അന്ന് മമ്മൂക്കയും ശ്രീനിയേട്ടനും ഇടവും വലവുമുണ്ടായിരുന്നു; ഇന്ന് പരിഭ്രമത്തിലാണ്: തന്റെ ആദ്യ ആക്ഷന്‍ സിനിമയെ കുറിച്ച് ലാല്‍ ജോസ്
Entertainment
അന്ന് മമ്മൂക്കയും ശ്രീനിയേട്ടനും ഇടവും വലവുമുണ്ടായിരുന്നു; ഇന്ന് പരിഭ്രമത്തിലാണ്: തന്റെ ആദ്യ ആക്ഷന്‍ സിനിമയെ കുറിച്ച് ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th March 2024, 7:43 am

അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ലാല്‍ ജോസ്. മലയാളത്തിന് ഒരുപാട് വിജയചിത്രങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

നിരവധി സിനിമകളില്‍ കമലിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്ത ലാല്‍ ജോസ് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായത്. ഒപ്പം ബിജു മേനോന്‍, മോഹിനി, ദിവ്യ ഉണ്ണി എന്നിവരും ഒന്നിച്ചിരുന്നു. ചിത്രം 150 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും വലിയ വിജയമാകുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ആദ്യമായി ഒരു ആക്ഷന്‍ സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലാല്‍ ജോസ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വരാനിരിക്കുന്ന ആക്ഷന്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍.

‘എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ എനിക്ക് പരിഭ്രമം ഉണ്ടായിരുന്നില്ല. അത് കൃത്യമായി ചെയ്യാന്‍ കഴിയുമെന്ന് അറിയാമായിരുന്നു. മമ്മൂക്കയും ശ്രീനിയേട്ടനും ഇടവും വലവും ഉണ്ടായിരുന്നു.

പരിചയസമ്പന്നനായ ശ്രീനിയേട്ടന്റെ സ്‌ക്രിപ്റ്റും ഉണ്ടായിരുന്നു. ആ കാര്യത്തില്‍ എനിക്ക് തലവേദന ഉണ്ടായിരുന്നില്ല. അഭിനയിക്കാന്‍ എന്റെ മുന്നിലുള്ളത് ഗ്രേറ്റ് ആക്ടറായ മമ്മൂക്കയാണ്. ആ സൈഡിലും എനിക്ക് പരിഭ്രമം ഉണ്ടായില്ല.

പക്ഷേ ഇനി വരാനിരിക്കുന്ന സിനിമ ആദ്യ സിനിമ ചെയ്യുന്നത് പോലെ പരിഭ്രമത്തിലാണ്. ആദ്യ സിനിമ പോലെയുള്ള ടെന്‍ഷനും എക്‌സൈറ്റ്‌മെന്റും ഉണ്ട്. ആ ഴോണറിലുള്ള സിനിമകള്‍ കണ്ടുകൊണ്ടിരിക്കുകയാണ് ഞാന്‍.

അത്തരം ഴോണറില്‍ വരുന്ന സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായാകരുടെയും എഴുത്തുകാരുടെയും കുറിപ്പുകള്‍ വായിക്കുന്നുണ്ട്. പുതിയ സിനിമ ചെയ്യുന്ന ആളെ പോലെ തയ്യാറെടുക്കുകയാണ്,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About Mammootty And Sreenivasan