സൈമ അവാര്‍ഡ്‌സില്‍ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം നടനും സംവിധായകനുമായ ലാല്‍ നടത്തിയ പ്രസംഗം ശ്രദ്ധ നേടുന്നു. കൃത്യമായിട്ടാണ് അവാര്‍ഡ് കൊടുത്തിരിക്കുന്നതെന്നും മലയാളത്തില്‍ ഇത്രയും നല്ല സ്വഭാവമുള്ള വേറൊരു നടനെ താന്‍ കണ്ടിട്ടില്ലെന്നും ലാല്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ഇത് കണ്ട് പഠിക്കണമെന്നും സ്വഭാവം നോക്കി അവാര്‍ഡ് കൊടുക്കണമെന്നും അലന്‍സിയറുമായി ബന്ധപ്പെട്ട വിവാദത്തെ പരോക്ഷമായി സൂചിപ്പിച്ച് ലാല്‍ പറഞ്ഞു.
‘ഞാന്‍ ഭയങ്കര സന്തോഷത്തിലാണ് വന്നത്. ഇംഗ്ലീഷില്‍ ഒരു പ്രസംഗം കാച്ചാം എന്ന് വിചാരിച്ചാണ് വന്നത്. ഇവിടെ വന്നപ്പോഴാണ് എന്നോട് പറഞ്ഞത്, ഇംഗ്ലീഷ് സംസാരിക്കരുതെന്ന്. എന്റെ മദര്‍ടംഗ് ഇംഗ്ലീഷായതുകൊണ്ട് മലയാളം അത്ര ഫ്‌ളുവന്റല്ല. എന്നാലും ഒന്ന് ശ്രമിച്ചുനോക്കാം.
മലയാളത്തിലെ മികച്ച സ്വഭാവനടനുള്ള അവാര്‍ഡാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. കൃത്യമായിട്ടാണ് അവാര്‍ഡ് കൊടുത്തിരിക്കുന്നത്. കാരണം മലയാളത്തില്‍ ഇത്രയും നല്ല സ്വഭാവമുള്ള വേറൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. കൃത്യമായി എനിക്ക് തന്നെ കൊണ്ടുതന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല സ്വഭാവമുള്ള ആള് ഞാനാണ്.
എനിക്ക് എന്നോട് തന്നെ പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്. കാലത്ത് എഴുന്നേറ്റ് കണ്ണാടി നോക്കുമ്പോള്‍ ഞാന്‍ തന്നെ നമസ്‌കാരം പറയും. അത്രക്കും ബഹുമാനമുള്ള ഒരു നല്ല മനുഷ്യനാണ് ഞാന്‍. കേരള സര്‍ക്കാര്‍ ഇത് കണ്ട് പഠിക്കേണ്ടതാണ്. ഇങ്ങനെ സ്വഭാവം നോക്കീട്ട് വേണം അവാര്‍ഡ് കൊടുക്കാന്‍.
എന്തായാലും ഒരുപാട് സന്തോഷമുണ്ട്. മഹാവീര്യര്‍ എന്ന സിനിമക്കാണ് അവാര്‍ഡ് കിട്ടിയത്. അത് വളരെ നല്ല സിനിമയാണ് എന്ന് ഒരുപാട് പേര് പറഞ്ഞിരുന്നു. നല്ല പെര്‍ഫോമന്‍സാണ് എന്ന് പറഞ്ഞിരുന്നു. പക്ഷേ ആ സിനിമ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയി. അത് പുരസ്‌കാരങ്ങളുടെ കാര്യത്തിലാണെങ്കിലും തിയേറ്ററിലാണെങ്കിലും ഒട്ടും ശ്രദ്ധിക്കാതെ പോയി. തീര്‍ച്ചയായും നിങ്ങളെല്ലാവരും ആ സിനിമ കാണണം. സൈമക്ക് ഹൃദയം നിറഞ്ഞ നന്ദി,’ ലാല്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മികച്ച നടനുള്ള ജൂറി പരമാര്‍ശത്തിനുള്ള അവാര്‍ഡ് ലഭിച്ചതിന് ശേഷം അലന്‍സിയര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നാണ് അലന്‍സിയര്‍ പറഞ്ഞത്.
Content Highlight: Lal’s speech after accepting the award at the Saiima Awards is gaining attention