| Friday, 22nd December 2023, 1:17 pm

പെടലിയെന്ന ആ കഥാപാത്രം യഥാര്‍ത്ഥമാണ്; സിനിമക്ക് ശേഷം അദ്ദേഹത്തിന്റെ മക്കളുടെ മുന്നിലേക്ക് പോകാന്‍ ഭയമായിരുന്നു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ സിനിമകളിലൊന്നാണ് മീശമാധവന്‍. ഇപ്പോള്‍ സഫാരിക്ക് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.

‘എന്റെ അമ്മമ്മയുടെ ചേട്ടന്റെ മകനെ ഞങ്ങള്‍ കുട്ടിക്കാലത്ത് മേനോന്‍ വല്ല്യപ്പന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. മേനോന്‍ എന്ന് വിളിക്കാന്‍ കാരണം അദ്ദേഹം പള്ളിയിലെ കണക്കെഴുത്തുക്കാരനായിരുന്നു. പണ്ട് അദ്ദേഹത്തിന്റെ മനസമ്മതമൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് അദ്ദേഹത്തിന് വാതപ്പനി വന്നു. അത് ആ കാലത്ത് കുറച്ച് കോമണായ പനിയായിരുന്നു. ഈ വാതപ്പനി വന്നിട്ട് അദേഹത്തിന്റെ ശരീരം മൊത്തം തളര്‍ന്നു.

അങ്ങനെ എണ്ണ തോണിയില്‍ കിടത്തിയിട്ടുള്ള ചികിത്സയും കാര്യങ്ങളുമൊക്കെ നടത്തി. എന്നാല്‍ എന്ന് അദ്ദേഹത്തിന്റെ ആരോഗ്യം ശരിയാകുമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ഈ മനസമ്മതം നടത്തിയ കല്യാണം വേണ്ടെന്ന് വെക്കാന്‍ അദ്ദേഹം പറഞ്ഞു. അന്ന് കാരണവന്മാര്‍ പെണ്ണിന്റെ വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ പെണ്‍കുട്ടി അതിന് സമ്മതിച്ചില്ല.

കര്‍ത്താവിന്റെ മുന്നില്‍ നിന്നിട്ടാണ് വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞതെന്നും ആ തീരുമാനം മാറ്റില്ലെന്നും ഏത് അവസ്ഥയിലാണോ ആ അവസ്ഥയില്‍ താന്‍ അദ്ദേഹത്തെ കല്യാണം കഴിക്കുമെന്നും ആ പെണ്‍കുട്ടി പറഞ്ഞു. അങ്ങനെ കുറച്ച് കാലം അവര്‍ കാത്തിരുന്നു. എന്നാല്‍ ആ ചികിത്സയില്‍ ഫലം കാണാതെ പോയ ഒരു കാര്യം, കഴുത്തിന്റെ മൂവ്‌മെന്റ് ആയിരുന്നു. കഴുത്ത് തിരിക്കാന്‍ പറ്റാതെയായി. നടക്കാനും മറ്റും കുഴപ്പം ഉണ്ടായിരുന്നില്ല. പക്ഷേ കഴുത്ത് മാത്രം തിരിക്കാന്‍ പറ്റില്ലായിരുന്നു.

അങ്ങനെ അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞു. എന്റെ അമ്മയേക്കാള്‍ പ്രായം കൂടുതലാണ് അദ്ദേഹത്തിന്. മുതിര്‍ന്ന മക്കളൊക്കെയുള്ള ആളാണ്. അദ്ദേഹം പള്ളിയില്‍ കണക്കെഴുത്തുക്കാരനായി. പള്ളിയില്‍ കണക്ക് എഴുതുന്നവര്‍ക്ക് അന്ന് പറഞ്ഞിരുന്ന പേര് പള്ളി മേനോന്‍ എന്നായിരുന്നു. അങ്ങനെ അദ്ദേഹം കുട്ടികള്‍ക്കെല്ലാം മേനോന്‍ വല്ല്യപ്പനായി. ഞങ്ങള്‍ക്ക് ഈ കഥകളൊന്നും അറിയില്ലായിരുന്നു. അദ്ദേഹം വിചിത്രമായി നടക്കുകയാണെന്നാണ് കരുതിയത്. കഴുത്ത് സ്റ്റിഫായാല്‍ നടത്തത്തിലൊക്കെ ചെറിയ മാറ്റം വരുമായിരുന്നു.

അദ്ദേഹത്തിന് ഒരാള്‍ പുറകില്‍ നിന്ന് വിളിച്ചാല്‍ പെട്ടെന്ന് തിരിഞ്ഞു നോക്കാന്‍ കഴിയില്ലായിരുന്നു. ഫുള്‍ ബോഡി തിരിച്ചിട്ട് വേണം നോക്കാന്‍. അപ്പോള്‍ ഞങ്ങള്‍ അന്ന് കുട്ടികള്‍ ചെയ്തിരുന്ന വികൃതി, ഇദ്ദേഹം പോകുമ്പോള്‍ പിന്നില്‍ നിന്ന് പേര് വിളിക്കുക എന്നതായിരുന്നു. പാവം, ആ സമയത്ത് ഫുള്‍ ബോഡി തിരിഞ്ഞ് ആരാടാ എന്ന് ചോദിക്കും. ഞങ്ങള്‍ ഒളിച്ചിരിക്കുകയാകും. അദ്ദേഹം എന്തെങ്കിലും ചീത്തയൊക്കെ വിളിച്ചിട്ട് അവിടുന്ന് പോകും. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വളരെ വിഷമം തോന്നുന്നുണ്ട്.

മീശമാധവന്‍ സിനിമയില്‍ കൊച്ചിന്‍ ഹനീഫ ചെയ്ത കഥാപാത്രത്തിന് എന്തെങ്കിലും ഒരു പ്രത്യേകത വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ആ സമയത്ത് എനിക്ക് അദ്ദേഹത്തെ ഓര്‍മവന്നു. അങ്ങനെയാണ് പെടലി എന്ന ആ കഥാപാത്രം ഉണ്ടാകുന്നത്. ഷൂട്ടിങ് സമയത്താണ് നെക്ക് കോളര്‍ ഇടാന്‍ തീരുമാനിക്കുന്നത്.

മേനോന്‍ വല്ല്യപ്പന്റെ ആ പ്രത്യേകത ഈ കഥാപാത്രത്തിലേക്ക് കൊണ്ട് വരികയായിരുന്നു. എന്നാല്‍ മീശമാധവന്‍ റിലീസ് ആകുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു. ഞാന്‍ ആ സിനിമ ഇറങ്ങിയ ശേഷം കുറച്ച് ഭയന്നിട്ടാണ് അദ്ദേഹത്തിന്റെ മക്കളുടെ മുന്നിലേക്ക് പോയത്. അവരെന്നെ ചീത്ത വിളിക്കുമോ എന്ന് പേടിയായിരുന്നു എനിക്ക്. എന്നാല്‍ അവരൊക്കെ അതിന്റേതായ സ്പിരിറ്റില്‍ തന്നെയാണ് എടുത്തത്,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About Kochin Haneefa’s Charactor Pedali In Meesha Madhavan

We use cookies to give you the best possible experience. Learn more