| Wednesday, 17th April 2024, 12:14 pm

ആ പൃഥ്വിരാജ് ചിത്രം കലാപരമായും സാമ്പത്തികമായും വിജയിച്ചു; എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ലാല്‍ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മില്‍. ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു.

2012ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിക്ക് പുറമെ സംവൃത സുനില്‍, നരേന്‍, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തി. 2012ല്‍ ചിത്രത്തിന്റെ സംവിധാനത്തിന് ലാല്‍ജോസിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

കലാപരമായിട്ടും സാമ്പത്തികമായിട്ടും വിജയിച്ച സിനിമയാണ് ഇതെന്ന് പറയുകയാണ് ലാല്‍ ജോസ്. എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം ഈ സിനിമക്ക് കിട്ടിയില്ലെന്ന് തനിക്ക് എല്ലാകാലത്തും തോന്നിയിട്ടുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സഫാരിയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കലാപരമായിട്ടും സാമ്പത്തികമായിട്ടും വിജയിച്ച സിനിമയാണ് അയാളും ഞാനും തമ്മില്‍. അര്‍ഹിക്കുന്ന അംഗീകാരം അതിന് കിട്ടിയില്ലെന്ന് എനിക്ക് എല്ലാകാലത്തും തോന്നിയിട്ടുണ്ട്. പക്ഷേ ആ സിനിമയിറങ്ങി കുറെ കാലങ്ങള്‍ക്ക് ശേഷവും ഇന്നും എവിടെയെങ്കിലും ഒരു ചെറുപ്പക്കാരനായ ഡോക്ടറെ കണ്ടുമുട്ടിയാല്‍ അയാള്‍ പറയും, തന്നെ വളരെ സ്വാധീനിച്ച സിനിമയാണ് അതെന്ന്.

അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഒരുപാട് ആളുകള്‍ക്ക് ആ സിനിമ ഒരു പ്രചോദനമായിട്ടുണ്ട്. ആ സിനിമക്ക് ഒരുപാട് കടുത്ത ആരാധകരുണ്ട്. എന്റെ എറ്റവും നല്ല സിനിമ അയാളും ഞാനും തമ്മില്‍ ആണെന്ന് പറഞ്ഞിട്ട് പലരും എനിക്ക് സോഷ്യല്‍ മീഡിയകളില്‍ മെസേജ് അയക്കാറുണ്ട്. ആ സിനിമക്ക് കിട്ടിയ അവാര്‍ഡിലും ഒരു കയ്പ്പും മധുരവുമുണ്ട്.

എന്റെ എല്ലാ സിനിമകളും ഞാന്‍ സ്റ്റേറ്റ് അവാര്‍ഡിനും നാഷണല്‍ അവാര്‍ഡിനും അയക്കാറുണ്ട്. നല്ലതോ ചീത്തയോ എന്ന് നോക്കാതെ അങ്ങനെ ചെയ്യുന്നത്. അല്ലാതെ അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടോ എന്നൊന്നും ഞാന്‍ നോക്കാറില്ല. അത് അയക്കുന്നതിന് കാരണം സിനിമയിലെ പാട്ടിനോ പാട്ടുക്കാരനോ എഡിറ്റര്‍ക്കോ സിനിമറ്റോഗ്രാഫര്‍ക്കോ ഒരു അവാര്‍ഡിന് സാധ്യതയുണ്ടെങ്കില്‍ നഷ്ടപെടുത്തരുതെന്ന് കരുതിയിട്ടാണ്,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About Ayalum Njaanum Thammil

We use cookies to give you the best possible experience. Learn more