| Saturday, 25th May 2024, 9:35 am

ജോണി ആന്റണി ചെയ്ത ആ ചിത്രം ഫഹദിനെയും വിനീതിനെയും വെച്ച് ഞാൻ തീരുമാനിച്ചതായിരുന്നു: ലാൽ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. ക്ലാസ്മേറ്റ്സ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം തനിക്ക് ഫഹദ് ഫാസിലിനെയും വിനീത് ശ്രീനിവാസനെയും നായകൻമാരാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് ആ തീമിൽ ജോണി ആന്റണി സൈക്കിൾ എന്ന ചിത്രം ചെയ്‌തെന്നും ലാൽ ജോസ് പറയുന്നു.

‘ക്ലാസ്‌മേറ്റ്സ് സിനിമ കഴിഞ്ഞ് ഞാനും ജെയിംസ് ആല്‍ബര്‍ട്ടും ചേര്‍ന്ന് ഒരു സിനിമ ആലോചിച്ചിരുന്നു. ക്ലാസ്‌മേറ്റ്‌സിന്റെ ഡബ്ബിങ്ങ് സമയത്തായിരുന്നു അത്. അന്ന് ഞാന്‍ ആ സിനിമക്കായി പറഞ്ഞ ഒരു കാസ്റ്റിങ്ങായിരുന്നു ശ്രീനിയേട്ടന്റെ മകന്‍ വിനീതും പാച്ചിക്കയുടെ മകന്‍ ഫഹദും.

പഴയ ഇംഗ്ലീഷ് സിനിമകളില്‍ നായകന്മാരായി ഒരു വൈറ്റും ഒരു ബ്ലാക്കും വരുന്ന രീതിയുണ്ട്. ടെറന്‍സ് ഹിലും മറ്റൊരാളും അല്ലെങ്കില്‍ എഡ്ഡി മര്‍ഫി കൂടെയൊരാളും പോലെ. അത്തരത്തിലുള്ള ഒരു ഫണ്‍ ഫിലിം ഇങ്ങനെയുള്ള രണ്ടുപേരെ ഒരുമിച്ച് കൊണ്ട് ചെയ്യാനായിരുന്നു പ്ലാന്‍.

രണ്ടുപേരും അറിയപ്പെടുന്ന ആളുകളുടെ മക്കളാണ്. പിന്നെ രണ്ടുപേരും അഭിനയിക്കുമെന്നും എനിക്കറിയാം. അവരെ നായകന്മാരാക്കി ഒരു സിനിമ ആലോചിക്കാമെന്ന് പറഞ്ഞു. പക്ഷെ ആ സിനിമ ചെയ്തത് ജോണി ആന്റണിയാണ്. അതാണ് സൈക്കിള്‍ എന്ന സിനിമ.

ഞാന്‍ അന്ന് ആലോചിച്ചത് ബെംഗളൂരുവില്‍ വെച്ചിട്ടുള്ള വേറെ ഒരുതരം സിനിമയായിരുന്നു. ജോണി ആന്റണിയുമായി ഒരു സിനിമ ചെയ്യണമെന്ന് വന്നപ്പോഴാണ് അവര്‍ കാസ്റ്റിങ്ങ് അങ്ങനെ ആലോചിച്ച് വിനീതിനെയും വിനുവിനെയും നായകന്മാരാക്കി ഒരു സിനിമയെടുത്തത്,’ ലാല്‍ ജോസ് പറഞ്ഞു.

ലാല്‍ ജോസ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് മന്ദാകിനി. അനാര്‍ക്കലി മരയ്ക്കാര്‍, അല്‍ത്താഫ് സലിം എന്നിവര്‍ ഒന്നിച്ച ചിത്രം ഒരു കോമഡി എന്റര്‍ടൈനറാണ്.

ചിത്രത്തില്‍ ലാല്‍ ജോസിന് പുറമെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

Content Highlight:  Lal Jose Talk About Jhony Antony’s Cycle Movie

We use cookies to give you the best possible experience. Learn more