അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.
സുരേഷ് ഗോപിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു രണ്ടാംഭാവം. ചിത്രം വലിയ പരാജയമായിരുന്നു. രണ്ടാംഭാവത്തിന്റെ അപ്രതീക്ഷിതമായ പരാജയം തന്നെ വല്ലാത്തൊരു പ്രതിസന്ധിയില്‍ ആക്കിയെന്നും അതുമൂലം വിദേശത്ത് പോയി എന്തെങ്കിലും ജോലി ചെയ്യാമെന്ന് തീരുമാനിച്ചിരുന്നതായും ലാല്‍ ജോസ് പറയുന്നു.
അപ്പോഴാണ് ദിലീപ് തനിക്ക് ഒരു ഓപ്പണ്‍ ഡേറ്റ് തന്ന് പറ്റിയ കഥ കണ്ടുപിടിക്കാന്‍ പറയുന്നതെന്ന് ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് മീശ മാധവന്‍ എന്ന സിനിമയുണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ നില്‍ക്കണോ പോണോ എന്ന് ആലോചിച്ച സമയത്ത് ഇവിടെ നില്‍കാം എന്ന ടിക്കറ്റ് നല്‍കിയത് മീശ മാധവനാണെന്നും ലാല്‍ ജോസ് പറഞ്ഞു.
‘മീശ മാധവന്‍ എന്ന സിനിമ ചെയ്യുന്നതിന് മുമ്പ് രണ്ടാംഭാവം എന്ന ചിത്രം ഞാന്‍ ചെയ്തിരുന്നു. ആ ചിത്രം വലിയ പരാജയമായിരുന്നു. രണ്ടാംഭാവത്തിന്റെ പരാജയം എന്നെ വല്ലാത്തൊരു പ്രതിസന്ധിയില്‍ എത്തിച്ചു. സിനിമ വിട്ട് വിദേശത്ത് എവിടെയെങ്കിലും ജോലി ചെയ്യാം എന്ന തീരുമാനവുമായി ഞാന്‍ നില്‍ക്കുകയായിരുന്നു.
അപ്പോഴാണ് ദിലീപ് എനിക്ക് ഒരു ഓപ്പണ്‍ ഡേറ്റ് തരുന്നതും തനിക്ക് പറ്റിയ ഒരു കഥ കണ്ടുപിടിക്കണം എന്ന് പറയുന്നതും. അങ്ങനെയാണ് ഞാന്‍ മീശ മാധവന്‍ സിനിമയുടെ കഥയിലേക്ക് എത്തുന്നത്. ഞാന്‍ സിനിമയില്‍ നില്‍ക്കണോ പോണോ എന്നൊക്കെ തീരുമാനിക്കേണ്ട സമയത്താണ് മീശ മാധവന്‍ എനിക്കിവിടെ നില്‍കാം എന്ന ടിക്കറ്റ് തരുന്നത്,’ ലാല്‍ ജോസ് പറയുന്നു.