| Sunday, 8th December 2024, 12:27 pm

ആ സുരേഷ് ഗോപി ചിത്രത്തിലുള്ള പോലെയൊന്ന്‌ മീശമാധവനില്‍ ഉണ്ട്; അവസാനം ചിത്രം വിജയിക്കുമോ എന്ന് സംശയമായി: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ലാല്‍ ജോസിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മീശമാധവന്‍. ദിലീപ്, കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് തുടങ്ങി വമ്പന്‍ താരനിര ഒന്നിച്ച സിനിമയുടെ കഥ ഒരുക്കിയത് രഞ്ജന്‍ പ്രമോദ് ആയിരുന്നു.

തെങ്കാശിപട്ടണം എന്ന സിനിമയുടെ തുടക്കത്തില്‍ സുരേഷ് ഗോപിയുടെയും ലാലിന്റെയും ചെറുപ്പകാലം കാണിച്ചുകൊണ്ടാണ് തുടങ്ങുന്നതെന്നും അത് കണ്ടപ്പോഴാണ് മീശമാധവനിലും ബാല്യകാലം കാണിച്ചുകൊണ്ട് തുടങ്ങാം എന്ന് തീരുമാനിച്ചതെന്ന് ലാല്‍ ജോസ് പറയുന്നു. മീശമാധവന് ഒന്നിലധികം തുടക്കങ്ങള്‍ ഉണ്ടെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

നല്ലതെന്ന് തോന്നിയ കുറേ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് സിനിമയുടെ ലെങ്ത്ത് കൂടിപ്പോയെന്നും പിന്നീട് അര മണിക്കൂറോളം വെട്ടികുറച്ചാണ് സിനിമ തിയേറ്ററുകളില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഫൈനല്‍ കണ്ടപ്പോള്‍ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദിന് ചിത്രം വിജയിക്കുമോ എന്ന് സംശയമായിരുന്നെന്നും എന്നാല്‍ മീശ മാധവന്‍ വലിയ തരംഗമായെന്നും ലാല്‍ ജോസ് പറഞ്ഞു.

‘തെങ്കാശിപട്ടണം എന്ന സിനിമ തുടങ്ങുന്നത് സുരേഷ് ഗോപിയുടെയും ലാലിന്റെയും കുട്ടിക്കാലം കാണിച്ചുകൊണ്ടാണ്. അത് കണ്ടിട്ടാണ് മീശമാധവനും രുഗ്മിണിയുടെയും മാധവന്റെയും ബാല്യ കാലത്ത് നിന്ന് തുടങ്ങാം എന്ന് തീരുമാനിക്കുന്നത്. കുട്ടിക്കാലം കണ്ടുകഴിഞ്ഞപ്പോള്‍ ആ സിനിമ കണ്ടവരൊക്കെ മാധവന്റെ കൂടെയായി.

ആ സിനിമക്ക് ഒന്നിലധികം തുടക്കങ്ങളുണ്ട്. സിനിമ തുടങ്ങുന്നത് മാധവന്റെ കുട്ടികാലം കാണിച്ചുകൊണ്ടാണ്. പിന്നെ മാധവനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത് സ്വപ്നത്തില്‍ ബിന്‍ ലാദന്റെ വേഷത്തിലാണ്. അത് കഴിഞ്ഞ് സ്വപ്നത്തില്‍ നിന്ന് ഉണരുന്ന മാധവന്റെ ഇന്‍ട്രൊഡക്ഷന്‍ കാണിക്കുണ്ട്.

പക്ഷെ സിനിമയുടെ ലെങ്ത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് തെറ്റ് പറ്റി. നല്ലതെന്ന് തോന്നിയ എല്ലാ കാര്യങ്ങളും ചിത്രത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ടായിരുന്നു. അവസാനം നോക്കുമ്പോള്‍ മൂന്നേകാല്‍ മണിക്കൂറോളം സിനിമ. അതില്‍ നിന്ന് അര മണിക്കൂറോളം വെട്ടി കുറക്കേണ്ടി വന്നു. സിനിമ രണ്ടേമുക്കാല്‍ മണിക്കൂറില്‍ കൂടുതല്‍ പറ്റില്ലെന്ന് എഡിറ്റര്‍ നിര്‍ബന്ധം പറഞ്ഞിരുന്നു.

ഇന്ദ്രജിത്തും ദിലീപും തമ്മില്‍ കവലയില്‍ വെച്ച് നടക്കുന്ന ഒരു ഫൈറ്റ് ഉണ്ടായിരുന്നു. അത് അതേ പോലെ എടുത്ത് കളഞ്ഞു. ഇതിന്റെ ഒരു ഫൈനല്‍ കണ്ടപ്പോള്‍ രഞ്ജന് ഈ സിനിമ വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയമായി. എന്നാല്‍ ആ സിനിമ പിന്നീട് കേരളത്തില്‍ അങ്ങോളം ഇങ്ങോളം വലിയ തരംഗമായി മാറി,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose talks About Meesha Madhavan Movie

We use cookies to give you the best possible experience. Learn more