരു ചിത്രം ചെയ്യാന്‍ ശ്രമിച്ചെങ്കിലും രണ്ടാം ദിനത്തില്‍ തന്നെ അത് നടക്കില്ലെന്ന് മനസിലായെന്നും ലാല്‍ പറഞ്ഞു. സിദ്ദീഖിനും തനിക്കുമിടയില്‍ ഒരുപാട് കാര്യങ്ങള്‍ മാറിപ്പോയിട്ടുണ്ടെന്നും ബിഹൈന്ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.
‘ജീനുമായി ഒന്നിച്ചൊരു സിനിമ ചെയ്യില്ല. അവര്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം കൊടുക്കണമെന്ന് തോന്നി. അതിനിടക്ക് ഞങ്ങള്‍ രണ്ട് പേരും കൂടി ഒരു പടം ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ അത് ശരിയാവില്ല എന്ന് തുടങ്ങി രണ്ടാമത്തെ ദിവസം മനസിലായി. അവന്‍ പിന്നെ ആ ഏരിയയിലേക്ക് വന്നിട്ടില്ല. അത് ഞാന്‍ തന്നെയാണ് ചെയ്തത്.
ഞങ്ങള്‍ രണ്ട് പേരും ഒരു കാര്യത്തെ രണ്ട് രീതിയിലാണ് കാണുന്നത്. ഞാനും സിദ്ദീഖും അക്കാര്യത്തില്‍ മാച്ചാവുമായിരുന്നു. ആ കെമിസ്ട്രി പക്ഷേ മകനായിട്ട് പോലും മാച്ചാവുന്നില്ല. അതുകൊണ്ട് അവന് അവന്റെ വഴി എന്ന് പറയുന്നതാണ് നല്ലത് എന്നെനിക്ക് തോന്നി.
അന്ന് എടോ മറ്റേത് ഇങ്ങനെ എടുത്താലോ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ മറ്റേത് എന്താണെന്നും ഇങ്ങനെ എന്താണെന്നും സിദ്ദീഖിന് മനസിലാവുമായിരുന്നു. കാരണം ഞങ്ങള്‍ താമസിക്കുന്നത് ഒരുമിച്ചാണ്. സുഹൃത്തുക്കളെല്ലാം ഒന്നാണ്. ഞങ്ങള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ ഒന്നാണ്.
ഇപ്പോള്‍ സിദ്ദീഖിന്റെയും എന്റേയും സുഹൃത്തുക്കള്‍ വേറെയാണ്. ഞങ്ങള്‍ ഫേസ് ചെയ്യുന്ന കാര്യങ്ങള്‍ വേറെയാണ്. മുമ്പ് സിദ്ദീഖ് വീട്ടില്‍ വരുമ്പോള്‍ ഞാന്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ ആ വരാന്‍ പറയും ഞാന്‍. ഇപ്പോള്‍ സിദ്ദീഖ് വന്നാല്‍ ഞാന്‍ ഓടി പുറത്തേക്ക് ചെല്ലും. അവിടെ ഒരു ബഹുമാനം വന്നുപോയി.
പണ്ട് ഉറങ്ങുന്ന സമയമൊഴിച്ചാല്‍ ഞങ്ങള്‍ എപ്പോഴും ഒന്നിച്ചുണ്ടായിരുന്നു. അത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന കെമിസ്ട്രിയാണ്. അതൊക്കെ ഇനി തിരിച്ചെടുക്കാന്‍ പോയാല്‍ വടിയും കുത്തിപ്പിടിച്ച് നിന്ന് സംവിധാനം ചെയ്യേണ്ടിവരും,’ ലാല്‍ പറഞ്ഞു.
Content Highlight: lal talks about chemistry with siddique and jean paul