മമ്മൂക്ക ആ സീന്‍ ചെയ്യുന്നതോര്‍ത്ത് അവരെല്ലാം ടെന്‍ഷനടിച്ചു; അദ്ദേഹം എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു: ലാല്‍ ജോസ്
Entertainment
മമ്മൂക്ക ആ സീന്‍ ചെയ്യുന്നതോര്‍ത്ത് അവരെല്ലാം ടെന്‍ഷനടിച്ചു; അദ്ദേഹം എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th November 2024, 7:53 am

കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ‘ഒരു മറവത്തൂര്‍ കനവ്’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.

ഈ സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകനായത്. അദ്ദേഹം ചാണ്ടിയെന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ കോഴികളുടെ പിന്നാലെ ഓടുന്നതും അതിനെ പിടിക്കുന്നതുമായ ഒരു സീന്‍ ഉണ്ടായിരുന്നു. ഈ സീനിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയെ കൊണ്ട് അത്തരമൊരു സീന്‍ ചെയ്യിക്കുമ്പോള്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ആളുകള്‍ക്കൊക്കെ ടെന്‍ഷനായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ഈ പുതിയ പയ്യന്‍ നിങ്ങളെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നത് മമ്മൂട്ടിയോട് ചിലര്‍ ചോദിച്ചപ്പോള്‍ അതാണ് താന്‍ അവന് ഡേറ്റ് കൊടുക്കാന്‍ കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

‘ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ആളുകള്‍ക്കൊക്കെ ടെന്‍ഷനായിരുന്നു. മമ്മൂക്ക കോഴികളുടെ പിന്നാലെ ഓടുന്നു, തോര്‍ത്ത് ഒരു കോഴിയുടെ മേലെയിട്ടിട്ട് നിലത്തേക്ക് മറിഞ്ഞുവീണ് അതിനെ പിടിക്കുന്നു.

ആ ഷോട്ടുകള്‍ എടുക്കുമ്പോള്‍ ബാക്കി എല്ലാവരും ടെന്‍ഷനടിച്ച് നില്‍ക്കുകയാണ്. മമ്മൂക്ക എങ്ങനെ ആ സീനിനോട് റിയാക്ട് ചെയ്യുമെന്ന് അറിയില്ലല്ലോ. പിന്നെ സീനൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ‘എന്നാലും ഈ പുതിയ പയ്യന്‍ നിങ്ങളെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നത്’ എന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചു.

അപ്പോള്‍ മമ്മൂക്ക പറഞ്ഞത് ‘അതാണ് ഞാന്‍ അവന് ഡേറ്റ് കൊടുക്കാന്‍ കാരണം. ഈ ഒരു സീക്വന്‍സ് ഒരൊറ്റ ഷോട്ടില്‍ ചെയ്യാമായിരുന്നു. പക്ഷെ അവന്‍ അത്രയേറെ ഷോട്ടുകള്‍ എടുത്തത് അതിന്റെ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാനാണ്’ എന്നായിരുന്നു. ഞാന്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. പിന്നീടാണ് മമ്മൂക്ക ഇങ്ങനെ പറഞ്ഞെന്ന് അറിയുന്നത്,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose Talks About A Scene Of Mammootty In Oru Maravathoor Kanavu