Entertainment
മൊയ്ദീന്‍ ഭായ് ആയി രജിനി, ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ലാല്‍ സലാം- ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 05, 05:02 pm
Monday, 5th February 2024, 10:32 pm

ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജിനികാന്ത് അഭിനയിക്കുന്ന സിനിമയാണ് ലാല്‍ സലാം. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാര്‍. രജിനികാന്ത് അതിഥിവേഷത്തില്‍ എത്തുന്ന സിനിമയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

1990 കാലഘട്ടത്തില്‍ തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. ഹിന്ദു-മുസ്‌ലിം കലാപത്തിന്റെയും അതിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിന്റെയും കഥയാണ് സിനിമ പറയുന്നത്. മൊയ്തീന്‍ ഭായ് എന്ന അധോലോക നേതാവായാണ് രജിനി ലാല്‍ സലാമില്‍ എത്തുന്നത്. ഹിന്ദു-മുസ്‌ലിം സൗഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളായാണ് ട്രെയ്‌ലറില്‍ രജിനിയെ കാണിച്ചിരിക്കുന്നത്.

പഴയകാല കോമഡി നടന്‍ സെന്തിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമ്പി രാമയ്യ, വിവേക് പ്രസന്ന, കെ.എസ്. രവികുമാര്‍, അനന്തിക സെന്തില്‍കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ത്രീ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന ഐശ്വര്യയുടെ മൂന്നാമത്തെ സിനിമയാണ് ലാല്‍ സലാം.

എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. വിഷ്ണു രംഗസാമി ഛായാഗ്രഹണവും, പ്രവീണ്‍ ഭാസ്‌കര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Lal Salam trailer released