മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ ലാല്‍ ജോസ്. കരിയറില്‍ താന്‍ വളരെ കുറച്ച് ആളുകളോട് മാത്രമാണ് കടപ്പെട്ടിരിക്കുന്നതെന്നും അതില്‍ പ്രധാനപ്പെട്ട ആളാണ് മമ്മൂട്ടിയെന്ന് ലാല്‍ ജോസ് പറയുന്നു. തന്റെ ജീവിതത്തിലെ രണ്ടു തുടക്കങ്ങളുടെയും ഭാഗമായിരുന്നു മമ്മൂക്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ജേഷ്ഠസഹോദരനായാണ് മമ്മൂട്ടിയെ കാണുന്നതെന്നും എന്തെങ്കിലും പ്രശ്‌നം തന്റെ കരിയറിലോ ജീവിതത്തിലോ വന്നാല്‍ ചെല്ലാന്‍ കഴിയുന്ന ഒരിടമായാണ് മമ്മൂട്ടിയെ കാണുന്നതെന്നും ലാല്‍ ജോസ് പറയുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഇന്നുള്ളവരില്‍ പലരും മമ്മൂട്ടിയുടെ ഫേവര്‍ ലഭിച്ചിട്ടുള്ളവരാണെന്നും അദ്ദേഹത്തെ കൊണ്ട് ഉപയോഗമുള്ളവരാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സിനിമാ കരിയറില്‍ ഞാന്‍ വളരെ കുറച്ചാളുകളോട് കടപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ആളാണ് മമ്മൂക്ക. മമ്മൂക്ക എന്റെ ആദ്യ സിനിമയില്‍ നായകനാകാം എന്ന് സമ്മതിച്ചതുകൊണ്ടാണ് ആ സിനിമ അത്ര വേഗം നടന്നത്. അത് വലിയൊരു വിജയ ചിത്രമാണ്.
ഞാന്‍ ആകെ ഒരു ചെറിയ ചിത്രത്തിന് വേണ്ടി മാത്രമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആ ചിത്രത്തിലെ നായകനും മമ്മൂക്കയായിരുന്നു. പുറം കാഴ്ചകള്‍ എന്നായിരുന്നു ആ ഷോര്‍ട് ഫിലിമിന്റെ പേര്. കേരള കഫേ എന്ന് പറഞ്ഞ ആന്തോളജിയില്‍ ഒരു ഭാഗമായിരുന്നു പുറം കാഴ്ചകള്‍. എന്റെ രണ്ടു തുടക്കങ്ങളിലും മമ്മൂക്ക ഒരു ഭാഗമായിരുന്നു.
എല്‍. ജെ ഫിലിംസ് എന്നുപറയുന്ന പ്രൊഡക്ഷന്‍ ഹൗസ് ഞാന്‍ തുടങ്ങിയപ്പോള്‍ അതിലെ ആദ്യ സിനിമയായിരുന്നു വിക്രമാദിത്യന്‍. അതിലെ നായകന്‍ മമ്മൂക്കയുടെ മകനായ ദുല്‍ഖര്‍ സല്‍മാനാണ്. അപ്പോള്‍ അങ്ങനെ പല രീതിയില്‍ ഞാന്‍ അദ്ദേഹമായിട്ട് ബന്ധപ്പെട്ടിരുന്നു, കടപ്പെട്ടിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു ജേഷ്ഠസഹോദരനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്.
ജീവിതത്തിലോ കരിയറിലോ എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്നം വന്ന് കഴിഞ്ഞാല്‍ എനിക്ക് പോകാന്‍, ഓടി ചെല്ലാന്‍ കഴിയുന്ന ഒരാള്‍ എന്നാണ് ഞാന്‍ അദ്ദേഹത്തിന് കൊടുത്തിരിക്കുന്ന സ്ഥാനം. അദ്ദേഹത്തിന് എന്നോട് എപ്പോള്‍ വേണമെങ്കിലും എന്തും ചോദിക്കാം, എനിക്കത് നിഷേധിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ഫെവേഴ്‌സ് കിട്ടിയിരിക്കുന്നവരും അദ്ദേഹത്താല്‍ ഉപയോഗമുള്ളവരെയും കൊണ്ട് ഈ ഇന്‍ഡസ്ട്രയി നിറഞ്ഞിരിക്കുകയാണ്,’ ലാല്‍ ജോസ് പറയുന്നു.