| Monday, 29th April 2024, 10:26 pm

ഡേവിഡ് പടിക്കലിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഒന്നിലധികം ആളുകളുമായി സാമ്യം തോന്നാം; അതിനൊരു കാരണമുണ്ട്: ലാല്‍ ജൂനിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാവന – ടൊവിനോ തോമസ് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികര്‍. ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്. വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലാണ് ടോവിനോ ചിത്രത്തില്‍ വരുന്നത്.

ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് നടികറില്‍ എത്തുന്നത്. പല സിനിമകളില്‍ നിന്നും കേട്ടിട്ടും കണ്ടിട്ടുമുള്ള ആളുകളില്‍ നിന്നാണ് ഡേവിഡ് പടിക്കല്‍ ഉണ്ടായതെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജൂനിയര്‍.

സിനിമ പുറത്തിറങ്ങിയ ശേഷം ഡേവിഡ് പടിക്കലിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ ആ കഥാപാത്രത്തെ ഒന്നിലധികം ആളുകളോട് സാമ്യം തോന്നുമെന്നും അദ്ദേഹം പറയുന്നു. നടികറിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജൂനിയര്‍.

മുമ്പ് സിനിമയില്‍ നിന്ന് കണ്ടിട്ടുള്ളതോ കേട്ടിട്ടുള്ളതോ ആയ കാര്യങ്ങള്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തിലുണ്ടോ, അതോ പൂര്‍ണമായും ഒരു ഫിക്ഷന്‍ കഥാപാത്രമാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകന്‍.

‘സത്യം പറഞ്ഞാല്‍ ഒരു 90 ശതമാനവും ഇതെല്ലാം പല സ്ഥലങ്ങളില്‍ നിന്നും പെറുക്കി എടുത്തതാണ്. കാരണം അപ്പോഴാണ് അത് സിനിമ കാണുന്നവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുകയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഈ ഡേവിഡ് പടിക്കലിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ അയ്യോ ഇയാളല്ലേ അയാളെന്ന് പറയാന്‍ കഴിയും. അതേസമയം അടുത്ത സീനില്‍ ഇത് മറ്റേ ആളല്ലേയെന്നും പറയും. ഒരാള്‍ അല്ല ഡേവിഡ് പടിക്കല്‍. അതായത് ഒരാളുടെ പാറ്റേണ്‍ എടുത്തിട്ടല്ല ഈ കഥാപാത്രത്തെ ഉണ്ടാക്കിയത്.

പല സിനിമകളില്‍ നിന്നും കേട്ടിട്ടുള്ള കാര്യങ്ങളാണ്. അവരുടെ പല പെരുമാറ്റത്തിന്റെ പ്രശ്‌നങ്ങളും ഗുണങ്ങളുമാണ് സിനിമയില്‍ പറയുന്നത്. ചുറ്റും കണ്ടത് ശ്രദ്ധിച്ചിട്ട് തന്നെയാണ് ഈ കഥാപാത്രം ഉണ്ടാകുന്നത്. സിനിമ കാണുമ്പോള്‍ ആളുകള്‍ക്ക് ഈസിയായി അത് മനസിലാക്കാന്‍ പറ്റും,’ ലാല്‍ ജൂനിയര്‍ പറഞ്ഞു.

നടികര്‍ മെയ് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്. ഇതിനിടയില്‍ ഐ.എം.ഡി.ബിയില്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനം ചിത്രം കരസ്ഥമാക്കിയിരുന്നു. ടൊവിനോയും സൗബിന്‍ ഷാഹിറും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്.

ടൊവിനോക്കും ഭാവനക്കും സൗബിനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്,ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, നിഷാന്ത് സാഗര്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ ഉള്ളത്.


Content Highlight: Lal Jr Talks About Devid Padikkal’s Character In Nadikar Movie

We use cookies to give you the best possible experience. Learn more