ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത് വിഷ്ണു വിശാലും വിക്രാന്തും പ്രധാനവേഷത്തില്‍ എത്തുന്ന സിനിമയാണ് ലാല്‍ സലാം. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. 1990കളില്‍ തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ രണ്ട് ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് സിനിമ പറയുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. സിനിമയുടെ ആദ്യ ഷോയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജിനികാന്തിന്റെ ഇന്‍ട്രോ തിയേറ്ററുകള്‍ ഇളക്കിമറിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വെറുമൊരു ഗസ്റ്റ് റോള്‍ എന്നതിലുപരി സിനിമയുടെ കഥാഗതിയില്‍ പ്രധാനപ്പെട്ട വേഷമാണ് രജിനിയുടേത്. ഒരു മണിക്കൂറിനടുത്ത് സ്‌ക്രീന്‍ടൈം രജിനിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകന്മാരായ വിഷ്ണു വിശാലും വിക്രാന്തും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
എന്നാല്‍ പ്രേക്ഷകനുമായ് ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കുന്നതില്‍ അണിയറക്കാര്‍ പരാജയപ്പെട്ടുവെന്നും ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. രണ്ടാം പകുതിയില്‍ സിനിമയുടെ ഗ്രിപ്പ് നഷ്ടമായെന്നും തിരക്കഥയുടെ ശക്തി കുറഞ്ഞെന്നുമുള്ള പരാതികളും പറയുന്നുണ്ട്. എ.ആര്‍ റഹ്‌മാന്റെ സംഗീതവും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്ന വിമര്‍ശനവും വരുന്നുണ്ട്.
ജയിലറിന്റെ വമ്പന്‍ വിജയത്തിന് ശേഷം രജിനികാന്ത് ഭാഗമാവുന്ന ലാല്‍ സലാമില്‍ കെ.എസ്.രവികുമാര്‍, സെന്തില്‍, അനന്തിക സനില്‍കുമാര്‍, തമ്പി രാമയ്യ, വിവേക് പ്രസന്ന എന്നിവരാണ് മറ്റു താരങ്ങള്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും ചിത്രത്തില്‍ വന്നു പോകുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Lal Salaam first show reports out