മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ലാല്‍ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മില്‍. സിനിമയില്‍ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബോബി – സഞ്ജയ്മാര്‍ ആയിരുന്നു.
2012ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ പൃഥ്വിക്ക് പുറമെ സംവൃത സുനില്‍, നരേന്‍, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ആ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതും അയാളും ഞാനും തമ്മിലായിരുന്നു.
എന്നാല്‍ ബോബിയും സഞ്ജയ്‌യും തന്നോട് ഈ സിനിമയുടെ സ്‌ക്രിപ്റ്റിനെ കുറിച്ച് പറയുമ്പോള്‍ കഥയില്‍ ചെറിയ മാറ്റം ഉണ്ടായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. നായകന്റെ അമ്മ മരിക്കുന്നതായിട്ടായിരുന്നു ആദ്യം കഥയെന്നും തന്റെ നിര്‍ബന്ധത്തിലാണ് ആ സിനിമയില്‍ പ്രണയം വരുന്നതെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘ബോബിയും സഞ്ജയ്‌യും ചേര്‍ന്നാണ് എന്നോട് ‘അയാളും ഞാനും തമ്മില്‍’ സിനിമയുടെ കഥ പറയുന്നത്. അന്ന് എന്നോട് പറഞ്ഞ ആ കഥ ഇന്ന് സിനിമയില്‍ ഉള്ളത് പോലെ ആയിരുന്നില്ല. പറഞ്ഞ കഥയുടെ ചില ഏരിയകളില്‍ എനിക്ക് ചില അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
സിനിമ കുറച്ച് ഡ്രൈ ആയി പോകുമോയെന്ന് ഞാന്‍ സംശയിച്ചിരുന്നു. എന്റെ നിര്‍ബന്ധത്തിലാണ് ആ സിനിമയില്‍ പ്രണയം വരുന്നത്. അമ്മ മരിക്കുന്നതായിട്ടായിരുന്നു ആദ്യം കഥ. അതിന് പകരം കാമുകിയെ നഷ്ടപ്പെടുന്നതായി മാറ്റുന്നത് എന്റെ നിര്‍ദ്ദേശമായിരുന്നു.
ബോബിക്കും സഞ്ജയ്ക്കും അന്ന് അതില്‍ വിരോധമുണ്ടായിരുന്നു. അത് ക്ലീഷേയാകും എന്നായിരുന്നു ഇരുവരും പറഞ്ഞത്. ക്ലീഷേയാണെന്ന് പറഞ്ഞ് അച്ഛനെ അളിയായെന്ന് വിളിക്കാറില്ലല്ലോ എന്നായിരുന്നു ഞാന്‍ അവരോട് ചോദിച്ചത് (ചിരി),’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Lal Jose Talks About Ayalum Njaanum Thammil Movie’s Story