മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ ഒടുവില്‍ ഉണ്ണികൃഷ്ണനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. താന്‍ കമലിന്റെയും സത്യന്‍ അന്തിക്കാടിന്റെയും അസോസിയേറ്റായി നടക്കുന്ന കാലം മുതല്‍ക്ക് ഒടുവില്‍ ഉണ്ണികൃഷ്ണനുമായി പരിയമുണ്ടായിരുന്നെന്ന് ലാല്‍ ജോസ് പറഞ്ഞു.
താന്‍ ചെയ്ത എല്ലാ സിനിമകളിലും അദ്ദേഹത്തിന് ഒരു വേഷം മാറ്റിവെക്കുമെന്നും ചുരുക്കം ചില സിനിമകളില്‍ മാത്രമേ അങ്ങനെ ഇല്ലാത്തതായിട്ടുള്ളൂവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയെ നായകനാക്കി താന്‍ സംവിധാനം ചെയ്ത രണ്ടാം ഭാവം എന്ന സിനിമയില്‍ അദ്ദേഹത്തിന് ഒരു വേഷം നല്‍കിയെന്നും മികച്ച രീതിയില്‍ ആ വേഷം ചെയ്തുവെന്നും ലാല്‍ ജോസ് പറഞ്ഞു.
ആ സിനിമയുടെ കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ അടുത്തേക്ക് വിളിച്ച് താന്‍ എന്തിനാണ് ഇത്തരം അടിയും ഇടിയുമൊക്കെയുള്ള സിനിമയെടുക്കുന്നതെന്ന് ചോദിച്ചെന്നും തനിക്ക് നല്ലത് സത്യന്‍ അന്തിക്കാട് ടൈപ്പ് സിനിമകളാണെന്ന് പറഞ്ഞെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ഈ പടം എന്തായാലും പൊട്ടുമെന്നും അടുത്ത പടം വലിയ ഹിറ്റാകുമെന്ന് പറഞ്ഞ് തന്നെ സമാധാനിപ്പിച്ചെന്നും ലാല്‍ ജോസ് പറഞ്ഞു.
ഷൂട്ട് തുടങ്ങാന്‍ രണ്ട് ദിവസം ബാക്കിയുള്ളപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത് കേട്ട് താന്‍ വല്ലാതായെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. അന്ന് രാത്രി അദ്ദേഹം സ്വല്പം മദ്യപിച്ച് വീണ്ടും തന്നെ വിളിച്ചെന്നും അതേ കാര്യം വീണ്ടും പറഞ്ഞെന്നും അതുപോലെ തന്നെ ആ സിനിമ പരാജയമായെന്നും ലാല്‍ ജോസ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ കമല്‍ സാറിന്റെയും സത്യേട്ടന്റെയും അസോസിയേറ്റായി നില്‍ക്കുന്ന കാലം മുതല്‍ക്കേ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനുമായി നല്ല സൗഹൃദത്തിലായിരുന്നു. എന്റെ എല്ലാ പടത്തിലും അദ്ദേഹത്തിന് ഒരു വേഷം ഞാന്‍ മാറ്റിവെക്കുമായിരുന്നു. അങ്ങനെ രണ്ടാം ഭാവം എന്ന സിനിമയിലും അദ്ദേഹത്തിന് ഒരു വേഷം നല്‍കി. ഒരു വക്കീലിന്റെ വേഷമായിരുന്നു പുള്ളി ചെയ്തത്.
ആ പടത്തിന്റെ കഥ കേട്ട ശേഷം പുള്ളി എന്നെ അടുത്തേക്ക് വിളിച്ചിട്ട് ‘ഈ കഥ നിനക്ക് ആരാ കൊണ്ടുവന്നത്’ എന്ന് ചോദിച്ചു. എനിക്ക് ഒന്നും മനസിലായില്ല. ‘നീ എന്തിനാ ഈ വെടിയും പുകയുമൊക്കെയുള്ള സിനിമ ചെയ്യുന്നത്. നിനക്ക് കമലിനെയും സത്യനെയും പോലെ നാട്ടിന്‍പുറത്തെ കഥയേ ചേരുള്ളൂ. ഈ സിനിമ എന്തായാലും പൊട്ടും’ എന്ന് പറഞ്ഞിട്ട് പുള്ളി പോയി. ഷൂട്ടിന് രണ്ട് ദിവസം മുമ്പ് ഇങ്ങനെ കേട്ടപ്പോള്‍ ഞാന്‍ വല്ലാത്ത അവസ്ഥയിലായി.
അന്ന് രാത്രി പുള്ളി രണ്ട് ബിയറൊക്കെ കഴിച്ചിട്ട് വീണ്ടും എന്നെ വിളിച്ചു. ‘രാവിലെ അങ്ങനെ പറഞ്ഞുപോയി. നീ അത് വിട്ടുകള’ എന്ന് പറഞ്ഞു. സോറി പറയുമായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ, ‘ഈ പടം എന്തായാലും പൊട്ടും. അതുകൊണ്ടൊന്നും നീ ഫീല്‍ഡ് ഔട്ട് ആകില്ല. അടുത്ത പടം വലിയ ഹിറ്റാകും’ എന്ന് പറഞ്ഞ് പുള്ളി വീണ്ടും പോയി. അദ്ദേഹം പറഞ്ഞതുപോലെ സംഭവിച്ചു. രണ്ടാം ഭാവം ഫ്‌ളോപ്പായി. അത് കഴിഞ്ഞ് ചെയ്ത മീശമാധവന്‍ വലിയ ഹിറ്റായി,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose shares his bond with Oduvil Unnikrishnan