3, വെയ് രാജാ വെയ് എന്നീ സിനിമകള്‍ക്ക് ശേഷം ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ലാല്‍ സലാം. രാക്ഷസന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായ വിഷ്ണു വിശാലും വിക്രാന്തുമാണ് സിനിമയിലെ നായകന്മാര്‍. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 30 വര്‍ഷം മുമ്പേ പറഞ്ഞു തുടങ്ങി പ്രേക്ഷകര്‍ക്ക് മടുത്ത കഥയെ മാറ്റമില്ലാതെ അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍.
തമിഴ്‌നാട്ടിലെ മുറാദാബാദ് എന്ന ഗ്രാമത്തില്‍ നടക്കുന്ന ഹിന്ദു മുസ്‌ലിം കലാപവും അതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ക്രിക്കറ്റ് ടീമുകളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. ത്രീ സ്റ്റാര്‍, എം.സി.സി ഈ രണ്ട് ടീമുകളാണ് ആ ഗ്രാമത്തിലുള്ളത്. ഹിന്ദുക്കള്‍ മാത്രമുള്ള എം.സി.സി ടീമിനെ ഇന്ത്യ എന്നും, മുസ്‌ലിങ്ങള്‍ മാത്രമുള്ള ത്രീ സ്റ്റാര്‍ ടീമിനെ പാകിസ്ഥാന്‍ ടീമെന്നുമാണ് ഈ സിനിമയില്‍ പറയുന്നത്. സയിദ് കിര്‍മാനി, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, മുഹമ്മദ് അസറുദ്ദീന്‍, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, മുഹമ്മദ് ഷമി തുടങ്ങിയ മുസ്‌ലിം കളിക്കാര്‍ ഇന്ത്യക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങിയിട്ടുള്ള കാര്യം ഇതിന്റെ രചയിതാക്കള്‍ മറന്നതാണോ അതോ ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ പാടുള്ളൂ എന്ന ചിന്ത കാരണം അങ്ങനെ വന്നതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
സിനിമയിലേക്ക് വന്നാല്‍ ഇതിലെ നായകന്മാരായ തിരുവും ശംസുവും കുട്ടിക്കാലം മുതലേ ശത്രുക്കളാണ്. അതിന്റെ കാരണത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ എഴുത്തുകാര്‍ പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും. ശംസുവിന്റെ അച്ഛനായ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമായാണ് രജിനികാന്ത് ഈ സിനിമയില്‍ എത്തുന്നത്. സിനിമയുടെ തുടക്കത്തില്‍ തന്നെ ഗ്രാമത്തില്‍ ക്രിക്കറ്റ് മത്സരം കാരണം ഹിന്ദു-മുസ്‌ലിം സംഘര്‍ഷം ഉണ്ടാവുന്നതാണ് കാണിക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റിയാണ് സിനിമ പിന്നീട് മുന്നോട്ടു പോകുന്നത്.
ഈ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം ഊതിപ്പെരുപ്പിച്ച് ലാഭം കൊയ്യുന്ന രാഷ്ട്രീയക്കാരുടെ കഥാപാത്രങ്ങളും സിനിമയിലുണ്ട്. എന്നാല്‍ തിരക്കഥയുടെ ബലമില്ലായ്മയില്‍ അവര്‍ക്കും പ്രാധാന്യമില്ലാതാകുന്നുണ്ട്. ജാതിയുടെ പേരില്‍ മുറാദാബാദ് ഗ്രാമത്തിലുള്ളവരോട് അയല്‍ഗ്രാമം കാണിക്കുന്ന വിവേചനവും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ സിനിമ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന കണ്‍ഫ്യൂഷന്‍ പ്രേക്ഷകര്‍ക്ക് ഉണ്ടാകുന്നുണ്ട്. സിനിമയുടെ അവസാനം ഹിന്ദു മുസ്‌ലിം മതസൗഹാര്‍ദം എല്ലാ കാലവും നിലനില്‍ക്കണമെന്ന് രജിനികാന്ത് പറഞ്ഞ് സിനിമ അവസാനിക്കുമ്പോള്‍ കാണുന്ന പ്രേക്ഷകന് യാതൊരു വിധ വികാരവും തോന്നില്ല എന്നതാണ് സത്യം.
രണ്ടരമണിക്കൂര്‍ സിനിമയില്‍ ഒരു മണിക്കൂറോളം രജിനികാന്ത് വരുന്നുണ്ട്. ഇന്‍ട്രോ സീന്‍ ഒഴികെ ബാക്കി ഒരു സീനിലും രജിനിയെ മര്യാദക്ക് ഉപയോഗിക്കാന്‍ സംവിധായികക്ക് കഴിഞ്ഞില്ല. ഇമോഷണല്‍ സീനുകളിലും ക്ലൈമാക്‌സിലെ ആക്ഷന്‍ സീനുകളിലും ഇത്രക്ക് വീക്കായി രജിനിയെ അടുത്തെങ്ങും കണ്ടിട്ടില്ല.
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ ഈ സിനിമയില്‍ ചെയ്ത സംഗീതം ശരാശരി നിലവാരത്തില്‍ മാത്രം ഒതുങ്ങിപ്പോയി.
നായകനായ വിഷ്ണു വിശാലിന്റെയും പഴയകാല കോമഡി നടന്‍ സെന്തിലിന്റെയും തമ്പി രാമയ്യയുടെയും പ്രകടനങ്ങള്‍ മികച്ചു നിന്നു. വിഷ്ണു രംഗസാമിയുടെ ഛായാഗ്രഹണവും, 1993 കാലഘട്ടം പുനര്‍നിര്‍മിച്ച രാമു തങ്കരാജിന്റെ കലസംവിധനവും പ്രശംസ അര്‍ഹിക്കുന്ന ഘടകങ്ങളാണ്.
പറഞ്ഞു പഴകിയ കഥയുടെ വികലമായ ആവര്‍ത്തനം മാത്രമായി മാറുന്നുണ്ട് ലാല്‍ സലാം.
Content Highlight: Lal Salaam Review