ശ്രീനിവാസന്റെ രചനയില്‍ ലാല്‍ ജോസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. 1998 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. ഒരു മറവത്തൂര്‍ കനവില്‍ ഉണ്ണി, ബിജു മേനോന്‍, മോഹിനി, ശ്രീനിവാസന്‍, നെടുമുടി വേണു, കലാഭവന്‍ മണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ മമ്മൂട്ടി കോഴിയുടെ പുറകെ ഓടുന്ന സീനിനെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ആ ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി കോഴിയുടെ പുറകെ ഓടുന്നതെന്നും അത് ഷൂട്ട് ചെയ്യുമ്പോള്‍ ലൊക്കേഷനില്‍ ഉള്ളവര്‍ക്കെല്ലാം ടെന്‍ഷന്‍ ആയിരുന്നെന്നും ലാല്‍ ജോസ് പറയുന്നു.
ആ സീനിന്റെ ഷൂട്ട് കഴിഞ്ഞ് മമ്മൂട്ടിയോട് എല്ലാവരും പോയി ആ പുതിയ പയ്യന്‍ എന്തൊക്കയാണ് നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന് ചോദിച്ചെന്നും അപ്പോള്‍ അതുതന്നെയാണ് അവന് താന്‍ ഡേറ്റ് കൊടുക്കാന്‍ കാരണമെന്ന് മമ്മൂട്ടി പറഞ്ഞെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മറവത്തൂര്‍ കനവില്‍ ആ സീന്‍ ഷൂട്ട് ചെയ്തപ്പോഴാണ് മമ്മൂക്ക ആദ്യമായിട്ട് കോഴിയുടെ പുറകെ ഓടുന്നത്. ലൊക്കേഷനിലുള്ള മറ്റുള്ളവര്‍ക്കൊക്കെ പേടിയായിരുന്നു മമ്മൂക്ക കോഴിയുടെ പുറകെ ഓടുന്നതും തോര്‍ത്തുകൊണ്ട് കോഴിയുടെ മുകളിലിട്ടിട്ട് മറിഞ്ഞ് വീണ് കോഴിയെ പിടിക്കുന്നതെല്ലാം.
ബാക്കിയുള്ളവരൊക്കെ ടെന്‍ഷന്‍ അടിച്ച് നില്‍ക്കുകയായിരുന്നു. മമ്മൂക്ക എങ്ങനെ റിയാക്ട് ചെയ്യുമെന്നറിയില്ല എന്നൊക്കെ ഓര്‍ത്തായിരുന്നു അവര്‍ക്ക് ടെന്‍ഷന്‍. ഷൂട്ട് കഴിഞ്ഞ് മമ്മൂക്കയോട് ആരോ ചോദിച്ചു ‘എന്നാലും ആ പുതിയ പയ്യന്‍ നിങ്ങളെക്കൊണ്ട് എന്തൊക്കയാണ് ചെയ്യിപ്പിക്കുന്നതെന്ന്’.
അപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘അതാണ് അവന്‍ ഞാന്‍ ഡേറ്റ് കൊടുക്കാനുള്ള കാരണം. ഈ ഒരു സീക്വന്‍സ് ഒറ്റ ഷോട്ടില്‍ വേണമെങ്കില്‍ ചെയ്യാം. പക്ഷെ അവന്‍ അത്രയും ഷോട്ട് എടുത്തിട്ടുണ്ടെങ്കില്‍ അതിനുള്ള ഇമ്പാക്ട് ഉണ്ടാകാന്‍ അറിയാം’ എന്ന്. ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Mammootty In Oru Maravathoor Kanav Movie