| Monday, 5th June 2023, 10:02 pm

ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍ സങ്കടമുണ്ട്, ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്ന കഥാപാത്രത്തെ പ്രയോജനപ്പെടുത്തിയില്ല: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകർക്ക് ഒരുപാട് വൈകാരിക നിമിഷങ്ങൾ സമ്മാനിച്ച ചിത്രമാണ് കന്മദം. ചിത്രത്തിൽ എടുത്ത് പറയേണ്ട ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്. അതിലൊന്ന് നടൻ ലാലിന്റേതാണ്. കന്മദം എന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ലാൽ.

ധാരാളം സാധ്യതകൾ ഉള്ള കഥാപാത്രത്തെ താൻ പ്രയോജനപ്പെടുത്തിയില്ലെന്നും ആ ചിത്രം അഭിനയിക്കുമ്പോൾ താൻ സിനിമയിൽ അഭിനയിക്കാനുള്ള പാകം വന്നിട്ടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കന്മദം എന്ന ചിത്രത്തിൽ അഭിപ്രായം പറയാൻ ഒന്നും പറ്റിയിട്ടില്ല. കാരണം ഓരോ ദിവസവും ചെയ്യുന്ന സീനുകളെക്കുറിച്ച് സെറ്റിൽ ചെല്ലുമ്പോഴാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് പോലും എനിക്ക് ഓർമയുണ്ട്.

ഇപ്പോഴും ആളുകൾ കന്മദം എന്ന ചിത്രത്തെക്കുറിച്ച് പറയുമ്പോൾ എനിക്ക് സങ്കടം ആണ്. കാരണം ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന കഥാപാത്രത്തെ ഞാൻ പ്രയോജനപ്പെടുത്തിയില്ല. ഒരുപാട് ചാൻസുകൾ ഉണ്ടായിരുന്നു. പക്ഷെ അന്ന് ഞാൻ ഒരു നടൻ എന്ന നിലയിൽ പരുവപ്പെട്ട് വന്നിട്ടുണ്ടായിരുന്നില്ല. അതിന്റെ പോരായ്മകൾ ആ ചിത്രത്തിൽ ഉണ്ട്. ഇപ്പോഴും എനിക്കത് കാണാൻ സാധിക്കും.

ഏതോ ഒരു സീനിൽ ഒരു 15 തവണയോളം മുണ്ട് മടക്കി കുത്തുന്നുണ്ട്. ഒരു കാര്യവുമില്ലാതെയാണ് മുണ്ടഴിച്ച് കുത്തുന്നത്. അതിൽ ഞാൻ വളരെ കോൺഷ്യസ് ആയിരുന്നു. അതൊക്കെ എന്റെ അന്നത്തെ അറിവില്ലായ്മ ആയിരുന്നു. ആ സീൻ മാത്രമല്ല ആ സിനിമയിൽ ഒരുപാട് സ്ഥലത്ത് നന്നാക്കാം എന്നെനിക്ക് തോന്നിയിട്ടുണ്ട്,’ ലാൽ പറഞ്ഞു.

അഭിമുഖത്തിൽ താൻ ഇനി അടുത്ത കാലത്തൊന്നും സിനിമ സംവിധാനം ചെയ്യുന്നില്ലെന്നും സംവിധാനം ചെയ്യുന്ന സാഹചര്യത്തിൽ താൻ ധാരാളമായി പുകവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ തൽക്കാലത്തേക്ക് സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കാരണം ഞാൻ നന്നായി പുകവലിക്കുന്ന ആളാണ്. ഇപ്പോൾ ഞാൻ അത് നിർത്തിയിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും തുടങ്ങാം എന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. സംവിധാനം ചെയ്യുമ്പോൾ തുടരെ തുടരെ ഞാൻ പുകവലിക്കും. അത് ശരിയല്ലെന്ന് എനിക്കറിയാം. ജോലിയോട് എനിക്ക് വല്ലാത്തൊരു ഭ്രാന്താണ്. അതുകൊണ്ട് രാത്രിയിലൊക്കെ എനിക്ക് വർക്ക് ചെയ്യേണ്ടി വരും. അതെന്റെ ആരോഗ്യത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടസ് സംവിധാനം ഇപ്പോൾ ആലോചിക്കുന്നില്ല,’ ലാൽ പറഞ്ഞു.

Content Highlights: Lal on Kanmadam movie

We use cookies to give you the best possible experience. Learn more