| Wednesday, 22nd May 2024, 3:55 pm

അഭിനയിക്കുമ്പോള്‍ ആ നടീനടന്മാരുടെ ആത്മാക്കള്‍ ചുറ്റും നില്‍ക്കുന്നത് പോലെ തോന്നും: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ യഥാര്‍ത്ഥത്തില്‍ സിനിമ എന്‍ജോയ് ചെയ്ത് തുടങ്ങുന്നത് അഭിനയിച്ചു തുടങ്ങിയ ശേഷമാണെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അഭിനയിക്കാന്‍ ഓരോ സെറ്റിലും പോകുമ്പോഴാണ് സിനിമയുടെ മറ്റൊരു വശം കണ്ടെത്തുന്നതും അദ്ദേഹം പറയുന്നു.

താന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ മന്ദാകിനിയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്. സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധാനം ചെയ്യുമ്പോള്‍ താന്‍ ചീത്ത വിളിച്ചിട്ടുള്ള നടീനടന്മാരുടെ ആത്മാക്കളൊക്കെ ചുറ്റും നില്‍ക്കുന്നത് പോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ശരിക്കും സിനിമ എന്‍ജോയ് ചെയ്യുന്നത് അഭിനയിച്ചു തുടങ്ങിയ ശേഷമാണ്. അഭിനയിക്കാന്‍ ഓരോ സെറ്റിലും പോകുമ്പോഴാണ് സിനിമയുടെ വേറെ ഒരു വശം കണ്ടെത്തുന്നതും അത് എന്‍ജോയ് ചെയ്യുന്നതും.

സംവിധാനം ചെയ്യുമ്പോള്‍ തലക്ക് തീ പിടിച്ചത് പോലെയുള്ള അവസ്ഥയാണ്. മെഴുകുതിരിയുടെ രണ്ട് സൈഡും കത്തിച്ചത് പോലെയുള്ള പരിപാടിയാണ് അത്. സിനിമയുടെ സമയത്ത് മറ്റു സെലിബ്രേഷനിലൊന്നും നമ്മള്‍ ഉണ്ടാവില്ല.

മിക്കപ്പോഴും ഇന്നോ അടുത്ത ദിവസമോ ആയിട്ട് എടുക്കാനുള്ള ഷോട്ടുകളുടെ ടെന്‍ഷനിലാകും ഉണ്ടാവുക. പിന്നെ ഇതിന്റെ പാരലലായുള്ള സ്‌ക്രിപ്റ്റിന്റെ ഡിസ്‌ക്കഷനും മറ്റുമുണ്ടാവും. പ്രൊഡക്ഷനുമായും പ്രൊഡ്യൂസറുമായുള്ള ഗുസ്തിയും സാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെയുണ്ടാകും.

അപ്പോള്‍ വേറെ ഒരു മൂഡിലാകും ഉണ്ടാകുക. എന്നാലും ആ പ്രോസസ് എന്‍ജോയ് ചെയ്യാറുണ്ടായിരുന്നു. പക്ഷേ അഭിനയം വേറെ ഒരു റിലാക്‌സ്ഡ് ആയ വശമാണ്. ഈ അടുത്തായിട്ടാണ് ഞാന്‍ ഇങ്ങനെ റിലാക്‌സായി തുടങ്ങുന്നത്. കാരണം, അഭിനയം എനിക്ക് വലിയ പ്രശ്‌നമാണ്, ഇപ്പോഴും ആണ്.

പ്രധാന പ്രശ്‌നം, നമ്മള്‍ ഡയറക്ട് ചെയ്യുമ്പോള്‍ ചീത്ത വിളിച്ചിട്ടുള്ള നടീനടന്മാരുടെ ആത്മാക്കളൊക്കെ ചുറ്റും നില്‍ക്കുന്നത് പോലെ തോന്നും എന്നതാണ്,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About Acting

We use cookies to give you the best possible experience. Learn more