| Thursday, 7th November 2024, 6:16 pm

ഈ പടംകൊണ്ട് എനിക്കൊരു ഗുണവുമില്ലെന്ന് ഇന്ദ്രജിത്; നിനക്ക് ഗുണമുണ്ടാക്കാനല്ല സിനിമ ചെയ്യുന്നതെന്ന് ഞാന്‍: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം. സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി. ആന്‍ അഗസ്റ്റിന്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്‍ അഗസ്റ്റിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി സിനിമ വിജയിച്ചിട്ടും ആ ജയത്തിന്റെ സന്തോഷം തനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് പറയുകയാണ് ലാല്‍ ജോസ്. സിനിമ വിജയിച്ചിരിക്കുന്ന സമയത്ത് ഇന്ദ്രജിത് വിളിച്ചിട്ട് ആ സിനിമകൊണ്ട് തനിക്കൊരു ഗുണവും ഇല്ലെന്ന് പറഞ്ഞെന്ന് ലാല്‍ ജോസ് പറയുന്നു. ഇന്ദ്രജിന്റെ ഗുണത്തിന് വേണ്ടിയല്ല താന്‍ സിനിമ ചെയ്യുന്നതെന്നെന്ന് തിരിച്ച് പറഞ്ഞെന്നും നല്ല കഥാപാത്രമായിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ഇന്ദ്രജിത് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലെ പരിപാടിയിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘എല്‍സമ്മ എന്ന ആണ്‍കുട്ടി സിനിമ വിജയിച്ചു. ഞങ്ങള്‍ എല്ലാവരും വളരെ ഹാപ്പിയായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ദ്രജിത് വിളിച്ചിട്ട് ‘ചേട്ടാ ഈ സിനിമകൊണ്ട് എനിക്കൊരു ഗുണവുമില്ല, ചാക്കോച്ചനും ആനിനുമൊക്കെ ചിലപ്പോള്‍ ഗുണമുണ്ടാകും പക്ഷെ എനിക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമില്ല’ എന്ന് പറയുന്നത്.

അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘എനിക്കറിയില്ല എങ്ങനെയാണെന്ന്, നിനക്ക് ഗുണം ഉണ്ടാകണം എന്ന് വിചാരിച്ചല്ല ഞാന്‍ സിനിമ ചെയ്യുന്നത്. സിനിമക്ക് ഗുണം ഉണ്ടാകണം, സിനിമയുടെ നിര്‍മാതാവിന് ഗുണം ഉണ്ടാകണം, സിനിമ വിജയിക്കണം എന്നോര്‍ത്ത് ചെയ്‌തൊരു സിനിമയാണ്, സിനിമ വിജയിച്ചു. അത് ലക്ഷ്യം കണ്ടു. പിന്നെ നിനക്ക് മാത്രമായിട്ട് ഗുണം ഇല്ലെന്ന് തോന്നുന്നതെന്തിനാണെന്ന് എനിക്ക് അറിയില്ല.

നിനക്ക് ഒരേ ഇമ്പോര്‍ട്ടന്‍സ് പരസ്യത്തിലും മറ്റ് കാര്യങ്ങളിലൊക്കെ തന്നിട്ടുണ്ട്. സിനിമയില്‍ ആ ക്യാരക്ടറിന് ഒരു പോസിറ്റീവ് എന്റുണ്ട്. പെര്‍ഫോം ചെയ്യാനുള്ള ചാന്‍സ് ഉണ്ടായിരുന്നു. പാട്ടും എല്ലാം ഉണ്ടായിരുന്നു’ എന്ന്. അപ്പോള്‍ അങ്ങനെ വിജയിച്ചിട്ടും ആ വിജയത്തിന്റെ സന്തോഷം അനുഭവിക്കാന്‍ പറ്റാതെ പോയൊരു സിനിമയായിരുന്നു എല്‍സമ്മ,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose Talks About Indrajith’s Issue In Elsamma Enna Aankutty Movie

We use cookies to give you the best possible experience. Learn more