മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ലാല്‍ ജോസ്. മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവ് എന്ന ചിത്ത്രിലൂടെയാണ് ലാല്‍ ജോസ് സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് മീശമാധവന്‍, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഫഹദ് ഫാസിലിനെക്കുറിച്ച് മമ്മൂട്ടി തന്നോട് പറഞ്ഞ കമന്റ് പങ്കുവെക്കുകയാണ് ലാല്‍ ജോസ്.
അഭിനയത്തിനെ റീഡിഫൈന്‍ ചെയ്യുന്ന നടനാണ് ഫഹദെന്ന് താന്‍ പണ്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നെന്നും പലരും അന്നത് കാര്യമാക്കിയില്ലെന്നും ലാല്‍ ജോസ് പറഞ്ഞു. എന്നാല്‍ മമ്മൂട്ടി ഇക്കാര്യം തന്നോട് ചോദിച്ചെന്നും എന്തുകൊണ്ടാണ് ഫഹദിനെപ്പറ്റി അങ്ങനെ പറഞ്ഞതെന്ന് താന്‍ വിശദമാക്കി കൊടുത്തെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ഡയമണ്ട് നെക്ലേസിന്റെ ഷൂട്ടിന് ശേഷമാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും മമ്മൂട്ടിക്ക് ആ സിനിമയിലെ ഒരു സീന്‍ കാണിച്ചുകൊടുത്തെന്നും ലാല്‍ ജോസ് പറഞ്ഞു.
ആ സിനിമയില്‍ ഫഹദിന്റെ കഥാപാത്രം ലേബര്‍ ക്യാമ്പില്‍ നിന്ന് വീണ്ടും സംവൃതയുടെ ഫ്‌ളാറ്റിലേക്ക് വരുന്ന സീന്‍ ഉണ്ടെന്നും ആ കഥാപാത്രം തന്റെ സുഹൃത്തിന്റെ മുന്നില്‍ ഒന്നുമല്ലാതാകുന്ന സാഹചര്യമാണ് അതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ആ സീനില്‍ ഫഹദിന്റെ കണ്ണില്‍ ഒരു പ്രത്യേക ഭാവം ഉണ്ടായിരുന്നെന്നും മറ്റൊരു നടനിലും അത് കണ്ടിട്ടില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.
ആ സീന്‍ കണ്ടിട്ട് പഹയന്‍ കാലനാണല്ലോ എന്നാണ് മമ്മൂട്ടി തന്നോട് പറഞ്ഞതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫഹദിനെക്കുറിച്ച് ഞാന്‍ പണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്. അയാള്‍ ആക്ടിങ്ങിനെ റീഡിഫൈന്‍ ചെയ്യാന്‍ കഴിവുള്ള നടനാണ്’ എന്നാണ് അന്ന് പറഞ്ഞത്. ഡയമണ്ട് നെക്ലേസിന്റെ സമയത്ത് എങ്ങാണ്ടാണ് അത് പറഞ്ഞത്. അന്ന് ആരും അതത്ര കാര്യമാക്കിയില്ല. പക്ഷേ മമ്മൂക്ക അതിനെപ്പറ്റി എന്നോട് ചോദിച്ചു. ‘എന്താണ് ഈ ആക്ടിങ്ങിനെ റീഡിഫൈന്‍ ചെയ്യുക എന്ന് പറഞ്ഞാല്‍’ എന്നാണ് മമ്മൂക്ക ചോദിച്ചത്. എന്റെ ഫോണില്‍ ഡയമണ്ട് നെക്ലേസിലെ ഒരു സീന്‍ ഉണ്ടായിരുന്നു.
ഫഹദിന്റെ ക്യാരക്ടര്‍ ലേബര്‍ ക്യാമ്പില്‍ നിന്ന് സംവൃയുടെ ഫ്‌ളാറ്റിലേക്ക് മാറുന്ന സീനാണ് അത്. അതുവരെ ആ ക്യാരക്ടറിന്റെ മുന്നില്‍ വലിയ സംഭവമാണെന്ന് പറഞ്ഞുവെച്ച ഫഹദ് അവരുടെ മുന്നില്‍ ഒന്നുമല്ലാതായിരിക്കുന്ന സീനാണ്. ആ ഫ്‌ളാറ്റിന്റെ ഡോറിന്റെ അവിടെ എത്തിയിട്ട് സംവൃതയെ നോക്കുന്ന ഷോട്ട് ഉണ്ട്. ആ സമയത്ത് ഫഹദിന്റെ കണ്ണില്‍ വല്ലാത്ത ഒരു ഭാവമായിരുന്നു. മമ്മൂക്ക അത് കണ്ടിട്ട് ‘പഹയന്‍ കാലനാണല്ലോ’ എന്ന് എന്നോട് പറഞ്ഞു. പുള്ളിക്കും ഞാന്‍ പറഞ്ഞത് സത്യമാണെന്ന് മനസിലായി,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Lal Jose shares the comment of Mammootty about Fahadh Faasil