അന്ന് പുതിയ ഒരാള്‍ വരുന്നെന്ന രീതിയില്‍ ഞാന്‍ മാറിയിരുന്ന് അല്‍ത്താഫിനെ നോക്കുകയായിരുന്നു: ലാല്‍ ജോസ്
Entertainment
അന്ന് പുതിയ ഒരാള്‍ വരുന്നെന്ന രീതിയില്‍ ഞാന്‍ മാറിയിരുന്ന് അല്‍ത്താഫിനെ നോക്കുകയായിരുന്നു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th May 2024, 6:11 pm

താന്‍ ആദ്യമായി അല്‍ത്താഫ് സലീമിനെ ആദ്യമായി കാണുന്നത് എറണാകുളത്തെ കോഫീ ഷോപ്പില്‍ നിന്നാണെന്ന് പറയുകയാണ് ലാല്‍ ജോസ്. അന്ന് അത് അല്‍ത്താഫാണെന്നും അയാള്‍ നിവിന്‍ പോളിയെ വെച്ച് ഒരു സിനിമ ഡയറക്ട് ചെയ്യാന്‍ പോകുകയാണെന്നെന്നും ഷോപ്പിലെ വെയ്റ്റര്‍ പറയുകയായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു.

താന്‍ അഭിനയിച്ച മന്ദാകിനി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്. അനാര്‍ക്കലി മരയ്ക്കാര്‍, അല്‍ത്താഫ് സലിം എന്നിവര്‍ ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് മന്ദാകിനി.

ഈ കോമഡി എന്റര്‍ടൈനര്‍ ചിത്രത്തില്‍ ലാല്‍ ജോസിന് പുറമെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

‘മന്ദാകിനി ഞാന്‍ തെരഞ്ഞെടുക്കുന്നത് അതില്‍ എനിക്ക് അധികം പണിയില്ലാത്തത് കൊണ്ടാണ്. ശരിക്കും ആ സിനിമയിലേക്ക് വരാന്‍ പല കാരണങ്ങളുണ്ട്. ഞാന്‍ രണ്ട് വര്‍ഷം കൂടുമ്പോഴൊക്കെ സിനിമയെടുക്കുന്ന ആളാണ്. ഇപ്പോള്‍ ഒരു സിനിമയെടുത്തിട്ട് ഏതാണ്ട് രണ്ട് വര്‍ഷമാകാറായി.

എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്തവരും ടെക്നീഷ്യന്‍സുമല്ലാതെ അതിനപ്പുറത്തേക്ക് ആരുമായും എനിക്ക് വലിയ കണക്ഷനൊന്നും ഉണ്ടാവാറില്ല. സിനിമ തുടങ്ങുന്ന സമയത്ത് ഞാന്‍ എറണാകുളത്ത് വരും കഴിഞ്ഞാല്‍ ഒറ്റപ്പാലത്ത് പോയിരിക്കും. വലിയ സോഷ്യലൈസിങ്ങ് ഇല്ലാത്തത് കൊണ്ട് ബന്ധങ്ങളൊക്കെ കുറവാണ്.

പുതിയ സിനിമയിലെ പല ചെറുപ്പക്കാരനെയും ഞാന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ല. മന്ദാകിനിയെന്ന സിനിമയിലേക്ക് വിളിക്കുമ്പോഴുള്ള ഒരു സന്തോഷം അതില്‍ പുതിയ സിനിമറ്റോഗ്രാഫറും ഡയറക്ടറുമൊക്കെയാണ് എന്നതാണ്. പ്രൊഡ്യൂസറെ ഇന്നാണ് ഞാന്‍ നേരിട്ട് കാണുന്നത്.

അതിലെ നായകനായ അല്‍ത്താഫ് സലീമിനെ ഞാന്‍ ആദ്യമായി കാണുന്നത് മുമ്പൊരിക്കല്‍ എറണാകുളത്തെ കോഫീ ഷോപ്പില്‍ നിന്നാണ്. അന്ന് വെയ്റ്ററാണ് പറഞ്ഞത് അത് അല്‍ത്താഫ് സലീമാണ്, നിവിന്‍ പോളിയെ വെച്ച് ഡയറക്ട് ചെയ്യാന്‍ പോകുകയാണെന്ന്.

അന്ന് അല്‍ത്താഫും സ്റ്റെഫി സേവ്യറും ഇരുന്ന് ഞണ്ടുകളുടെ നാടിന്റെ കോസ്റ്റിയും ഡിസ്‌ക്കഷന്‍ നടത്തുകയായിരുന്നു. ഞാന്‍ അപ്പോള്‍ മാറിയിരുന്ന് ‘ഇനി പുതിയ ഒരാള്‍ വരുന്നു’ എന്ന രീതിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാതെ എനിക്ക് അല്‍ത്താഫിനെ പരിചയമുണ്ടായിരുന്നില്ല,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About Althaf Salim