| Friday, 6th December 2024, 4:03 pm

പാട്ടില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒഴികെയുള്ള മറ്റാരെ വേണമെങ്കിലും തരാമെന്ന് സുരേഷ് ഗോപി പറഞ്ഞു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജന്‍ പ്രമോദിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം. സുരേഷ് ഗോപി ഇരട്ട വേഷത്തില്‍ അഭിനയിച്ച ഈ സിനിമയില്‍ തിലകന്‍, ബിജു മേനോന്‍, പൂര്‍ണിമ, ലെന, നരേന്ദ്ര പ്രസാദ്, ലാല്‍, ശ്രീവിദ്യ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

തിയേറ്ററില്‍ ഈ സിനിമ അത്രവലിയ വിജയമായിരുന്നില്ലെങ്കിലും പിന്നീട് മികച്ച അഭിപ്രായമായിരുന്നു നേടിയത്. ഈ സിനിമക്ക് ശേഷം താന്‍ ഏഷ്യാനെറ്റിന് വേണ്ടി ഒരു ആല്‍ബം ചെയ്തതിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ഞാന്‍ രണ്ടാംഭാവം എന്ന ഒരു സിനിമ ചെയ്തു. അത് ഇറങ്ങിയപ്പോള്‍ വലിയ വിജയമൊന്നും ആയില്ല. പരാജയമായിരുന്നു. പക്ഷെ സിനിമ കണ്ടവരൊക്കെ നല്ല സിനിമയാണെന്ന് പറഞ്ഞു. സുരേഷേട്ടന്‍ (സുരേഷ് ഗോപി) ആയിരുന്നു അതിലെ നായകന്‍. അങ്ങനെ സിനിമ ഇറങ്ങിയ ശേഷം സുരേഷേട്ടന്‍ എന്നെ വിളിച്ചു.

ലാലു ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. വെറുതെ ഇരിക്കുകയാണ്, അടുത്തതായി ഏത് പടം ചെയ്യണമെന്ന് അറിയില്ലെന്ന് ഞാന്‍ മറുപടി നല്‍കി. സുരേഷേട്ടന് രണ്ടാംഭാവം വിജയിക്കാത്തതില്‍ നല്ല സങ്കടം ഉണ്ടായിരുന്നു. അന്ന് അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു.

ഓണം വരികയാണ്. ഏഷ്യാനെറ്റിന് വേണ്ടി അഞ്ച് ഓണപാട്ടുകള്‍ ചെയ്യണം. നിനക്കാകുമ്പോള്‍ നന്നായി പാട്ടുകള്‍ എടുക്കാന്‍ അറിയാമല്ലോ. ഒരു മ്യൂസിക് ഡയറക്ടറിനെയും ലിറിക്‌സിസ്റ്റിനെയും കണ്ടെത്തിയ ശേഷം ആ പാട്ടുകള്‍ നമ്മള്‍ കമ്പോസ് ചെയ്ത് റെക്കോഡ് ചെയ്യും.

പാട്ട് വിഷ്വലൈസും ചെയ്യണം. അതിനായി മലയാള സിനിമയിലെ മമ്മൂട്ടിയും മോഹന്‍ലാലും ഒഴികെയുള്ള വേറെ ഏത് നടന്മാരെ വേണമെങ്കിലും ആ പാട്ടുകളിലേക്ക് അഭിനയിപ്പിക്കാന്‍ തരാം. ഒരു പാട്ടില്‍ വേണമെങ്കില്‍ ഞാന്‍ അഭിനയിക്കാം. അത്തരത്തില്‍ ഒരു വലിയ ഓഫറായിരുന്നു സുരേഷേട്ടന്‍ തന്നത്.

ഞാന്‍ അപ്പോള്‍ ഒന്നും ചെയ്യാനില്ലാതെ ഡ്രൈയായി ഇരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ അത് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ചെയ്ത ആല്‍ബമാണ് ‘ചിങ്ങപെണ്ണിന് കണ്ണെഴുതാന്‍’. അതില്‍ അഞ്ച് പാട്ടുകള്‍ ഉണ്ടായിരുന്നു. ഒന്നില്‍ സുരേഷേട്ടന്‍ തന്നെയായിരുന്നു അഭിനയിച്ചത്,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About Suresh Gopi

We use cookies to give you the best possible experience. Learn more