എല്ലാ ആർട്ടിസ്റ്റുകളും വളരെ സെൻസിറ്റീവും പാവങ്ങളുമാണ്, എന്തുവന്നാലും തൂക്കി കൊലയല്ല ആദ്യത്തെ വിധി: ലാൽ
Entertainment
എല്ലാ ആർട്ടിസ്റ്റുകളും വളരെ സെൻസിറ്റീവും പാവങ്ങളുമാണ്, എന്തുവന്നാലും തൂക്കി കൊലയല്ല ആദ്യത്തെ വിധി: ലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th June 2023, 8:45 pm

സിനിമ നിർമാണം വളരെ രസകരമായ ജോലിയാണെന്ന് പറയുകയാണ് നടനും സംവിധായകനുമായ ലാൽ. തന്റെ സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവരോട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ നിർമാതാവ് എന്ന നിലയിൽ താൻ സന്തോഷവാനാകും എന്ന് ലാൽ പറഞ്ഞു.

‘നിർമാണം എന്ന് പറയുന്നത് വളരെ രസകരമായ ഒരു ജോലിയാണ്. അത് പലരും മനസിലാക്കിയിട്ടില്ല. ഞാൻ വളരെ എൻജോയ് ചെയ്തിരുന്ന ഒരു ജോലിയാണത്. അത് കുറെ പണമിറക്കുന്ന പരിപാടി മാത്രം അല്ല. അതിനേക്കാൾ ഉപരി ആദ്യം മുതൽക്കേ ചിത്രത്തിന്റെ നിർമാണത്തിനായി നിൽക്കുകയൂം അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കുകയും ആർട്ടിസ്റ്റുകളുമായിട്ട് ഒരു ബന്ധം ഉണ്ടാക്കി എടുക്കുകയും ചെയ്യുന്ന പരിപാടിയാണ് നിർമാണം. ആർട്ടിസ്റ്റുകൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ അവരെ സമാധാനിപ്പിക്കാൻ എടുക്കുന്ന ചില കൊച്ചുകൊച്ച്‌ നീക്കങ്ങളൊക്കെ ഉണ്ട്.

നടൻ സോമൻ ചേട്ടൻ വളരെ പ്രശ്നക്കാരൻ ആണെന്നൊക്കെ കേട്ടിട്ടുണ്ട്. കാബൂളിവാല എന്ന ചിത്രത്തിൽ കുട്ടിയെ തിരക്കി നടക്കുന്ന സീൻ ഉണ്ട്. അത് ദൽഹിയിൽ ഡിസംബർ മാസത്തിൽ ആയിരുന്നു ഷൂട്ട് ചെയ്തിരുന്നത്. രാത്രിയിൽ തുടങ്ങിയ ഷൂട്ട് പുലർച്ചെ വരെ ഉണ്ടായിരുന്നു. ആ സീൻ ഒക്കെ എടുക്കുമ്പോൾ ബുദ്ധിമുട്ടായോ എന്നൊക്കെ സോമൻ ചേട്ടനോട് ചോദിച്ചു. അപ്പോൾ അവർ പറയും അതൊന്നും സാരമില്ല, ഇതൊക്കെ നമ്മുടെ ജോലി ആണെന്ന്. തിലകൻ ചേട്ടനോടൊക്കെ ഇതുപോലെ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. നമ്മൾ അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുണ്ടെന്ന് അവർക്ക് തോന്നും. എല്ലാ ആർട്ടിസ്റ്റുകളും വളരെ സെൻസിറ്റീവ് ആണ്. അവരൊക്കെ നല്ല പാവങ്ങളും ആണ്.

ചതിക്കാത്ത ചന്തു എന്ന ചിത്രത്തിൽ മധു സാർ ഒരു വേഷം ചെയ്‌തിട്ടുണ്ട്. ഷോട്ട് എടുക്കാനൊക്കെ വൈകുമ്പോൾ ക്ഷമയൊക്കെ ചോദിക്കേണ്ടിവന്നിട്ടുണ്ട്. അപ്പോൾ അവർ നമ്മളെ സമാധാനിപ്പിക്കും. അവിടെ കൊടുത്തുവാങ്ങൽ ബന്ധങ്ങളൊക്കെ ഉണ്ടാകും. അല്ലാതെ കാരവാനിൽ ഇരിക്കുന്നതുകൊണ്ടല്ല ഇവിടെ ബന്ധങ്ങൾ തകരുന്നത്. ഇപ്പോൾ ആളുകൾ ശല്യങ്ങൾ ഒഴിവാക്കാനും മേക്കപ്പ് ചെയ്യാനുള്ള സൗകര്യങ്ങൾക്കുമാണ് കാരാവാൻ ഒക്കെ ഉപയോഗിക്കുന്നത്. എല്ലാ ആർട്ടിസ്റ്റുകളും നല്ലവരാണ്. ആരും കുഴപ്പക്കാരല്ല,’ ലാൽ പറഞ്ഞു.

സിനിമയിലെ ലഹരി ഉപയോഗത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ലഹരി ഉപയോഗം ഉണ്ടെന്നും അതൊക്കെ സംസാരിച്ചോ താക്കീതുകൾ നൽകിയോ തീർക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ലോകത്തെല്ലായിടത്തും ലഹരി ഉപയോഗം ഉണ്ട്. സിനിമയിൽ മാത്രമല്ല. സ്കൂളുകളിൽ ചെന്നാലും ഇതുതന്നെയാണ്. ഏതു മേഖല എടുത്താലും ഈ പ്രശ്നം ഉണ്ട്. സിനിമയിലും ഉണ്ട്. അതൊക്കെ സംസാരിച്ച് തീർക്കാവുന്നതും താക്കീതുകൾ നൽകാവുന്നതുമാണ്. എന്തായാലും തൂക്കിക്കൊലയല്ല ആദ്യത്തെ ശിക്ഷാവിധി. അതാണ്‌ എന്റെ അഭിപ്രായം,’ ലാൽ പറഞ്ഞു.

Content highlights: Lal on Malayalam cinema