മലയാളത്തിലെ മികച്ച ക്യാമ്പസ് മൂവികളില്‍ ഒന്നാണ് ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ്. ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, രാധിക, നരേന്‍, ജയസൂര്യ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.ചിത്രത്തിലെ നായികയായ കാവ്യ മാധവനെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ക്ലാസ്സ്മേറ്റ്‌സ് സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന ദിവസം കാവ്യ എത്ര വിളിച്ചിട്ടും വന്നില്ലെന്നും എന്താണെന്ന് പോയി അന്വേഷിച്ചപ്പോള്‍ കരഞ്ഞു കൊണ്ടിരിക്കുന്ന കാവ്യയെയാണ് കണ്ടതെന്നും ലാല്‍ ജോസ് പറയുന്നു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ചിത്രത്തിലെ നായിക താന്‍ അല്ല റസിയ ആണെന്നും ആ കഥാപാത്രം താന്‍ ചെയ്യാം എന്നും കാവ്യ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കാവ്യയെ പോലെ എല്ലാവരും അറിയുന്ന നടി ആ കഥാപാത്രം ചെയ്താല്‍ ആളുകള്‍ക്ക് ആദ്യം തന്നെ സിനിമയുടെ സസ്‌പെന്‍സ് മനസിലാകുമെന്നും താരയും സുകുവും തന്നെയാണ് ചിത്രത്തിലെ യഥാര്‍ത്ഥ നായികാ നായകന്‍ എന്ന് പറഞ്ഞ് കണ്‍വിന്‍സ് ചെയ്താണ് കാവ്യ അഭിനയിക്കാന്‍ തയ്യാറായതെന്നും ലാല്‍ ജോസ് പറയുന്നു.
‘ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കാവ്യ മാത്രം വന്നിട്ടില്ല. അവരെ കാണാതെ വരാന്‍ പറ എന്ന് പറഞ്ഞ് ഞാന്‍ ദേഷ്യം പിടിക്കാന്‍ തുടങ്ങി. കുറേ വിളിച്ചിട്ടും കാവ്യ വരുന്നില്ലെന്ന് പറഞ്ഞു. അങ്ങനെ എന്താണെന്ന് അറിയാന്‍ വേണ്ടി ഞാന്‍ കാവ്യയുടെ അടുത്ത് പോയപ്പോള്‍ കാവ്യ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
കഥ കേട്ടിട്ട് ഇമോഷണല്‍ ആയി ഇരിക്കുന്നതായിരിക്കും എന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പക്ഷെ കാവ്യയുടെ പ്രശ്‌നം ഈ പടത്തിലെ നായിക കാവ്യയല്ല റസിയ ആണ് എന്നതാണ്. ‘ഞാന്‍ വേണമെങ്കില്‍ റസിയയുടെ റോള്‍ ചെയ്യാം. താരയുടെ റോള്‍ വേറെ ആര്‍ക്കെങ്കിലും കൊടുത്തോ അവരു ചെയ്‌തോട്ടെയെന്ന്’ കാവ്യ പറഞ്ഞു.
അപ്പോള്‍ ഞാന്‍ പറഞ്ഞു, ഒരിക്കലും ആ റോള്‍ കാവ്യക്ക് ചെയ്യാന്‍ കഴിയില്ല. കാരണം കാവ്യയെ പോലെ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ഒരു താരം റസിയ എന്ന കഥാപാത്രത്തെ ചെയ്താല്‍ തന്നെ കാണുന്ന പ്രേക്ഷകന് മനസിലാക്കും, ഈ കഥാപാത്രത്തിന് എന്തോ കാര്യമായിട്ടുള്ളത് ഈ സിനിമയില്‍ ഉണ്ടെന്ന്. അങ്ങനെ ആയാല്‍ കഥയുടെ സസ്‌പെന്‍സും പോകും. അതെന്തായാലും ചെയ്യാന്‍ പറ്റില്ല. നീ മനസിലാക്ക് താര തന്നെയാണ് ഈ സിനിമയിലെ യഥാര്‍ത്ഥ നായിക, സുകുമാരനാണ് നായകന്‍ എന്നൊക്കെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്തിട്ടാണ് കാവ്യ അഭിനയിക്കാന്‍ വരുന്നത്,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Kavya Madhavan