ബാബു ജനാര്‍ദ്ദനന്റെ രചനയില്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ്, ബിജു മേനോന്‍, ലാല്‍, സംയുക്ത വര്‍മ, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’. കാവ്യ മാധവന്‍ ആദ്യമായി നായികാവേഷത്തിലെത്തിയ ചിത്രം കൂടിയാണിത്.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ കാവ്യ മാധവന്‍ അവതരിപ്പിച്ച രാധ എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് ശാലിനിയെ ആണെന്നും എന്നാല്‍ ആ സമയത്ത് തന്നെ നിറം സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനാല്‍ ശാലിനി ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും ലാല്‍ ജോസ് പറയുന്നു.
അടുത്ത നായിക ആരെ ആകും എന്ന് ആലോചിച്ചിരുന്നപ്പോള്‍ മഞ്ജു വാര്യരാണ് പുതുമുഖ നായികയെ വെക്കാന്‍ പറഞ്ഞതെന്നും അങ്ങനെയാണ് കാവ്യ മാധവനിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനി പ്ലസ് എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ കാസ്റ്റിങ് എല്ലാം ഏകദേശം തീര്‍ന്നതായിരുന്നു. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു, സിദ്ദിഖ് ലാലിലെ ലാല്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു, നായിക ബേബി ശാലിനി. ശാലിനി അപ്പോള്‍ സീനിയര്‍ ശാലിനി ആയിട്ടുണ്ട്. അങ്ങനെ കഥാപാത്രങ്ങളും അത് ചെയ്യേണ്ടവരെയും ഒക്കെ ഏകദേശം തീരുമാനമായി.
അതിനിടയിലാണ് നിറം എന്ന് പറയുന്ന സിനിമയില്‍ ശാലിനി ഡേറ്റ് കൊടുത്തത്. ആ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിന്റെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് തന്നെയാണ്. അങ്ങനെ ബേബി ശാലിനി ഈ സിനിമയില്‍ ഇല്ല എന്ന് പറഞ്ഞു. പിന്നെ ഇനിയാര് എന്ന ചോദ്യം വന്നു.
അപ്പോള്‍ മഞ്ജു വാര്യരാണ് പറയുന്നത് ഒരു പുതിയ ആളെ വെക്കാം. പുതിയ ആള്‍ സിനിമയിലേക്ക് വരട്ടെ എന്ന്. പെട്ടെന്ന് കാവ്യയുടെ കാര്യം ഓര്‍മ വന്നു. അങ്ങനെ നീലേശ്വരത്ത് കാവ്യയുടെ വീട്ടില്‍ ഞാന്‍ പോയി അവരോടു സിനിമയുടെ കാര്യം പറഞ്ഞ് അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുകയും കാവ്യ ഈ കഥാപാത്രം ചെയ്യാമെന്ന് ഏല്‍ക്കുകയുമായിരുന്നു,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Heroin selection Of Chandranudikkunna Dikkil