| Sunday, 15th December 2024, 8:22 am

ഈഗോ ഹെര്‍ട്ടായ മണിയെ ആശ്വസിപ്പിക്കാന്‍ പോയ രാജുവേട്ടനോട് മണി ചൂടായി, പിന്നെ കാണുന്നത് അദ്ദേഹം കരയുന്നത്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2003ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമാണ് പട്ടാളം. ഒരു ചെറിയ ഗ്രാമത്തില്‍ പട്ടാളം താത്കാലിക ക്യാമ്പ് സ്ഥാപിച്ചതിന് ശേഷം അവിടെ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ. മമ്മൂട്ടി നായകനായ ചിത്രം മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.

മമ്മൂട്ടിക്ക് പുറമെ ബിജു മേനോന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജ്യോതിര്‍മയി, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, ക്യാപ്റ്റന്‍ രാജു എന്നിവരും പ്രധാനവേഷത്തിലെത്തി. സിനിമയിലെ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ ഉള്ളൊരു രംഗത്തിന്റെ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.

കലാഭവന്‍ മണിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടേക്ക് പോയത് പട്ടാളം എന്ന ചിത്രത്തിലാണെന്ന് ലാല്‍ ജോസ് പറയുന്നു. മിലിട്ടറി ക്യാമ്പില്‍ ഉള്ളവരോട് ക്ലൈമാക്‌സിലേക്ക് ലീഡ് ചെയ്യുന്ന രഹസ്യം പറയുന്നൊരു ഷോട്ടായിരുന്നു അതെന്നും എന്തോ ഒരു ഡിസ്ട്രാക്ഷന്‍ ഉള്ളതുകൊണ്ട് കലാഭവന്‍ മണിക്ക് അത് ശരിയായി ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.

ഇരുപത് ടേക്ക് ആയപ്പോള്‍ മണിയെ സമാധാനിപ്പിക്കാനായി സെറ്റില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ രാജു സംസാരിച്ചെന്നും എന്നാല്‍ കലാഭവന്‍ മണി വയലന്റായി അദ്ദേഹത്തോട് ചൂടായെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. അത് കേട്ട് ക്യാപ്റ്റന്‍ രാജു കരഞ്ഞെന്നും പിന്നീട് ഷോട്ട് ഓക്കേ ആയ ശേഷം മണിപോയി ക്യാപ്റ്റന്‍ രാജുവുമായുള്ള പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘മണിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഷോട്ടെടുത്തത് പട്ടാളം സിനിമയില്‍ ആണെന്ന് തോന്നുന്നു. മണി ഓടിവന്നിട്ട് മിലിട്ടറി ക്യാമ്പില്‍ ഉള്ളവരോട് ക്ലൈമാക്‌സിലേക്ക് ലീഡ് ചെയ്യുന്ന രഹസ്യം പറയുന്നൊരു ഷോട്ടായിരുന്നു അത്. പക്ഷെ എന്തോ കാരണവശാല്‍ മണിക്ക് അന്നൊരു ഡിസ്ട്രാക്ഷന്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ചെയ്തിട്ട് അങ്ങോട്ട് ശരിയാകുന്നില്ലായിരുന്നു.

അങ്ങനെ ഒരു ടേക്കായി, രണ്ട് ടേക്കായി, പത്ത് ടേക്കായി, അത്രയും ആയപ്പോള്‍ മണിയുടെ ഈഗോ ഹെര്‍ട്ടായി. കാരണം സിനിമയുടെ ചുറ്റിലും ആളുകള്‍ കൂടിനില്‍ക്കുകയാണ്. ഞാന്‍ മണിയെ വിളിച്ച് മാറ്റി നിര്‍ത്തിയിട്ട് ഇതെല്ലം എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്, നമുക്ക് ഒരു ബ്രേക്ക് എടുത്തിട്ട് കുറച്ച് കഴിഞ്ഞ് എടുക്കാം എന്ന് പറഞ്ഞു. പക്ഷെ മണിക്ക് വാശിയായി. പറ്റില്ല പറ്റില്ല നമുക്ക് ഇപ്പോള്‍ തന്നെ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെ വീണ്ടും എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇരുപത് ടേക്കോളം ആയി. അപ്പോള്‍ ക്യാപ്റ്റന്‍ രാജു ചേട്ടന്‍ മണിയെ ഒന്ന് സമാധാനിപ്പിക്കാനായി ‘മോനെ ഇത് ഇങ്ങനെ ഒന്ന് പറഞ്ഞ് നോക്ക്’ എന്ന് പറഞ്ഞു. മണി വയലന്റായി അദ്ദേഹത്തോട് ചൂടായി. പിന്നെ ഞാന്‍ കാണുന്നത് കേണലിന്റെ യൂണിഫോമില്‍ നിന്ന് രാജു ചേട്ടന്‍ കരയുന്നതാണ്. 22ാമത്തെ ടേക്കില്‍ അതിന് ശേഷം ആ സീന്‍ ഒക്കെയായി. അത് കഴിഞ്ഞ് മണി പോയി സംസാരിച്ച് അവര്‍ തമ്മില്‍ കെട്ടിപ്പിടിക്കലും ഉമ്മവെക്കലുമൊക്കെ ആയി ആ പ്രശ്നം അന്ന് സോള്‍വാക്കി,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose Talks About The Conflict Happened In Pattalam Movie Location Between Captain Raju And Kalabhavan Mani

We use cookies to give you the best possible experience. Learn more