| Friday, 23rd June 2023, 5:55 pm

എനിക്ക് ജോലിയില്‍ ഭയങ്കര ഭ്രാന്താണ്; എഡിറ്ററെ വിളിച്ച് വരുത്തി മൂന്ന് മണിക്കൊക്കെ ഞാന്‍ വിടാറുള്ളൂ: ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംവിധാനത്തെ കുറിച്ച് തല്‍ക്കാലത്തേക്ക് താനിപ്പോള്‍ ആലോചിക്കുന്നില്ലെന്ന് നടന്‍ ലാല്‍. സംവിധാനം ചെയ്യുന്ന സമയത്ത് താന്‍ തുടര്‍ച്ചയായി പുകവലിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംവിധാനം തല്‍ക്കാലത്തേക്ക് ഞാന്‍ ആലോചിക്കുന്നില്ല. ഞാന്‍ നന്നായി സ്‌മോക്ക് ചെയ്യുന്ന ആളാണ്. ഇപ്പോള്‍ മൂന്ന് മാസമായി സ്‌മോക്കിങ്ങും മദ്യപാനവുമൊക്കെ നിര്‍ത്തിയിരിക്കുകയാണ്. പക്ഷെ അത് എപ്പോള്‍ വേണമെങ്കിലും തുടങ്ങാം. എത്രയോ കാലങ്ങളായി തുടങ്ങി വെച്ചിട്ടുള്ള ഒരു ശീലമാണ്. സംവിധാനം ചെയ്യുന്ന സമയത്ത് ഞാന്‍ തുടര്‍ച്ചയായി സിഗരറ്റ് വലിച്ചുകൊണ്ടിരിക്കും. അത് ശരിയല്ലെന്ന് എനിക്ക് തന്നെ അറിയാം. ഒരു സിഗരറ്റ് കളയുന്നത് അതില്‍ നിന്ന് തീയെടുത്ത് മറ്റൊരു സിഗരറ്റ് കത്തിക്കാന്‍ വേണ്ടിയിട്ട് കൂടി ആയിരിക്കും. അത്രക്ക് പുകവലിക്കുന്ന ഒരാണ് ഞാന്‍,’ ലാല്‍ പറഞ്ഞു.

ജോലിയില്‍ ഭയങ്കരമായ ഭ്രാന്തുള്ള ആളാണ് താനെന്നും രാത്രിയൊക്കെ സീനിനെ കുറിച്ച് ആലോചിക്കുകയും അതിരുന്ന് വരക്കുകയും ചെയ്തതിന് ശേഷം വെളുപ്പിനേ ഉറങ്ങാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

‘ജോലിയില്‍ ഭയങ്കരമായിട്ടുള്ള ഭ്രാന്തുള്ള ആളാണ് ഞാന്‍. രാത്രി ഒന്‍പത് മണി വരെ ഷൂട്ടുണ്ടെങ്കില്‍ അതിന് ശേഷം എഡിറ്ററെ റൂമില്‍ വിളിച്ച് വരുത്തി അയാളുമായിട്ട് അന്ന് എടുത്തത് മുഴുവന്‍ കണ്ട്, എഡിറ്റ് ചെയ്ത് രണ്ട് മൂന്ന് മണിയാകുമ്പോഴേ എഡിറ്ററെ പോകാന്‍ ഞാന്‍ അനുവദിക്കുകയുള്ളൂ. ഇതിന് എല്ലാവരും എന്നെ കുറ്റം പറയാറുണ്ട്. ആ പാവമൊന്ന് പോയി കിടന്ന് ഉറങ്ങട്ടെയെന്ന് എല്ലാവരും പറയാറുണ്ട്. അതിന് ശേഷം പിന്നീട് ഞാന്‍ അടുത്ത ദിവസം എടുക്കാനുള്ള സീനിനെ കുറിച്ച് ആലോചിക്കും. അത് മുഴുവന്‍ ഇരുന്ന് വരക്കും ഷോട്‌സ് വേര്‍ത്തിരിക്കും. എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതിന് ശേഷം വെളുപ്പിനേ ഞാന്‍ കിടന്നുറങ്ങൂ. ആദ്യം ലോക്കേഷനില്‍ വരുന്നതും ഞാനായിരിക്കും. അത് എനിക്ക് താങ്ങാന്‍ പറ്റുന്നതിനും എന്റെ ശരീരത്തിന് താങ്ങാന്‍ പറ്റുന്നതിനും അപ്പുറത്താണെന്ന് പലപ്പോഴും ഞാന്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ആ ഒരു ജോലി അത്ര നല്ലതല്ല,’ ലാല്‍ പറഞ്ഞു.

പൊന്നിയിന്‍ സെല്‍വന്‍ സെറ്റില്‍ നിന്നും പ്രഷര്‍ താങ്ങാനാവാതെ ഇറങ്ങി പോയതിനെ പറ്റിയും ലാല്‍ അഭിമുഖത്തില്‍ സംസാരിച്ചു. ‘ഷൂട്ടിങ് സെറ്റില്‍ ചെന്ന ആദ്യത്തെ ദിവസം തന്നെ ഞാന്‍ വിരണ്ട് പോയി. ഒരു രാജാങ്കണത്തില്‍ പടയാളികളും, രാജാക്കന്മാരും ഒക്കെയുള്ള സെറ്റ് ആയിരുന്നു അത്. അന്ന് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. കുറച്ച് നേരം നിന്നിട്ട് എനിക്ക് പ്രഷര്‍ താങ്ങാന്‍ കഴിഞ്ഞില്ല. എനിക്ക് പറ്റുന്നില്ല ഞാന്‍ ഇറങ്ങുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരണം എല്ലാവരും വലിയ ആര്‍ട്ടിസ്റ്റുകളാണ്.
കമല്‍ ഹാസനും രജനീകാന്തും ഒഴികെയുള്ള എല്ലാ ആര്‍ട്ടിസ്റ്റുകളും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം വളരെ നിസ്സാരമായിട്ടാണ് അതൊക്കെ കൈകാര്യം ചെയ്തത്. ഒരു ചെറുപ്പക്കാരനെപോലെ അദ്ദേഹം അതുവഴി ഓടി നടക്കുകയായിരുന്നു. അതൊക്കെ വളരെ വലിയൊരു കാര്യമാണ്,’ ലാല്‍ പറഞ്ഞു.

Content Highlight: Lal talk about his film direction

We use cookies to give you the best possible experience. Learn more