ഞാന്‍ സംവിധാനം ചെയ്താല്‍ മാത്രം ആ സിനിമയില്‍ അഭിനയിക്കാമെന്ന് രാജു പറഞ്ഞു: ലാല്‍ ജോസ്
Entertainment
ഞാന്‍ സംവിധാനം ചെയ്താല്‍ മാത്രം ആ സിനിമയില്‍ അഭിനയിക്കാമെന്ന് രാജു പറഞ്ഞു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th October 2024, 9:09 am

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ഒരു ലാല്‍ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മില്‍. ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ പൃഥ്വിക്ക് പുറമെ സംവൃത സുനില്‍, നരേന്‍, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തി.

പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ആ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതും അയാളും ഞാനും തമ്മിലായിരുന്നു. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയാളും ഞാനും തമ്മില്‍ ചെയ്യുന്ന സമയത്ത് രാജു സോഷ്യല്‍ മീഡിയയില്‍ ഒരുപാട് അറ്റാക്ക് നേരിടുന്ന സമയമായിരുന്നു. ഞാന്‍ ആ സമയത്ത് കസിന്‍സ് എന്ന സിനിമക്ക് വേണ്ടി അവന്റെയും ലാലേട്ടന്റെയും പിന്നാലെ നടക്കുന്ന സമയമായിരുന്നു. രാജുവാണ് ഒരു ദിവസം എന്നെ വിളിച്ച് ഈ സിനിമയുടെ കാര്യം പറയുന്നത്.

‘ഞാന്‍ ഇന്ന് ഒരു കഥകേട്ടു. കഥ എനിക്ക് ഇഷ്ടമായി. അവര് അഡ്വാന്‍സുമായിട്ടാണ് വന്നത്. ലാലു ചേട്ടന്‍ ഡയറക്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ലാലു ചേട്ടന്‍ കഥ കേട്ടിട്ട് ഓക്കെ പറഞ്ഞാല്‍ ഞാന്‍ അഡ്വാന്‍സ് വാങ്ങാം. അല്ലെങ്കില്‍ അഡ്വാന്‍സ് വാങ്ങില്ല’ എന്നായിരുന്നു അവന്‍ പറഞ്ഞത്.

ഏതോ പുതിയ ആളുകള്‍ വന്ന് കഥ പറഞ്ഞതാകും എന്നാണ് ഞാന്‍ അപ്പോള്‍ കരുതിയത്. ഇത്രയും ധൈര്യമായി പറയുന്നത് അതുകൊണ്ടാകുമെന്ന് കരുതി. ശരി, അവരോട് വന്നോളാന്‍ പറയൂവെന്ന് ഞാന്‍ അവനോട് പറഞ്ഞു. ഇപ്പോള്‍ തന്നെ വിടട്ടേയെന്ന് രാജു ചോദിച്ചു. അതിനും ഞാന്‍ ഓക്കെ പറഞ്ഞു.

അപ്പോഴാണ് എന്നെ കാണാന്‍ വരുന്നത് കറിയാച്ചന്‍ സാറും ബോബി സഞ്ജയ്മാരും ആണെന്ന് ഞാന്‍ അറിയുന്നത്. അത്രയും പ്രശസ്തരായ എഴുത്തുകാരാണ്. അവരോട് നീ ഇങ്ങനെയാണോ പറഞ്ഞതെന്ന് ഞാന്‍ രാജുവിനോട് ചോദിച്ചു. ‘അതിലൊരു കാര്യമുണ്ട്, കഥ കേട്ടാല്‍ മനസിലാകും’എന്നായിരുന്നു രാജുവിന്റെ മറുപടി,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About Ayalum Njaanum Thammil And Prithviraj Sukumaran