|

പൃഥ്വി സെന്റി ചെയ്താല്‍ ആളുകള്‍ ചിലപ്പോള്‍ കൂവുമെന്നാണ് അവരെന്നോട് പറഞ്ഞത്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്- ലാല്‍ ജോസ് കൂട്ടുകെട്ടില്‍ 2012ല്‍ റിലീസായ ചിത്രമാണ് അയാളും ഞാനും തമ്മില്‍. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. മികച്ച നടന്‍, സംവിധായകന്‍, ജനപ്രിയ ചിത്രം, മികച്ച ഹാസ്യനടന്‍ എന്നീ വിഭാഗങ്ങളിലെ അവാര്‍ഡാണ് ചിത്രം നേടിയത്. പൃഥ്വിരാജ് എന്ന നടന്‍ അതിഭീകരമായ സൈബര്‍ അറ്റാക്ക് നേരിടുന്ന കാലത്ത് റിലീസായ ചിത്രം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. താന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും സ്‌പെഷ്യലായിട്ടുള്ള ചിത്രങ്ങളില്‍ ഒന്നായാണ് അയാളും ഞാനും തമ്മിലിനെ കാണുന്നതെന്ന് ലാല്‍ ജോസ് പറഞ്ഞു. ഇന്ന് കാണുന്ന രൂപത്തിലല്ല ആദ്യം കേട്ട കഥയെന്നും താനും ബോബി സഞ്ജയ്മാരും ഒരുപാട് തിരുത്തലുകള്‍ വരുത്തിയിരുന്നെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. കാമുകിക്ക് പകരം അമ്മ മരിക്കുന്നതായാണ് ആദ്യം കഥയെഴുതിയതെന്നും പിന്നീട് താനാണ് അത് കാമുകിയാക്കിയതെന്നും ലാല്‍ ജോസ് പറഞ്ഞു.

പൃഥ്വിരാജ് വലിയൊരു സൈബര്‍ അറ്റാക്ക് നേരിടുന്ന കാലമായിരുന്നു അതെന്നും ഇതുപോലെ സെന്റിമെന്റ്‌സിന് പ്രാധാന്യമുള്ള സിനിമ പൃഥ്വിയെ വെച്ച് ചെയ്യണോ എന്ന് സിനിമയിലെ തന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ റിലീസ് സമയത്ത് പൃഥ്വിയോട് വിരോധമുള്ള ചിലര്‍ മനഃപൂര്‍വം കൂവാന്‍ വന്നിരുന്നെന്നും എന്നാല്‍ സിനിമ തുടങ്ങിയ ശേഷം അവരാ ചിത്രത്തില്‍ ലയിച്ചിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ കരിയറില്‍ ചെയ്ത സിനിമകളില്‍ ഏറ്റവും സ്‌പെഷ്യലായിട്ടുള്ള ഒന്നാണ് അയാളും ഞാനും തമ്മില്‍. പൃഥ്വി വഇയാണ് ബോബി സഞ്ജയ്മാര്‍ എന്റെയടുത്ത് കഥ പറയാന്‍ വന്നത്. ഇന്ന് കാണുന്നതുപോലെയായിരുന്നില്ല ആ കഥ ആദ്യം കേട്ടത്. കാമുകിക്ക് പകരം അമ്മക്ക് സുഖമില്ലാതെ നാട്ടില്‍ പോകുന്നതായിട്ടായിരുന്നു ആദ്യം എഴുതിയിരുന്നത്. ഞാനാണ് അത് തിരുത്തി കാമുകിയാക്കിയത്. അങ്ങനെ ചില മാറ്റങ്ങള്‍ ആ സ്‌ക്രിപ്റ്റില്‍ വരുത്തിയിരുന്നു.

അന്നത്തെ കാലമെന്ന് പറഞ്ഞാല്‍ പൃഥ്വിക്ക് നേരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നടക്കുന്ന സമയമായിരുന്നു. ആ സമയത്ത് ഇതുപോലൊരു ഇമോഷണല്‍ ഡ്രാമ പൃഥ്വിയെ വെച്ച് ചെയ്യുന്ന്ത റിസ്‌കാണെന്ന് പലരും പറഞ്ഞു. പൃഥ്വി സെന്റി ചെയ്താല്‍ തിയേറ്ററില്‍ ആളുകള്‍ കൂവുമെന്നൊക്കെ സിനിമയിലെ എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. പക്ഷേ പടം റിലീസായപ്പോള്‍ കൂവാന്‍ വന്നനര്‍ പോലും കൈയടിച്ചു എന്നൊക്കെയാണ് ഞാന്‍ കേട്ടത്,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose shares the memories of Ayalum Njanum Thammil Movie