Advertisement
Entertainment
അന്നും ഇന്നും എനിക്കിഷ്ടമുള്ള എന്റെ സിനിമ; അതിന് ശേഷം ആ നടന്റെ കൂടെ മറ്റൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞില്ല: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 11, 11:18 am
Monday, 11th November 2024, 4:48 pm

ജെയിംസ് ആല്‍ബര്‍ട്ടിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഏഴ് സുന്ദര രാത്രികള്‍. 2013ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ ദിലീപാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. റീമ കല്ലിങ്കല്‍, മുരളി ഗോപി, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

ഏഴ് സുന്ദര രാത്രികള്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. തിയേറ്ററില്‍ റിലീസായപ്പോള്‍ ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് ലാല്‍ ജോസ് പറയുന്നു. എന്നാല്‍ സിനിമ നഷ്ടമാണെന്ന് പറയാന്‍ കഴിയില്ലെന്നും സാറ്റ്‌ലൈറ്റ് റൈറ്റെല്ലാം നല്ല രീതിക്ക് പോയതിനാല്‍ സിനിമ ചെറിയ രീതിയില്‍ ലാഭമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ഏഴ് സുന്ദര രാത്രികള്‍ക്ക് സംഭവിച്ചതെന്ന് അറിയില്ലെന്നും പറയാന്‍ ഉദ്ദേശിച്ച കഥ നന്നായി തന്നെ പറഞ്ഞ സിനിമയായിരുന്നു അതെന്നും ലാല്‍ ജോസ് പറഞ്ഞു. എന്നാല്‍ ആ കഥ ആളുകള്‍ക്ക് ഇഷ്ടമായിട്ടുണ്ടാകില്ലെന്നും അല്ലെങ്കില്‍ ദിലീപ് അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത് ഇഷ്ടമായിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ചിത്രത്തിന് ശേഷം ദിലീപുമായി മറ്റൊരു ചിത്രം ഉണ്ടായില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.

‘ഏഴ് സുന്ദര രാത്രികള്‍ തിയേറ്ററില്‍ റിലീസായി. എന്നാല്‍ വിചാരിച്ച രീതിയില്‍ ചിത്രം സ്വീകരിക്കപ്പെട്ടില്ല. പക്ഷെ സിനിമ നഷ്ടമാണെന്ന് പറയാന്‍ കഴിയില്ല. സാറ്റ്‌ലൈറ്റ് റൈറ്റെല്ലാം നല്ല രീതിക്ക് പോയിരുന്നു. പിന്നെ തിയേറ്ററില്‍ നിന്ന് വന്ന കളക്ഷനെല്ലാം ചേര്‍ത്താല്‍ നഷ്ടമല്ലാതെ ചെറിയ ലാഭമുള്ള സിനിമ തന്നെയായി. അന്നും ഇന്നും എനിക്കിഷ്ടമുള്ള സിനിമയാണ് ഏഴ് സുന്ദര രാത്രികള്‍.

പക്ഷെ എന്താണ് സിനിമക്ക് സംഭവിച്ചതെന്ന് എനിക്കറിയില്ല. പറയാന്‍ ഉദ്ദേശിച്ച കഥ വളരെ നന്നായി തന്നെ പറഞ്ഞ സിനിമ കൂടിയായിരുന്നു ഏഴ് സുന്ദര രാത്രികള്‍. പക്ഷെ ആ കഥ ആളുകള്‍ക്ക് ഇഷ്ടമായിട്ടുണ്ടാകില്ല, അല്ലെങ്കില്‍ അത്തരം ഒരു റോളില്‍ ദിലീപിനെ ആളുകള്‍ എക്‌സ്‌പെക്ട് ചെയ്തിട്ടുണ്ടാകില്ല. എന്തായാലും എനിക്കതിന് ശേഷം ദിലീപുമായി ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, ഇത്രയും കാലമായിട്ടും. പിന്നീട് ഞങ്ങള്‍ തമ്മില്‍ ഒരു സിനിമയുണ്ടായിട്ടില്ല,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose Talks About Ezhu Sundara Rathrikal Movie And Dileep