Entertainment
സിദ്ദിഖിനെ അങ്ങനെയൊരു അവസ്ഥയില്‍ കാണേണ്ടി വരുമെന്ന് കരുതിയില്ല, ഞാനാകെ തകര്‍ന്നുപോയി: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 19, 02:42 pm
Wednesday, 19th February 2025, 8:12 pm

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയവരാണ് സിദ്ദിഖും ലാലും. കലാഭവനിലൂടെ ആരംഭിച്ച സൗഹൃദം ഇരുവരും സിനിമയിലും തുടര്‍ന്നുപോന്നു. ഫാസിലിന്റെ സഹായികളായി പ്രവര്‍ത്തിച്ച ഇരുവരും റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകരായി. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ ഇരുവരും പിന്നീട് പിരിയുകയും ചെയ്തു.

പിരിഞ്ഞതിന് ശേഷവും രണ്ട് പേരും തമ്മിലുള്ള സൗഹൃദം തുടര്‍ന്നുകൊണ്ടേയിരുന്നു. സിദ്ദിഖിന്റെ അവസാനകാലത്ത് അയാളുടെ ആരോഗ്യം മോശമായിരുന്നെന്ന് പറയുകയാണ് ലാല്‍. വയ്യാതായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോഴാണ് സിദ്ദിഖിന്റെ ആരോഗ്യം മോശമാണെന്ന് അറിഞ്ഞതെന്ന് ലാല്‍ പറഞ്ഞു. സ്വന്തം ആരോഗ്യത്തിന്റെ അവസ്ഥ ആരോടും ഒന്നും പറയാതെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നെന്ന് ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഐ.സി.യുവില്‍ ആണെന്നറിഞ്ഞപ്പോള്‍ പോയി കാണാന്‍ തീരുമാനിച്ചെന്നും എന്നാല്‍ ആരെയും അകത്തേക്ക് കടത്തിവിട്ടില്ലെന്നും ലാല്‍ പറയുന്നു. താന്‍ എത്തിയെന്നറിഞ്ഞപ്പോള്‍ തന്നെ അകത്തേക്ക് കടത്തിവിട്ടെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ സിദ്ദിഖിന്റെ അവസ്ഥ കണ്ടപ്പോള്‍ താന്‍ അത്രയും മോശമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ലാല്‍ പറയുന്നു.

ഒരാള്‍ക്ക് വയ്യാതായെന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഒരു രൂപം ചിന്തിച്ചുവെന്നും എന്നാല്‍ അതിനെക്കാള്‍ മോശം അവസ്ഥയിലായിരുന്നു സിദ്ദിഖിന്റേതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. അത് കണ്ട് താന്‍ തകര്‍ന്നുപോയെന്നും തലകറങ്ങി അവിടെ ഇരുന്നെന്നും ലാല്‍ പറഞ്ഞു. തന്നെയും ഡ്രിപ്പിട്ട് കിടത്തിയതിന് ശേഷമാണ് ഓക്കെയായതെന്ന് ലാല്‍ പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ലാല്‍.

‘സിദ്ദിഖിന്റെ ആരോഗ്യം മോശമായ സമയത്തും അയാള്‍ ആരോടും അത് പറഞ്ഞിരുന്നില്ല. രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വയ്യായ്ക കൂടി ആശുപത്രിയില്‍ അഡ്മിറ്റായപ്പോഴാണ് ആരോഗ്യം മോശമാണെന്ന് ഞാനടക്കം പലരും അറിഞ്ഞത്. ഐ.സി.യുവിലാണെന്നറിഞ്ഞപ്പോള്‍ തന്നെ പോയി കാണാന്‍ തീരുമാനിച്ചു. എന്നാല്‍ ആരെയും കാണാന്‍ സമ്മതിച്ചില്ല.

എന്നെ മാത്രം എന്തോ കാരണം കൊണ്ട് അകത്തേക്ക് കടത്തിവിട്ടു. ഒരാള്‍ക്ക് വയ്യാതായി എന്ന് അറിയുമ്പോള്‍ നമ്മുടെ മനസില്‍ അയാളുടെ ഒരു രൂപമുണ്ടാകുമല്ലോ. എന്നാല്‍ അതിനെക്കാള്‍ മോശം അവസ്ഥയിലായിരുന്നു സിദ്ദിഖ്. അത് കണ്ടതും ഞാനാകെ തകര്‍ന്നുപോയി. എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. ഒടുവില്‍ എനിക്ക് ഡ്രിപ്പിട്ട ശേഷമാണ് സാധാരണ നിലയിലേക്കെത്തിയത്,’ ലാല്‍ പറഞ്ഞു.

Content Highlight: Lal shares the memories of director Siddique