നടന്‍ പൃഥ്വിരാജ് സുകുമാരന്റെ പെര്‍ഫോമന്‍സില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലേതെന്ന് പറയുകയാണ് ലാല്‍ ജോസ്. രവി തരകന്‍ എന്ന കഥാപാത്രത്തില്‍ തനിക്ക് ഒരു ക്രെഡിറ്റുമില്ലെന്നും പൃഥ്വി ആ കഥാപാത്രത്തെ നന്നായി കണ്‍സീവ് ചെയ്തത് കൊണ്ടാണ് സിനിമ നന്നായതെന്നും സംവിധായകന്‍ പറയുന്നു.
പൃഥ്വിരാജിന് ഒരു യോദ്ധാവിന്റെ ശരീരമാണെന്ന് പറയുന്ന ലാല്‍ ജോസ് ഇപ്പോള്‍ പൃഥ്വിയെ നായകനാക്കി അയാളും ഞാനും തമ്മില്‍ പോലെയുള്ള ഒരു സിനിമ എടുക്കാന്‍ തനിക്ക് ധൈര്യം വരില്ലെന്നും കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
അയാളും ഞാനും തമ്മില്‍ എന്ന സിനിമയെ കുറിച്ചും പൃഥ്വിരാജ് സുകുമാരനെ കുറിച്ചും പറയുന്ന ലാല്‍ ജോസ്:
‘ഇപ്പോള്‍ എനിക്ക് രാജുവിനെ വെച്ച് അയാളും ഞാനും തമ്മില്‍ പോലെയുള്ള ഒരു സിനിമ എടുക്കാന്‍ ധൈര്യം വരില്ല. രാജുവിന്റേത് ഒരു യോദ്ധാവിന്റെ ശരീരമാണ്. അദ്ദേഹത്തിന്റെ ക്യാരക്ടറിലും ഒരു യോദ്ധാവിന്റെ സാധനമുണ്ട്. അതില്‍ നിന്ന് മനസാകെ തകര്‍ന്ന് ഒടഞ്ഞുപോയ ഒരാളായി മാറുകയെന്നത് എളുപ്പമല്ല.
മനസില്‍ ആ കഥാപാത്രത്തെ സ്വീകരിച്ചാല്‍ മാത്രമേ അതിന് പറ്റുകയുള്ളൂ. അയാളും ഞാനും തമ്മില്‍ എന്ന സിനിമക്ക് വേണ്ടി രാജു അവന്റെ ശരീരമൊന്നും കുറച്ചിട്ടില്ല. മനസ് തകര്‍ന്നാല്‍ ഒരാളുടെ മുഖം എങ്ങനെയുണ്ടാകും എന്നുള്ള കാര്യം വളരെ മനോഹരമായി രാജു ആ സിനിമയിലൂടെ കാണിച്ചു തരികയായിരുന്നു.
രാജുവിന്റെ പെര്‍ഫോമന്‍സില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ആ സിനിമയിലേത്. എന്റെ സിനിമയുടെ കാര്യമല്ല, അയാളുടെ എല്ലാ സിനിമകളും നോക്കിയാല്‍ എനിക്ക് ഏറ്റവും ഇഷ്ടം അയാളും ഞാനും തമ്മിലാണ്. ആ കഥാപാത്രത്തില്‍ എനിക്ക് ഒരു ക്രെഡിറ്റുമില്ല. രാജു ആ കഥാപാത്രത്തെ നന്നായി കണ്‍സീവ് ചെയ്തത് കൊണ്ടാണ് സിനിമ നന്നായത്,’ ലാല്‍ ജോസ് പറയുന്നു.
മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ലാല്‍ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മില്‍. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ സിനിമയുടെ തിരക്കഥ രചിച്ചത് ബോബി – സഞ്ജയ്മാര്‍ ആയിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ പൃഥ്വിക്ക് പുറമെ സംവൃത സുനില്‍, നരേന്‍, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ആ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതും അയാളും ഞാനും തമ്മിലായിരുന്നു.
Content Highlight: Lal Jose Talks About His Fav Character Of Prithviraj Sukumaran