|

അത് നന്നായി ആ സിനിമ ഇനി കാണേണ്ടതില്ലെന്ന് എം.ടി സാര്‍ പറഞ്ഞു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയ സംവിധായകനാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് മീശമാധവന്‍, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത് 2009 പുറത്തിറങ്ങിയ ചിത്രമാണ് നീലത്താമര. 1979 ല്‍ യൂസഫ് അലി കെച്ചേരി സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിന്റെ റീക്രീയേഷന്‍ ആയിരുന്നു പുതിയ നീലത്താമര. എം.ടി വാസുദേവന്‍ നായര്‍ തന്നെയായിരുന്നു സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരുന്നത്.

ഇപ്പോള്‍ താന്‍ എങ്ങനെ നീലത്താമര എന്ന സിനിമയിലേക്ക് എത്തിപ്പെട്ടു എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.

സുരേഷ് കുമാര്‍ വഴിയാണ് താന്‍ എം.ടി വാസുദേവന്‍ നായര്‍ എന്ന തിരക്കഥാകൃത്തിലേക്കും പിന്നീട് നീലത്താമര എന്ന സിനിമയിലേക്കും എത്തിയതെന്ന് ലാല്‍ ജോസ് പറയുന്നു. താന്‍ പഴയ നീലത്താമര കണ്ടിട്ടില്ലെന്നും എം.ടി അത് കുഴപ്പമില്ലയെന്ന് പറയുകയുണ്ടായെന്നും ലാല്‍ ജോസ് പറയുന്നു. സ്വതന്ത്രമായ രീതിയില്‍ സിനിമ താന്‍ ചെയ്തുകൊള്ളൂ എന്ന് അദ്ദേഹം പറഞ്ഞുവെന്നും ലാല്‍ ജോസ് കൂട്ടിചേര്‍ത്തു. തന്റെ സിനിമ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

‘സുരേഷ് കുമാര്‍ സാറിന് ഒരു സിനിമ ചെയ്യാന്‍ ഞാന്‍ വാക്കാല്‍ ധാരണ ആയിരുന്നു. അതിന് വേണ്ടി ഒരു കഥ പറയാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. അദ്ദേഹം ഈ കഥ കൊള്ളാം നമുക്ക് ഇത് വേണമെങ്കില്‍ ചെയ്യാം എന്ന് പറഞ്ഞു. അല്ലെങ്കില്‍, എം.ടി സാറിന് പഴയ നീലത്താമര വീണ്ടും സിനിമയാക്കണമെന്ന് ഒരു ആഗ്രഹമുണ്ട്. നിന്റെ പേര് ഞങ്ങള്‍ സജസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഓക്കെയാണ്. എന്താണ് അഭിപ്രായമെന്ന് എന്റെയടുത്ത് ചോദിച്ചപ്പോള്‍, ഞാന്‍ പറഞ്ഞ കഥയെല്ലാം മറന്നേക്ക് നമ്മുക്ക് അദ്ദേഹത്തെ പോയികാണമെന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ ശങ്കിച്ചിട്ട് എം.ടി സാറിനോട് പറഞ്ഞു പഴയ നീലത്താമര ഞാന്‍ കണ്ടിട്ടില്ല. സാര്‍ അത് നന്നായി എന്ന് പറഞ്ഞു. അതുകൊണ്ട് നിനക്ക് ഇത് നിന്റെ സ്വതന്ത്ര സിനിമയായിട്ട് ചെയ്യാന്‍ കഴിയും. അതിനി കാണേണ്ടതില്ലെന്ന് പറഞ്ഞിട്ട് ആ സിനിമയുടെ തിരക്കഥ പുസ്തകം തന്നിട്ട് അത് വായിച്ചു നോക്കാന്‍ പറഞ്ഞു. എന്നിട്ട് നിങ്ങള്‍ക്ക് പുതിയതില്‍ എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ പറയാമെന്ന് എം.ടി സാര്‍ എന്നോട് പറഞ്ഞു’ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal jose talks about M.T Vasudevan Nair