Entertainment
'നൊമ്പരങ്ങള്‍ക്ക് സുല്ല്' എന്ന് ആദ്യം പേരിട്ട ഞങ്ങളുടെ സിനിമക്ക് ഫാസില്‍ സാര്‍ പറഞ്ഞ പ്രകാരം പേരുമാറ്റി; ചിത്രം സൂപ്പര്‍ ഹിറ്റ്: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 14, 07:58 am
Friday, 14th February 2025, 1:28 pm

സിദ്ദിഖ് ലാല്‍ ഒരുക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് റാംജിറാവ് സ്പീക്കിങ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത് മുകേഷ്, സായികുമാര്‍, ഇന്നസെന്റ് എന്നിവരായിരുന്നു. നടന്‍ സായികുമാറിന്റെ ആദ്യ സിനിമ കൂടിയാണ് ചിത്രം.

റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ലാല്‍. സംവിധായകന്‍ ഫാസിലാണ് റാംജിറാവ് സ്പീക്കിങ് എന്ന പേര് സജസ്റ്റ് ചെയ്തതെന്നും ആദ്യം കേട്ടപ്പോള്‍ തങ്ങള്‍ക്ക് ആ പേര് ഇഷ്ടമായില്ലെന്നും ലാല്‍ പറയുന്നു.

ആദ്യം ‘നൊമ്പരങ്ങള്‍ക്ക് സുല്ല്’ എന്നായിരുന്നു ആ ചിത്രത്തിന് ഇടാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ കൂടുതല്‍ നന്നായി തോന്നിയത് റാംജിറാവ് സ്പീക്കിങ് എന്ന പേര് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ലാല്‍.

‘ഫാസില്‍ സാറാണ് റാംജിറാവ് സ്പീക്കിങ് എന്ന പേര് സജസ്റ്റ് ചെയ്തത്. റാമോജി റാവു സ്റ്റുഡിയോ ഉണ്ട്. അതില്‍ നിന്ന് എടുത്തിട്ടുള്ള സംഭവമായിരിക്കണം റാംജിറാവ് സ്പീക്കിങ്. കുറച്ച് കാലത്തേക്ക് ഞങ്ങള്‍ക്ക് ആ പേര് കല്ലുകടി ആയിരുന്നു. പിന്നെ ഇരുന്ന് ആലോചിച്ചപ്പോഴാണ് അതാണ് കൃത്യമായിട്ടുള്ള പേരെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നത്.

അതുവരെ നാടക കമ്പനിയുടെയും ദാരിദ്ര്യത്തിന്റെയും കഥ പറഞ്ഞ് വന്നിട്ട് അത് ട്രാക്കിലേക്ക് കയറുന്നത് റാംജി റാവുവിന്റെ ഫോണ്‍ കോള്‍ വരുമ്പോഴാണ്. ആദ്യം ഞങ്ങള്‍ ‘നൊമ്പരങ്ങള്‍ക്ക് സുല്ല്’ എന്നായിരുന്നു പേരിട്ടിരുന്നത്. അപ്പോള്‍ എല്ലാവരും പറഞ്ഞു ആദ്യം തന്നെ സുല്ലിട്ടുകൊണ്ട് തുടങ്ങേണ്ടെന്ന്.

ഞങ്ങളും ഓര്‍ത്തപ്പോള്‍ റാംജിറാവ് സ്പീക്കിങ് എന്ന പേരാണ് ശരിയെന്ന് തോന്നി. കാരണം അത്രയും നേരം ഒരേ ട്രാക്കില്‍ പോയ സിനിമയുടെ യഥാര്‍ത്ഥ കഥ തുടങ്ങുന്നത് ആ ഫോണ്‍ വരുന്നതോടുകൂടിയാണ്. ഈ പേരുതന്നെ ഇട്ടാല്‍ ആളുകള്‍ കരുതുമല്ലോ കോള്‍ വന്നതിന് ശേഷമാണ് ശരിക്കുള്ള സിനിമ തുടങ്ങുന്നതെന്ന്. സിനിമ വലിയ വിജയമായി മാറുകയായിരുന്നു,’ ലാല്‍ പറയുന്നു.

Content highlight: Lal says Director Fasil suggested the name of Ramjiravu speaking