തന്റെ കഥാപാത്രങ്ങളിലൂടെയും നാടന്‍പാട്ടുകളിലൂടെയും മലയാളികള്‍ക്കിടയില്‍ ജീവിക്കുന്ന നടനാണ് കലാഭവന്‍ മണി. മലയാളത്തിലെയും തമിഴിലെയും പ്രധാന അഭിനേതാക്കളോടൊപ്പമെല്ലാം കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്.
തന്റെ കഥാപാത്രങ്ങളിലൂടെയും നാടന്‍പാട്ടുകളിലൂടെയും മലയാളികള്‍ക്കിടയില്‍ ജീവിക്കുന്ന നടനാണ് കലാഭവന്‍ മണി. മലയാളത്തിലെയും തമിഴിലെയും പ്രധാന അഭിനേതാക്കളോടൊപ്പമെല്ലാം കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്.
പട്ടാളം എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. കലാഭവന്‍ മണിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടേക്ക് പോയത് പട്ടാളം സിനിമയിലാണെന്നും കുറേ ടേക്ക് ആയപ്പോള്‍ അദ്ദേഹം അടുത്തുണ്ടായിരുന്ന ക്യാപ്റ്റന്‍ രാജുവിനോട് ചൂടായെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മണിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഷോട്ടെടുത്തത് പട്ടാളം സിനിമയില്‍ ആണെന്ന് തോന്നുന്നു. മണി ഓടിവന്നിട്ട് മിലിട്ടറി ക്യാമ്പില്‍ ഉള്ളവരോട് ക്ലൈമാക്സിലേക്ക് ലീഡ് ചെയ്യുന്ന രഹസ്യം പറയുന്നൊരു ഷോട്ടായിരുന്നു അത്. പക്ഷെ എന്തോ കാരണവശാല്‍ മണിക്ക് അന്നൊരു ഡിസ്ട്രാക്ഷന്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ചെയ്തിട്ട് അങ്ങോട്ട് ശരിയാകുന്നില്ലായിരുന്നു.
അങ്ങനെ ഒരു ടേക്കായി, രണ്ട് ടേക്കായി, പത്ത് ടേക്കായി, അത്രയും ആയപ്പോള്‍ മണിയുടെ ഈഗോ ഹെര്‍ട്ടായി. കാരണം സിനിമയുടെ ചുറ്റിലും ആളുകള്‍ കൂടിനില്‍ക്കുകയാണ്. ഞാന്‍ മണിയെ വിളിച്ച് മാറ്റി നിര്‍ത്തിയിട്ട് ഇതെല്ലം എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്, നമുക്ക് ഒരു ബ്രേക്ക് എടുത്തിട്ട് കുറച്ച് കഴിഞ്ഞ് എടുക്കാം എന്ന് പറഞ്ഞു. പക്ഷെ മണിക്ക് വാശിയായി. പറ്റില്ല പറ്റില്ല നമുക്ക് ഇപ്പോള്‍ തന്നെ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ വീണ്ടും എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇരുപത് ടേക്കോളം ആയി. അപ്പോള്‍ ക്യാപ്റ്റന്‍ രാജു ചേട്ടന്‍ മണിയെ ഒന്ന് സമാധാനിപ്പിക്കാനായി ‘മോനെ ഇത് ഇങ്ങനെ ഒന്ന് പറഞ്ഞ് നോക്ക്’ എന്ന് പറഞ്ഞു. മണി വയലന്റായി അദ്ദേഹത്തോട് ചൂടായി. പിന്നെ ഞാന്‍ കാണുന്നത് കേണലിന്റെ യൂണിഫോമില്‍ നിന്ന് രാജു ചേട്ടന്‍ കരയുന്നതാണ്. 22ാമത്തെ ടേക്കില്‍ അതിന് ശേഷം ആ സീന്‍ ഒക്കെയായി. അത് കഴിഞ്ഞ് മണി പോയി സംസാരിച്ച് അവര്‍ തമ്മില്‍ കെട്ടിപ്പിടിക്കലും ഉമ്മവെക്കലുമൊക്കെ ആയി ആ പ്രശ്‌നം അന്ന് സോള്‍വാക്കി,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Lal Jose Talks About Kalabhavan Mani In Pattalam Movie