ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എല്ലാവരെയും ബോധിപ്പിക്കാന്‍ വേണ്ടിയാണ് ആ സീന്‍ ചെയ്തത്: ലാല്‍ ജോസ്
Entertainment news
ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എല്ലാവരെയും ബോധിപ്പിക്കാന്‍ വേണ്ടിയാണ് ആ സീന്‍ ചെയ്തത്: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th September 2023, 8:45 pm

തന്റെ സിനിമാ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും, സിനിമകള്‍ ഷൂട്ട് ചെയ്ത ഓര്‍മകളും പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

മലയാള സിനിമയിലെ എക്കാലത്തെയും ഐക്കോണിക്ക് ആയ സിനിമകളില്‍ ഒന്നായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006ല്‍ റിലീസ് ചെയ്ത ക്ലാസ്‌മേറ്റ്‌സ്. വലിയ ഹിറ്റായി മാറിയ സിനിമയുടെ ഷൂട്ടിങ് ദിനങ്ങള്‍ എന്നാല്‍ ഒട്ടും ശുഭകരമായിരുന്നില്ല എന്നാണ് ലാല്‍ ജോസ് പറയുന്നത്.

അനിയന്റെ 14 ദിവസം മാത്രം പ്രായമുള്ള കുഞിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് കഴിഞ്ഞ് അടുത്ത ദിവസമാണ് ക്ലാസ്സ്‌മേറ്റ്‌സ് ഷൂട്ടിങ് തുടങ്ങുന്നതെന്നും അതിനാല്‍ തന്നെ മാനസികമായി സിനിമാ ഷൂട്ട് ചെയ്യാന്‍ തയ്യാറെടുത്തിരുന്നില്ലെന്നും ലാല്‍ ജോസ് പറയുന്നു.

ഷൂട്ടിങിന്റെ ആദ്യ ദിവസം എല്ലാവരും ഉണ്ടായിരുന്നപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എന്തെങ്കിലും ഷൂട്ട് ചെയ്ത് ആളുകളെ ബോധിപ്പിക്കാനാണ് സിനിമയില്‍ പിന്നീട് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട നരേയെന്റെ രംഗം ഷൂട്ട് ചെയ്തതെന്ന് ലാല്‍ ജോസ് പറയുന്നു.

‘എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ലൈബ്രറിയില്‍ എന്‍.എം കക്കാടിന്റെ സാഫലമീ യാത്ര എന്ന പുസ്തകം ഉണ്ടോ എന്ന് നോക്കാന്‍ പറഞ്ഞത്. അതിലെ കാലം ഇനിയും ഉരുളും വിഷു വരും, വര്‍ഷം വരും, എന്ന വരികള്‍ ഒരു പേപ്പറില്‍ എഴുതി നരേന് കൊടുത്തു,’ ലാല്‍ ജോസ് പറയുന്നു.

ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എവിടെ അത് ഉപയോഗിക്കണം എന്ന് അറിയില്ലായിരുന്നുവെന്നും പിന്നീട് അതൊക്കെ ചിന്തിക്കാം എന്ന് കരുതിയാണ് അത് എടുത്തതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഒരു സംവിധായകന്റെ രക്ഷപ്പെടലിന് വേണ്ടിയാണ് ആ സീന്‍ ഷൂട്ട് ചെയ്തത് എന്നാണ് ലാല്‍ ജോസ് പറയുന്നത്. സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Content Highlight: Lal jose shares the memmories of classmates movie shooting days