| Thursday, 17th October 2024, 11:57 am

ആ സിനിമ ഹിറ്റായിട്ടും അതുകൊണ്ട് തനിക്കൊരു ഗുണവുമില്ല എന്ന് ഇന്ദ്രജിത് പരാതി പറഞ്ഞിരുന്നു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. മമ്മൂട്ടിയെ നായകനാക്കി 1998ല്‍ പുറത്തിറക്കിയ ഒരു മറവത്തൂര്‍ കനവിലൂടെയാണ് ലാല്‍ ജോസ് സ്വതന്ത്രസംവിധായകനാകുന്നത്. ആദ്യസിനിമ തന്നെ ഹിറ്റാക്കി മാറ്റിയ ലാല്‍ ജോസ് പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. മീശമാധവന്‍, ക്ലാസ്‌മേറ്റസ്, അറബിക്കഥ, അയാളും ഞാനും തമ്മില്‍, വിക്രമാദിത്യന്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍ അണിയിച്ചൊരുക്കിയ ലാല്‍ ജോസ് അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചു.

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2010ല്‍ റിലീസായ ചിത്രമാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി. ആന്‍ അഗസ്റ്റിന്‍ എന്ന നടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം വലിയ വിജയമായി മാറി. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രം ഹിറ്റായ ശേഷം ഇന്ദ്രജിത് തന്നെ വിളിച്ച് പരാതി പറഞ്ഞെന്ന് പറയുകയാണ് ലാല്‍ ജോസ്.

ആ ചിത്രം ഹിറ്റായതിന്റെ സന്തോഷത്തില്‍ ഇരുന്നപ്പോഴാണ് ഇന്ദ്രജിത് തന്നെ വിളിച്ചതെന്ന് ലാല്‍ ജോസ് പറഞ്ഞു. ആ സിനിമ കൊണ്ട് തനിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നാണ് ഇന്ദ്രജിത് പറഞ്ഞതെന്ന് ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബനും ആന്‍ അഗസ്റ്റിനും ഗുണമുണ്ടായേക്കും തനിക്ക് ഗുണമില്ലെന്ന് ഇന്ദ്രജിത് പറഞ്ഞെന്നും ലാല്‍ ജോസ് പറഞ്ഞു.

തനിക്ക് ഗുണമുണ്ടാകാന്‍ വേണ്ടിയല്ല സിനിമ ചെയ്തതെന്നും സിനിമക്കും നിര്‍മാതാവിനും ഗുണം ചെയ്യാനാണെന്നും അത് ഉണ്ടായെന്നും താന്‍ മറുപടി നല്‍കിയെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. വിജയിച്ചിട്ടും അതിന്റെ സന്തോഷം ആസ്വദിക്കാന്‍ സാധിക്കാതെ പോയെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്‍സമ്മ എന്ന ആണ്‍കുട്ടി തിയേറ്ററില്‍ ഹിറ്റായി എന്ന് അറിഞ്ഞിട്ട് ഹാപ്പിയായി ഇരുന്നപ്പോഴാണ് ഇന്ദ്രജിത് വിളിച്ചത്. അവന്‍ വിളിച്ചിട്ട്, ‘ചേട്ടാ, ഈ സിനിമ കൊണ്ട് എനിക്ക് യാതൊരു ഗുണവും ഉണ്ടാകില്ല, ചാക്കോച്ചനും ആനിനും ഗുണമുണ്ടായേക്കും,’ എന്ന് പറഞ്ഞു. നിനക്ക് ഗുണമുണ്ടാകാന്‍ വേണ്ടിയല്ല സിനിമ ചെയ്യുന്നത്. സിനിമക്കും അതിന്റെ നിര്‍മാതാവിനും ഗുണമുണ്ടാകണം എന്ന ചിന്തയിലാണ് ഈ പടം ചെയ്തത്. അത് ലക്ഷ്യം കണ്ടു.

നിന്റെ ക്യാരക്ടറിന് ഒരു പോസിറ്റീവ് എന്‍ഡിങ് കൊടുത്തിട്ടുണ്ട്. അതും പോരാതെ ഒരു സോങ്ങും നിനക്ക് തന്നിട്ടുണ്ട്. നിനക്ക് മാത്രം എന്തുകൊണ്ട് ഗുണമില്ല എന്ന് ചിന്തിക്കുന്നതിന്റെ അര്‍ത്ഥം മനസിലായില്ല. ഈ പടത്തിന്റെ പരസ്യത്തിലും ബാക്കി കാര്യത്തിലും നിനക്കും കൂടി ഇംപോര്‍ട്ടന്‍സ് കൊടുത്തിട്ടുണ്ട് എന്ന് ഞാന്‍ ഇന്ദ്രജിത്തിനോട് പറഞ്ഞു. സിനിമ വിജയിച്ചിട്ടും അതിന്റെ സന്തോഷം അനുഭവിക്കാന്‍ പറ്റാതെ പോയ അവസ്ഥയായിപ്പോയി അത്,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose shares the experience of Elsamma Enna Aankutty

We use cookies to give you the best possible experience. Learn more