ചുരുങ്ങിയ കാലം കൊണ്ട് താനൊരു മികച്ച നടന്‍ ആണെന്ന് തെളിയിച്ച താരമാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന ജോജു തന്റെ കഠിനപ്രയത്‌നത്തിലൂടെ ഇന്ന് അന്യഭാഷയില്‍ അടക്കം തിരക്കുള്ള നടനായി മാറിയിട്ടുണ്ട്.
ജോജു ജോര്‍ജിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ പട്ടാളം എന്ന സിനിമയിലാണ് ആദ്യമായി ജോജു ഡയലോഗ് പറയുന്നതും പാട്ടുപാടി അഭിനയിക്കുന്നതെന്നും ലാല്‍ ജോസ് പറയുന്നു. ബിജു മേനോന്റെ സുഹൃത്ത് എന്ന നിലയിലും മാളക്കാരന്‍ എന്ന നിലയിലുമാണ് താന്‍ ജോജുവിനെ പരിചയപ്പെടുന്നതെന്നും പിന്നീട് സൗഹൃദം വളര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല കാലഘട്ടങ്ങളില്‍ പല റോളുകളില്‍ താന്‍ ജോജുവിനെ കണ്ടിട്ടുണ്ടെന്ന് ലാല്‍ ജോസ് പറഞ്ഞു. ചിലപ്പോള്‍ വണ്ടി കച്ചവടമായിരിക്കും ഇടക്ക് സ്ഥലക്കച്ചവടം ആയിട്ടും അല്ലെങ്കില്‍ സ്വന്തമായി ഹോട്ടല്‍ നടത്തുന്നതായും താന്‍ ജോജുവിനെ കണ്ടിട്ടുണ്ടെന്നും ഇരുപത് വര്‍ഷത്തോളം സിനിമയില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യാന്‍ വേണ്ടി ജോജു കഷ്ടപെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലെ പരിപാടിയിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘സിനിമയില്‍ കൊച്ചു കൊച്ചു റോളുകളില്‍ ഉണ്ടായ അഭിനേതാവാണ് ജോജു ജോര്‍ജ്. ജോജു ആദ്യം വരുന്നത് പട്ടാളത്തിലാണ്. എന്റെ സിനിമയില്‍ ജോജു വരുന്നത് പട്ടാളത്തിലാണ്. പക്ഷെ അതിന് മുമ്പ് പല സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായിട്ട് ഡയലോഗ് പറയുന്നതും ആദ്യമായിട്ട് ഒരു വരി പാടി അഭിനയിക്കുന്നതും പട്ടാളത്തിലാണ്.
ബിജുവിന്റെ ഫ്രണ്ട് എന്ന നിലയിലാണ് ഞാന്‍ ജോജുവിനെ പരിചയപ്പെടുന്നത്. മാളക്കാരന്‍ ആണെന്നെല്ലാം പറഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പിന്നീട് ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോകുകയും പല കാലഘട്ടങ്ങളില്‍ പല റോളുകളില്‍ ഞാന്‍ ജോജുവിനെ കണ്ടുമുട്ടിയിരുന്നു. പല ജോലികള്‍ ചെയ്യുന്നതായിട്ട് ഞാന്‍ കണ്ടിട്ടുണ്ട്.
ചിലപ്പോള്‍ വണ്ടി കച്ചവടം ആയിരിക്കും, ചിലപ്പോള്‍ സ്ഥല കച്ചവടമായിരിക്കും, ചിലപ്പോള്‍ സ്വന്തമായിട്ട് ഹോട്ടല്‍ തുടങ്ങിയിട്ടുണ്ടാകും അങ്ങനെ പല ജോലികള്‍ ചെയ്തിട്ടാണ് സിനിമയില്‍ നില്‍ക്കാന്‍ വേണ്ടി അദ്ദേഹം കഷ്ടപ്പെട്ടത്. സിനിമയില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യാന്‍ വേണ്ടിയിട്ട് ഇരുപത് വര്‍ഷത്തോളം നിരവധി ജോലികള്‍ അദ്ദേഹം ചെയ്തു. വളരെ അപൂര്‍വം ആളുകളെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളു,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Joju George