|

അന്ന് അയാള്‍ മണിയെ പറ്റി വാ തോരാതെ സംസാരിച്ചു; അതോടെ ഞാന്‍ മണി വരുന്നതും കാത്തുനിന്നു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. താന്‍ ആദ്യമായി മണിയെ കുറിച്ച് കേട്ടത് കലാഭവന്‍ അന്‍സാറില്‍ നിന്നാണെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അന്‍സാര്‍ എഴുതി സംവിധാനം ചെയ്ത കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായത് ലാല്‍ ജോസ് ആയിരുന്നു.

1996ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ജഗദീഷ്, പ്രേംകുമാര്‍, ഇന്നസെന്റ്, ആനി, ജഗതി ശ്രീകുമാര്‍, അബി, സില്‍ക്ക് സ്മിത, ഫിലോമിന തുടങ്ങിയ മികച്ച താരങ്ങള്‍ക്കൊപ്പം കലാഭവന്‍ മണിയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മെയിന്‍ സ്ട്രീമിലേക്ക് വന്നതിന് ശേഷമുള്ള മണിയുടെ രണ്ടാമത്തെ സിനിമയായിരുന്നു കിരീടമില്ലാത്ത രാജാക്കന്മാര്‍.

അന്ന് ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് പൂജയുടെ സമയത്ത് കലാഭവന്‍ അന്‍സാര്‍ തന്നോട് മണിയെ പറ്റി സംസാരിച്ചിരുന്നുവെന്നാണ് ലാല്‍ ജോസ് പറയുന്നത്. അദ്ദേഹം മണിയെ കുറിച്ച് അന്ന് വാ തോരാതെ പറയുന്നത് കേട്ട് മണി പടത്തില്‍ ജോയിന്‍ ചെയ്യുന്നത് കാത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന സിനിമയില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യാനായി ഞാന്‍ ഒരു മുന്‍പരിചയവുമില്ലാത്ത അന്‍സാര്‍ക്കയുടെ കൂടെ എറണാകുളത്തേക്കാണ് പോയത്. അവിടുന്ന് അന്‍സാര്‍ക്കയുമായി നന്നായി പരിചയപ്പെട്ടു. അടുത്ത ദിവസം തന്നെയായിരുന്നു ഷൂട്ടിങ്ങ് തുടങ്ങുന്നത്.

അപ്പോള്‍ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് പൂജയുടെ സമയത്ത് അന്‍സാര്‍ക്ക എന്നോട് മണിയെ പറ്റി സംസാരിച്ചിരുന്നു. ‘ഇതില്‍ കലാഭവന്‍ മണി അഭിനയിക്കുന്നുണ്ട്. നീ അവന്റെ മിമിക്രി കണ്ടിട്ടുണ്ടോ?’ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ അപ്പോള്‍ മണിയെ കണ്ടിരുന്നില്ല.

‘നല്ല മിടുക്കനാണ്. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന സിനിമയുണ്ട്. ലോഹിതദാസിന്റെ സ്‌ക്രിപ്റ്റില്‍ വന്ന സിനിമയില്‍ ദിലീപാണ് നടന്‍. അതില്‍ മണി ഒരു പ്രധാനപ്പെട്ട റോളില്‍ അഭിനയിച്ചിട്ടുണ്ട്. അവന്‍ കലക്കിയിട്ടുണ്ട് എന്നാണ് കേട്ടത്’ എന്നായിരുന്നു അന്‍സാര്‍ക്ക പറഞ്ഞത്.

അവന്‍ നല്ല കോമഡിയാണെന്നും ആരോഗ്യമുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു. മണിയെ കുറിച്ച് അന്ന് വാ തോരാതെയാണ് അന്‍സാര്‍ക്ക സംസാരിച്ചത്. ഞാന്‍ അത് കേട്ടിട്ട് ഈ സിനിമയിലേക്ക് മണി വന്ന് ജോയിന്‍ ചെയ്യുന്നത് കാത്തിരുന്നു. മണി മെയിന്‍ സ്ട്രീമിലേക്ക് വന്നതിന് ശേഷമുള്ള രണ്ടാമത്തെ സിനിമയായിരുന്നു കിരീടമില്ലാത്ത രാജാക്കന്മാര്‍,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose Talks About How Kalabhavan Ansar Introduce Kalabhavan Mani To Him