ചെറിയാന്‍ കല്പകവാടിയുടെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത് 1991ല്‍ റിലീസായ ചിത്രമാണ് ഉള്ളടക്കം. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അമലയാണ് നായികയായി എത്തിയത്. ചിത്രത്തില്‍ കമലിന്റെ സംവിധാന സഹായിയായിരുന്നു ലാല്‍ ജോസ്.
ഉള്ളടക്കം എന്ന ചിത്രത്തിലേക്ക് അമലയുടെ കാമുക വേഷം ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത് മനോജ് കെ. ജയനെ ആയിരുന്നെന്ന് പറയുകയാണ് ലാല്‍ ജോസ്. എന്നാല്‍ പെരുന്തച്ചന്‍ എന്ന ചിത്രത്തിന് വേണ്ടി മനോജ് മുടി മൊട്ടയടിച്ചതിനാല്‍ അദ്ദേഹത്തെ ആ സിനിമയില്‍ നിന്ന് മാറ്റുകയായിരുന്നെന്ന് ലാല്‍ ജോസ് പറയുന്നു. മാറ്റിയ വിവരം പറഞ്ഞപ്പോള്‍ മനോജ്. കെ. ജയന്റെ കണ്ണ് നിറഞ്ഞെന്നും കമലിനോട് യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
‘ഉള്ളടക്കം എന്ന സിനിമ ചെയ്യുമ്പോള്‍ മനോജ്. കെ. ജയനായിരുന്നു അമലയുടെ കാമുകനായിട്ടുള്ള കഥാപാത്രത്തെ ചെയേണ്ടിയിരുന്നത്. മനോജ്. കെ.ജയനെയായിരുന്നു കമല്‍ സാര്‍ ആ സിനിമയിലേക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നത്. മനോജ്.കെ. ജയന്‍ ആ സമയത്ത് പെരുന്തച്ചന്‍, വെക്കേഷന്‍ തുടങ്ങി ഒന്ന് രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. പെരുന്തച്ചന് വേണ്ടി മൊട്ടയൊക്കെ അടിച്ചിട്ട് നില്‍ക്കുന്ന സമയമായിരുന്നു അത്.
മനോജിനെ പോലെ വളര്‍ന്ന വരുന്ന ഒരു ആര്‍ട്ടിസ്റ്റിന് ആ സിനിമ എന്ന് പറയുന്നത് ആ കാലത്ത് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ അവസരമാണ്. കാരണം ഡയറക്ടര്‍ കമലിനെ പോലെ ഒരാളുടെ സിനിമ, അതും അമലയുടെ കാമുകന്റെ വേഷത്തിലേക്ക്. തിരുവന്തപുരത്ത് അമൃത ഹോട്ടലില്‍ എല്ലാവരും കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ മനോജ് അങ്ങോട്ടേക്ക് വന്നു.
മനോജിനെ കണ്ട് കമല്‍ സാര്‍ അപ്പോള്‍ തലക്ക് കൈകൊടുത്തു പോയി. കാരണം സാറിന്റെ മനസില്‍ അമലയുടെ കാമുകന്‍ നിറയെ മുടിയൊക്കെ വളര്‍ത്തി ഡ്രം വായിക്കുമ്പോള്‍ മുടിയെല്ലാം പാറുന്ന രീതിയിലായിരുന്നു. മനോജ് ആണെങ്കില്‍ പെരുന്തച്ചന്‍ എന്ന സിനിമക്ക് വേണ്ടി മുടിയെല്ലാം മൊട്ടയടിച്ച് വളര്‍ന്ന വരുന്ന അവസ്ഥയായിരുന്നു. ഈ പടത്തില്‍ വേഷമില്ലെന്ന് മനോജിനോട് ആര് പറയും എന്നായി അടുത്ത ടെന്‍ഷന്‍.
അങ്ങനെ കമല്‍ സാര്‍ എന്നോട് പറഞ്ഞു നീ പോയി ഈ സിനിമയില്‍ മനോജിന് വേഷമില്ല എന്ന് അവന് വിഷമം വരാത്ത രീതിയില്‍ പറയെന്ന്. മനോജിന്റെ ഇപ്പോഴത്തെ രൂപത്തില്‍ ആ കഥാപാത്രത്തിന് ചേരില്ല എന്ന് ഞാന്‍ പോയി പറഞ്ഞപ്പോള്‍ മനോജിന്റെ കണ്ണ് നിറഞ്ഞ് ഒഴുകിയത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. കമല്‍ സാറിന്റെ അടുത്ത് മനോജ് യാത്ര പറയാന്‍ പോയപ്പോള്‍ മനോജ് പൊട്ടിക്കരഞ്ഞെന്ന് പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്,’ ലാല്‍ ജോസ് പറയുന്നു.