'എന്ത് ദ്രോഹമാണ്, നീ ആക്ടേഴ്‌സിനെ ഒട്ടും മതിക്കാത്ത ആളാണ്' എന്ന് മമ്മൂക്ക; അന്ന് ഒരുപാട് ചീത്ത പറഞ്ഞു: ലാല്‍ ജോസ്
Entertainment
'എന്ത് ദ്രോഹമാണ്, നീ ആക്ടേഴ്‌സിനെ ഒട്ടും മതിക്കാത്ത ആളാണ്' എന്ന് മമ്മൂക്ക; അന്ന് ഒരുപാട് ചീത്ത പറഞ്ഞു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th April 2024, 11:39 am

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി തന്റെ കരിയര്‍ ആരംഭിച്ച് മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ ജോസ്. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത് .

പിന്നീട് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സംവിധായകനാകുന്നത്. ഇന്ന് സംവിധായകന്‍, നടന്‍, നിര്‍മാതാവ് എന്നീ മേഖലകളിലെല്ലാം അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് തനിക്ക് ഒരുപാട് ചീത്ത കേട്ടിട്ടുണ്ടെന്ന് പറയുകയാണ് ലാല്‍ ജോസ്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയുടെ കയ്യില്‍ നിന്ന് എനിക്ക് ചീത്ത കേട്ടിട്ടുണ്ട്. സംവിധാനം ചെയ്യുന്ന സമയത്ത് ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ അത് ഒക്കെ ആണെങ്കില്‍ നെക്സ്റ്റ് എന്ന് പറഞ്ഞ് ഞാന്‍ അടുത്ത പരിപാടിക്ക് പോകും. ഈ സീന്‍ ഓക്കെ ആണെന്ന് ഞാന്‍ പറയില്ല. അവരെ പ്രശംസിക്കുകയുമില്ല.

അങ്ങനെ ഒരിക്കല്‍ ഞാന്‍ സീന്‍ കഴിഞ്ഞ് അടുത്ത സീന്‍ എടുക്കാന്‍ പോകാന്‍ ആഞ്ഞതും മമ്മൂക്ക എന്നെ വിളിച്ചു. ‘നീ എന്ത് ദ്രോഹമാണ് ചെയ്യുന്നത്. നീ ആക്ടേഴ്‌സിനെ ഒട്ടും മതിക്കാത്ത ആളാണ്’ എന്നും പറഞ്ഞ് ഒരുപാട് ചീത്ത കേട്ടു.

അസോസിയേറ്റ് ആയിട്ട് വര്‍ക്ക് ചെയ്ത് പിന്നീട് ഡയറക്ടറായ എല്ലാവര്‍ക്കും ഈ പ്രശ്‌നമുണ്ട്. നമ്മള്‍ സമയത്തെ കുറിച്ച് ഒരുപാട് ബോധമുള്ളവരാകും. സമയം കളയാന്‍ പറ്റില്ല. ഒരു ഷോട്ട് കഴിഞ്ഞാല്‍ അത് ഒക്കെ ആണെങ്കില്‍ അതില്‍ എന്താണ് പറയാന്‍ ഉള്ളത് എന്ന ചിന്തയാകും നമുക്ക് ഉണ്ടാവുക.

എന്റെ മൈന്‍ഡ് സെറ്റ് അങ്ങനെയായിരുന്നു. അതിനിടയിലാണ് മമ്മൂക്ക ഒരു ദിവസം വിളിച്ചിരുത്തി സംസാരിക്കുന്നത്. ‘നീ ആക്ടര്‍ ആയാല്‍ മാത്രമേ നിനക്ക് ഇത് മനസിലാകുകയുള്ളൂ. നിന്റെ ഡയറക്ടര്‍ എത്ര ചെറുതോ വലുതോ ആയിക്കോട്ടെ, പെര്‍ഫോം ചെയ്ത് കഴിഞ്ഞാല്‍ അയാള്‍ ഒക്കെയാണ് കൊള്ളാം എന്ന് പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹമുണ്ടാകും. ഒരു ആക്ടറിന് ആദ്യമായി കിട്ടുന്ന പ്രശംസയാണ് അത്. അതാണ് നീ നിഷേധിക്കുന്നത്. ഇത് വലിയ ക്രൂരതയാണ്’ എന്ന് പറഞ്ഞു.

അതിന് ശേഷം പുതിയ ആളുകളെ വെച്ച് പടം ചെയ്യുമ്പോള്‍ അത് ജൂനിയര്‍ അര്‍ട്ടിസ്റ്റ് ആണെങ്കില്‍ പോലും ഞാന്‍ ആ ഷോട്ട് കഴിഞ്ഞ് നന്നായിരുന്നു എന്ന് പറയും. കാരണം ഞാന്‍ ക്യാമറയുടെ മുന്നില്‍ പോയി നിന്നപ്പോള്‍ എനിക്ക് അത് വ്യക്തമായി മനസിലായി.

ഇയാള്‍ക്ക് ഇഷ്ടമായോ, എന്താണ് ചിരിക്കാത്തത്, ഇനി ചെയ്തത് ഇഷ്ടമാകാത്തത് കൊണ്ടാണോ എന്നൊക്കെ ഞാന്‍ ചിന്തിക്കും. ആക്ടറായതിന് ശേഷം എനിക്ക് മനസിലായി. എന്നാല്‍ മമ്മൂക്ക ഇതിനെ പറ്റി ആദ്യമെ പറഞ്ഞു തന്നിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About A Incident With Mammootty